Sunday, July 22, 2018

ഇനി യൂറോ കപ്പല്ല, ആഫ്രോ കപ്പാണ്

ഫ്രാന്‍സ് ടീം അംഗങ്ങള്‍ കളിക്കളത്തിലെ ആഘോത്തില്‍

ഈ ലോകകപ്പ് ഫുട്ബോളിനെ കളിയഴക് കൊണ്ട് സവിശേഷമാക്കിയത് ആഫ്രിക്കയില്‍നിന്നെത്തിയ ടീമുകളായിരുന്നു. സെനഗല്‍, മൊറോക്കോ, നൈജീരിയ, തുനീഷ്യ, ഈജിപ്ത് എന്നിവര്‍. ഇതില്‍ തന്നെ സെനഗലും മൊറോക്കോയും ഫുട്ബോള്‍ പ്രേമികളുടെ മനംകവര്‍ന്നു. ഗ്രൂപ്പില്‍ രണ്ടാമതായിട്ടും ഫെയര്‍ പ്ലേയുടെ പേരിലാണ് സെനഗല്‍  പുറത്തായത്. മൊറോക്കോയുടെ തോല്‍വി സൃഷ്ടിച്ച വിവാദം ഫിഫയെത്തന്നെ പ്രതിക്കൂട്ടില്‍നിര്‍ത്തി. നൈജീരിയയും പൊരുതിത്തോറ്റാണ് മടങ്ങിയത്. ആഫ്രിക്കന്‍ ടീമുകളുടെ പുറത്താകല്‍ മുന്പെങ്ങുമില്ലാത്തവിധം ഫിട്ബോള്‍ പ്രേമികളെ നിരാശരാക്കുകയും ചെയ്തു.
ആഫ്രിക്കന്‍ ടീമുകള്‍ക്ക് പിന്നാലെ ക്വാര്‍ട്ടറില്‍ നിന്ന് ലാറ്റിനമേരിക്കക്കാര്‍കൂടി പുറത്തായത് വലിയ നിരാശ പടര്‍ത്തി. ലാറ്റിനമേരിക്കന്‍ ആരാധകര്‍ക്ക് മഹാഭൂരിപക്ഷമുള്ള കേരളത്തില്‍ വിശേഷിച്ചും. ലോകകപ്പിന്റെ ആഗോള സ്വഭാവം നഷ്ടമായെന്നും അത് യൂറോ കപ്പായി മാറിയെന്നുമൊക്കെയാണ് വിലാപം. എന്നാല്‍ അത്രക്ക് സങ്കപ്പെടാനായിട്ടില്ല എന്നാണ് കളിക്കളത്തിന് പുറത്തെ ചരിത്രം പറയുന്നത്. ആഫ്രിക്കന്‍ പ്രേമികളെയും യൂറോ വിരുദ്ധരെയും ആകര്‍ഷിക്കാന്‍തക്ക ന്യായങ്ങള്‍ ഈ ലോകകപ്പില്‍ ഇനിയും ബാക്കിയുണ്ട്. അതാകട്ടെ അങ്ങേയറ്റം പ്രത്യക്ഷവുമാണ്.

കിലിയന്‍ എംബാപ്പെ
ലോകകപ്പില്‍ ആഫ്രിക്കന്‍ ടീം ഇനിയും ബാക്കിയുണ്ട് എന്നാണ് ഫ്രാന്‍സിനെപറ്റി ഇപ്പോള്‍ പ്രചരിക്കുന്ന തമാശ. അത്രയേറെയുണ്ട് ഫ്രാന്‍സിലെ ആഫ്രിക്കന്‍ താരസാന്നിധ്യം. 23 അംഗ ഫ്രാന്‍സ് ടീമില്‍ 12 പേര്‍ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളുമായി വംശ ബന്ധമുള്ളവരാണ്. കുടിയേറ്റക്കാരായോ അഭയാര്‍ഥികളായോ ഒക്കെ വന്നെത്തിയവരുടെ പിന്‍മുറക്കാര്‍. ടീമിലെ വെറും അംഗങ്ങളുമല്ല ഇവര്‍. ഫ്രാന്‍സിനെ ഓരോമത്സരത്തിലും വിജയത്തിലേക്ക് നയിക്കുന്നവര്‍. ഈ ലോകകപ്പിലെ താരോദയമായി മാറിയ കിലിയന്‍ എംബാപ്പെ തന്നെ ഒന്നാമന്‍. കാമറൂണ്‍-അള്‍ജീരിയ വംശ പരന്പരയിലെ ഫ്രഞ്ച് കണ്ണിയാണ് എംബാപ്പെ. സെമിയില്‍നിന്ന് ഫ്രാന്‍സിനെ ഫൈനലിലേക്ക് നയിച്ച സാമുവല്‍ ഉംറ്റിറ്റി കാമറൂണ്‍ വംശജനാണ്. പ്രധാന താരങ്ങളായ പോള്‍ പോഗ്ബ (ഗനി), ഡെംബലെ (സെനഗല്‍/മാലി), മറ്റൌഡി (അംഗോള/കോംഗോ),  മിഡ്ഫീല്‍ഡിലെ വന്‍ മതില്‍ കാന്റെ (മാലി), മന്‍ഡാന്റ (കോംഗോ), നബീല്‍ ഫാഖിര്‍ (അള്‍ജീരിയ), ആദില്‍ റാമി (മൊറോകോ), ബഞ്ചമിന്‍ മെന്റി (സെനഗല്‍), ജിബ്രില്‍ സിദ്ബെ (സെനഗല്‍), കിംപെന്പെ (കോംഗോ)... ഇവരെല്ലാം ആഫ്രിക്കന്‍ വംശ പാരന്പര്യമുള്ള ഫ്രഞ്ചുകാരാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പുറത്തുപോയാലും ഫ്രാന്‍സുണ്ടല്ലോ ബാക്കി എന്ന് ആശ്വസിക്കാനാകുംവിധം സമൃദ്ധമാണ് ആ സാന്നിധ്യം. 7 ശതമാനമാണ് ഫ്രാന്‍സിലെ ആപ്രിക്കന്‍ വംശജരുടെ ജനസംഖ്യ.

