Tuesday, July 10, 2018

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND)

തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രം. ഏതാനും കുട്ടികളെ ഇതിനകം രക്ഷപ്പെടുത്തിക്കഴിഞ്ഞു. അതുപോലൊരു ഗുഹയുണ്ട് ഉത്തരാഖണ്ഡില്‍. അത്രതന്നെ ദുര്‍ഘടവും അപകടകരവുമല്ല, ഈ ഇന്ത്യന്‍ ഗുഹ. ആഴവും നീളവും അതിന്റെ നാലിലൊന്ന് വരില്ല. എങ്കിലും വെള്ളമുയര്‍ന്നാല്‍ രക്ഷപ്പെടാന്‍ വഴികളില്ലാത്ത ഗുഹയാണിതും. ഡെറാഡൂണില്‍നിന്ന് എട്ട് കിലോമീറ്റര്‍ ദൂരെ അനര്‍വാല എന്ന ഗ്രാമത്തില്‍.
തുറസ്സായ സ്ഥലത്തുനിന്ന് ഗുഹാമുഖത്തെത്തിയാല്‍ പിന്നെ പിന്നിടേണ്ടത് 600 മീറ്റര്‍ ദൂരം. ഒരാള്‍ക്ക് കടന്നുപോകാവുന്നത്ര വീതിയില്‍ ഒരിടവഴി. വഴിയെന്നാല്‍ വെറുംവഴിയല്ല. പുഴതന്നെയാണ്. വെള്ളെമില്ലാത്തപ്പോള്‍ മാത്രം നടക്കാവുന്ന വഴി. ഇരുഭാഗത്തും കൂറ്റന്‍ പാറകള്‍, ഒരുമഹാശില പിളര്‍ന്നുകീറിയപോലെ. അതിന് 10 മീറ്റര്‍ ഉയരം വരും. അകത്തേക്ക് പോകുംതോറും ഇരുവശത്തുനിന്നും മഹാമലകള്‍ നമ്മെ ഇറുകിപ്പുണര്‍ന്നേക്കുമെന്ന് തോന്നിപ്പിക്കുംവിധം ചെറുതായി ചെറുതായിത്തീരുന്ന വഴി. ഇരുളും ഇടക്ക് മേലേനിന്ന് അബദ്ധത്തിലെന്നപോലെ തെറിച്ചുവീഴുന്ന വെളിച്ചവും ഇടകലര്‍ന്ന ആ വഴിയിലൂടെ നടന്നാല്‍ ഒടുവിലെത്തുന്നത് വെള്ളംകുത്തിയിറങ്ങുന്ന ഗുഹാമുഖത്ത്. അതിനപ്പുറം നിഗൂഡമായ നിശ്ശബ്ദദതയാണ്. കെട്ടിടത്തിന്റേതെന്ന് തോന്നിക്കുന്ന അവശിഷ്ടം വിദൂരകാഴ്ചയില്‍ കാണാം.





