Sunday, July 22, 2018

മീശ പിരിക്കേണ്ടത് ആര്‍ക്കുനേരെ?



കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ അധീശാധികാരമുള്ള സവര്‍ണ ഹിന്ദു പാരന്പര്യത്തിന്റെ സാംസ്കാരിക പിന്തുടര്‍ച്ച അവകാശപ്പെടുകയും അത് മൂലധനമാക്കി പ്രവര്‍ത്തിക്കുകയും അതിന്റെ പിന്‍ബലത്തില്‍ മാധ്യമ വ്യവസായം കെട്ടിപ്പടുക്കുകയും ചെയ്ത സ്ഥാപനമാണ് മാതൃഭൂമി. കേരളീയത എന്നത്, സവര്‍ണ ഹിന്ദു ആചാരങ്ങളാണ് എന്ന് സ്ഥാപിച്ചെടുക്കുന്നതില്‍, പിന്നാക്ക-ദുര്‍ബല വിഭാഗങ്ങളെ അപരവത്കരിക്കുന്നതില്‍, പ്രതിലോമകരമായ ഹിന്ദുത്വ അജണ്ടകള്‍ക്ക് കേരളത്തില്‍ പൊതുസ്വീകാര്യത സൃഷ്ടിക്കുന്നതിലുമെല്ലാം നേതൃപരമായ പങ്കുവഹിക്കുന്ന സ്ഥാപനം. അപ്പണി ചെയ്യുന്പോള്‍ പോലും മതേതര-ലിബറല്‍ വേഷമണിഞ്ഞവരുടെ കൈയ്യടി നിര്‍ലോഭം ലഭിക്കുന്ന സ്ഥാപനം. അഥവ ഹിന്ദു വര്‍ഗീയവാദികളുടെയും അവരെ എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവരുടെയും പിന്തുണ ഒരേസമയം ഒരുപോലെ ഉറപ്പാക്കാന്‍ കഴിയുന്ന അപൂര്‍വ മാധ്യമ സ്ഥാപനം. അവരാണ് സംഘ്പരിവാര്‍ ഭീഷണിയുടെ പേരില്‍ എസ് ഹരീഷിന്റെ നോവല്‍ പിന്‍വലിച്ചിരിക്കുന്നത്. നോവല്‍, എഴുത്തുകാരന്‍ സ്വയംപിന്‍വലിച്ചതാണ് എന്ന മാതൃഭൂമിയുടെ ന്യായവാദം അത്രയെളുപ്പം വിഴുങ്ങാനാവില്ല. മാതൃഭൂമിയെപ്പോലെ കേരളത്തില്‍ ഇത്രമേല്‍ സ്വാധീനശേഷിയുള്ള ഒരു സ്ഥാപനം സ്വയം തീരുമാനിക്കാതെ ഹരീഷിനെപ്പോലൊരു എഴുത്തുകാരന് ഇങ്ങിനെ തോറ്റ് പിന്‍മാറേണ്ടിവരില്ല എന്നുറപ്പാണ്. ഇത്രമേല്‍ സാമൂഹിക മൂലധനമുള്ള മാതൃഭൂമി, ആ നോവല്‍ പ്രസിദ്ധീകരിക്കുക തന്നെചെയ്യുമെന്ന് ഉറക്കെ പറഞ്ഞിരുന്നെങ്കില്‍ കേരളത്തില്‍ ഈ അന്യായം സംഭവിക്കുകപോലുമില്ലായിരുന്നു. പക്ഷെ മറിച്ചാണ് സംഭവിച്ചത്. 



ഹരീഷിനെതിരെ നടന്ന ആക്രമണങ്ങളോട് ഈ ദിവസങ്ങളിലെല്ലാം മാതൃഭൂമി കടുത്ത നിശ്ശബ്ദത പാലിച്ചു. നോവല്‍‍ പിന്‍വലിച്ച വാര്‍ത്തയില്‍പോലും ഭീഷണിയുയര്‍ത്തിയത് സംഘ്പരിവാറാണ് എന്ന് പറയാന്‍ തയാറായില്ല. ഹരീഷിനെതിരായ സംഘ്പരിവാര്‍ ആക്രമണങ്ങളെ മൌനംകൊണ്ട് പിന്തുണച്ച്, ആ നോവല്‍ പിന്‍വലിക്കാന്‍ എഴുത്തുകാരനെ നിര്‍ബന്ധിതമാക്കുകയാണ് മാതൃഭൂമി ചെയ്തത്. ആവിഷ്കാര സ്വാതന്ത്ര്യവും ഹിന്ദു ഫാഷിസവും നേര്‍ക്കുനേര്‍ ഏറ്റമുട്ടുന്പോള്‍ ഞങ്ങള്‍ തീവ്ര ഹിന്ദുത്വത്തിന് ഒപ്പമേ നില്‍ക്കൂവെന്നാണ് ഈ നടപടിയിലൂടെ മാതൃഭൂമി പ്രഖ്യാപിക്കുന്നത്. കേരളീയ പൊതുസമൂഹത്തിലേക്ക് പരസ്യമായും രഹസ്യമായും ഹിന്ദുത്വ വര്‍ഗീയതയെ കടത്തിവിടുന്ന മാതൃഭൂമിയുടെ ഒളിയജണ്ടകളെക്കൂടി ചോദ്യംചെയ്യാതെ ഹരീഷിന് വേണ്ടിയുള്ള ഐക്യദാര്‍ഡ്യം പൂര്‍ണമാകില്ല.

(FB post on 21-07-18)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...