മൂന്നാം സ്ഥാനത്തിന് വേണ്ടി നടക്കുന്ന അടുത്ത മത്സരം ബെല്‍ജിയം, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ തമ്മിലാണെങ്കിലും യഥാര്‍ഥ മത്സരം ആഫ്രിക്കക്കാര്‍ തമ്മിലാണ്. ഇംഗ്ലണ്ടില്‍ ആകെ ജനസംഖ്യയുടെ 10 ശതമാനത്തോളം മാത്രം വരുന്നവരുടെ 11 പ്രതിനിധികളാണ് ഇംഗ്ലീഷ് ടീമിലുള്ളത്. ജമൈക്കന്‍ ബന്ധമുള്ള ആഷ്‍ലെ യങ്, ഡാനി റോസ്, റഹീം സ്റ്റെര്‍ലിങ്, കരീബിയന്‍ വേരുകളുള്ള ലിംഗാര്‍ഡ്, റാഷ്ഫോര്‍ഡ്, ഘാന ബന്ധമുള്ള വെല്‍ബാക്, ഡെല്‍ അലി (നൈജീരിയ)... തുടങ്ങിയവര്‍. എതിരാളികളായ ബെല്‍ജിയത്തെ എല്ലാ നിരയിലും നയിക്കുന്നത് ആഫ്രിക്കന്‍ പാരന്പര്യം തന്നെ. കോംപിനി, ഫെല്ലിനി, ലുകാകു, ഡെംബെല്‍, ബൊയാട്ട, ബാഷ്വായ്, ലാനര്‍ ഷാദ്‍ലി, ടിലെമെന്‍ തുടങ്ങിയവര്‍. അതിവേഗത്തിലും പന്തടക്കത്തിലും ആക്രമണത്തിലും പ്രതിരോധത്തിലുമെല്ലാം ഇവരുടെ കാലുകള്‍ പ്രകടിപ്പിക്കുന്ന വൈദഗ്ധ്യത്തിനുപോലും സാമ്യതയുണ്ടെന്ന് ചിലപ്പോള്‍ തോന്നിപ്പോകും. അതെ, ലോകകപ്പില്‍ ഇനി അവശേഷിക്കുന്നത് യൂറോ കപ്പല്ല, ആഫ്രോ കപ്പാണ്.

അതത് രാജ്യങ്ങളിലെ വംശീയവാദികളുടെ എതിര്‍പുകളെ അതിജീവിച്ചാണ് പല താരോദയങ്ങളുമുണ്ടാകുന്നത്. ഈ കളിക്കാലത്ത്, കാല്‍പന്തു കളിപ്രേമികളുടെ മനസ്സിലിടം നേടിയവര്‍ക്കെല്ലാമുണ്ട് ആഫ്രിക്കയോട് ചേര്‍ന്നുനില്‍ക്കുന്ന വംശ പാരന്പര്യം. ജീവിതത്തിന്റെ അതിസങ്കീര്‍ണമായ ദശാസന്ധികളില്‍ സ്വന്തം വേരുകള്‍ മുറിച്ചെറിഞ്ഞ് പലായനം ചെയതവരോ അതിജീവനത്തിന് വേണ്ടി വന്‍കരകള്‍ താണ്ടിയവരോ ഒക്കെയാണ് ഈ പ്രതിഭകളെ ലോകഫുട്ബോളിന് സമ്മാനിച്ചത്. ജനസംഖ്യയാല്‍ അതിന്യൂനപക്ഷമായ രാജ്യങ്ങളില്‍ പോലും ദേശീയ ഫുട്ബോള്‍ ടീമിനെ, അനുപാതാതീമായ പങ്കാളിത്തത്താല്‍ ഇവര്‍ വേറിട്ടുനിര്‍ത്തുന്നത് അവരുടെ വംശാവലിയില്‍ അന്തര്‍ലീനമായ കളിവൈഭവത്തിന്റെ പാരന്പര്യാംശങ്ങള്‍ തന്നെയാണ്.

(FB post on 12-07-2018)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...