കൊള്ളക്കാരുടെ ഗുഹ എന്നാണ് ഇതറിയപ്പെടുന്നത്. കൊള്ളസംഘം സാധനങ്ങല്‍ സൂക്ഷിക്കാനും ഒളിച്ചിരിക്കാനും ഉപയോഗിച്ചിരുന്ന സ്ഥലം എന്ന കഥയാണ് ഈ ഗുഹയുടെ നാടന്‍ചരിത്രം. അതുകൊണ്ട് തന്നെ പേരും അങ്ങിനെയായി - റോബേഴ്സ് കേവ്. കൊള്ളക്കാരുടെ ഭീതിതമായ കഥകള്‍ക്കിണങ്ങുന്ന വാമൊഴികള്‍ ധാരാളമുണ്ട് ഇവിടെ. അതുവഴി പോകാന്‍ ശ്രമിച്ചവരുടെ തലയറുത്തത് മുതല്‍ വികൃതമായ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് വരെ പലതരം‍. ഒന്നിനും ഒരാധികാരികതയും ഇല്ലെന്ന് നാട്ടുകാര്‍ പറയുന്പോഴും ആ കഥകള്‍ ഒരുകാലത്ത് അവരെയാകമാനം ഭയചകിതരാക്കിയിരുന്നുവെന്ന് അവരുടെ മുഖഭാവം പറയും. പണ്ട്, ഇവിടെ നിന്ന് പ്രദേശത്തെ ബ്രീട്ടീഷ് സൈനിക ക്യാന്പിലേക്ക് ജലവിതരണ ലൈന്‍ സ്ഥാപിച്ചിരുന്നുവെന്നും അതിന്റെ അവശിഷ്ടമാകാം അവിടെ കാണുന്ന കെട്ടിടമെന്നും കരുതുന്നവരുമുണ്ട്. അതിലൊരുതീര്‍പുണ്ടാക്കാന്‍ ആ കെട്ടിടാവശിഷ്ടത്തോളം എത്താന്‍ ഇന്ന് വഴികളൊന്നുമില്ലത്രെ. ഗുഹക്ക് മുകളില്‍ ചെറിയൊരു ചായക്കടയുണ്ട്. ഗുഹയിലെത്തുന്നവരില്‍, സാഹസികമായി മുകളിലെത്താന്‍ കഴിയുന്നവര്‍ക്ക് മാത്രം ചായകുടിക്കാന്‍ പറ്റുന്നയിടം. അതും വേനല്‍കാലത്ത് മാത്രം. ഗുഹാവഴികളില്‍ വെള്ളം കയറിയാല്‍ അതുവഴിയെങ്കിലും രക്ഷപ്പെടാനാകുമെന്ന ഒരു പ്രതീക്ഷ ബാക്കിവക്കുന്നുണ്ട്, ഈ വഴി. പ്രതീക്ഷ മാത്രം! കാരണം വെള്ളം വന്നാല്‍ അവിടയും മുങ്ങുമത്രെ.
വേനല്‍കാലത്ത് മാത്രമാണ് ഇവിടെ സന്ദര്‍ശകര അനുവദിക്കുക. എന്നാല്‍ മഴയാസ്വദിക്കാനെത്തുന്നവരും കുറവല്ല. 2016ലും 2018ലും വെള്ളം കയറി ഇവിടെ സന്ദര്‍ശകര്‍ കുടുങ്ങിയിട്ടുണ്ട്. രണ്ട് സമയത്തും ഗുഹയിലെത്തുംമുന്നെ ആളുകളെ രക്ഷിക്കാനായി എന്നതിനാല്‍ അപകടമുണ്ടായില്ല. ടോണ്‍സ് നദിയില്‍ പെട്ടെന്ന് ജലനിരപ്പുയര്‍ന്നതാണ് ഗുഹാവഴിയില്‍ വെള്ളം നിറച്ചത്. രാവിലെ തുടങ്ങിയ മഴ പൊടുന്നനെ ശക്തിപ്പെട്ടു. ജലനിരപ്പ് അസാധാരണ വേഗത്തിലുയര്‍ന്നു. ഉച്ചയോടെ യാത്ര അസാധ്യമായി. 15 പേരാണ് അന്ന് കുടുങ്ങിയത്. എല്ലാവരെയും രക്ഷപ്പെടുത്തി. കഴിഞ്ഞ മാസവും സമാനമായ അപകടാവസ്ഥയുണ്ടായി. 25 പേരെ രക്ഷപ്പെടുത്തി.
ഏത് നിമിഷവും വെള്ളം കുത്തിയൊഴുകിയെത്തിയേക്കാമെന്ന ഉള്‍ഭയം ഓരോചുവടിലുമുണ്ടാകും. ഈ പേടിയാണ് ജലവഴിയിലെ ആ കാല്‍നടയാത്രയെ സാഹസികമാക്കുന്നത്. ഒടുവില്‍ തിരിച്ചെത്തുന്പോള്‍, വെള്ളമെന്നെ വിഴുങ്ങിയില്ലല്ലോ എന്ന ആശ്വാസവും.

(FB post on July 8, 2018)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...