Sunday, July 8, 2018

കൈവെട്ടുകാലത്തെ ആ മറുപടി സിപിഎമ്മുകാര്‍ ഓര്‍ക്കുന്നുണ്ടോ?


എന്‍ഡിഎഫ് പരിവാര്‍, കേരളത്തിന്റെ മൊത്തം ശ്രദ്ധയാകര്‍ഷിച്ച് നടത്തിയ പ്രധാന ഓപറേഷനായിരുന്നു മുവാറ്റുപുഴയിലെ കൈവെട്ട്. കേരളീയ മനസ്സാക്ഷിയെ ഞെട്ടിച്ച ആ ആക്രമണത്തെ പക്ഷെ, സമുദായത്തിന്റെ ചിലവില്‍ വരവുവക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം കേരള മുസ്‍ലിംകള്‍ ഒന്നടങ്കം ചെറുത്തുതോല്‍പിച്ചു. ആക്രമണത്തിനിരയായ അധ്യാപകന്റെ ചികിത്സ മുതല്‍ ആ സംഭവം കേരത്തില്‍ സൃഷ്ടിച്ചേക്കാവുന്ന സാമുദായിക ദ്രുവീകരണത്തിന്റെ സാധ്യതകളടക്കുന്നതില്‍ വരെ മുസ്‍ലിം സമൂഹത്തിന്റെ ബോധപൂര്‍വമായ, അതിജാഗ്രത്തായ ഇടപെടലുകളുണ്ടായി. ആ ചോദ്യം പ്രവാചകനെ അധിക്ഷേപിക്കുന്നതാണെന്ന് ആത്മാര്‍ഥമായി വിശ്വസിച്ച മുസ്‍ലിംകള്‍ പോലും അതിന്റെ പേരില്‍ ഒരു മുനഷ്യന്റെ കൈവെട്ടിയരിഞ്ഞതിനോട് നിസ്സംശയം വിയോജിച്ചു. ഒരുതരത്തിലും അത് മുസ്‍ലിം സമുദായത്തിന് സ്വീകാര്യമായ പ്രതികരണമല്ല എന്ന്, അക്കാലത്തെ എന്‍ഡിഎഫിതര മുസ്‍ലിം സംഘടനകളുടെയെല്ലാം നിലപാടുകളില്‍നിന്ന് സുവ്യക്തവുമായിരുന്നു. എന്നല്ല, ആ കൈവെട്ടാണ് ആ അധ്യാപകനുണ്ടാക്കിയ ചോദ്യത്തേക്കാള്‍ വലിയ പ്രവാചക നിന്ദ എന്നായിരുന്നു അവരുടെ നിലപാട്. ആ അക്രമവും അതിന്റെ സംഘാടകരും ആ സംഭവത്തിന്റെ പേരില്‍ മുസ്‍ലിം സമുദായത്തിനകത്ത് സ്വാധീനമുണ്ടാക്കാതിരിക്കാന്‍ വേണ്ട ആഭ്യന്തരമായ മുന്‍കരുതലുകളും മുസ്‍ലിം സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായി.
പക്ഷെ അന്ന് അധികാരത്തിലിരുന്ന സിപിഎമ്മിന്റെ പ്രതികരണം എന്തായിരുന്നു? നിയമസഭക്കകത്തും പുറത്തും അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി ആവര്‍ത്തിച്ച് പറഞ്ഞത് ആ ചോദ്യത്തിലാണ് പ്രശ്നമെന്നാണ്. 'അത് മഠയ ചോദ്യമാണ്' എന്നായിരുന്നു സംഭവത്തിന്റെ പിറ്റേന്ന് എം എ ബേബി പ്രയോഗിച്ച വാക്ക്. അക്രമികള്‍ക്ക് എത്രത്തോളം ന്യായവാദമായി മാറുമെന്ന് വിശദീകരിക്കേണ്ടതില്ലാത്ത പ്രതികരണം. കൈവെട്ടിയവരുടെ അക്രമ രാഷ്ട്രീയത്തെ നിരാകരിക്കുകയും അതിക്രമത്തിനരയായ ആളോട് മറയില്ലാതെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്ത കേരളീയ മുസ്‍ലിംകളുടെ മുഖത്തടിച്ച മറുപടി. ആരാധ്യരായ നേതാക്കള്‍ക്കെതിരായ വിമര്‍ശനങ്ങളെ കൈയ്യൂക്കുകൊണ്ട് നേരിടുന്ന പാര്‍ട്ടിശീലമനുസരിച്ച്, ഇതിലപ്പുറമൊരു പ്രതികരണം ബേബിക്ക് അസാധ്യമായിരിക്കാം. പക്ഷെ മുസ്‍ലിംകള്‍ക്ക് വേണ്ടിയായിരുന്നില്ല ആമറുപടിയെന്ന് വ്യക്തം. മഹാരാജാസിലെ കൊലയാളി സംഘത്തില്‍ മുഹമ്മദ് എന്നൊരാളുണ്ട് എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഒരു സൈബര്‍ സഖാവിട്ട പോസ്റ്റ് 'പ്രതി മുഹമ്മദ്' എന്നാണ്. മഠയ ചോദ്യം എന്നതുപോലെ, അക്രമികള്‍ക്കുള്ള അംഗീകാരമാണ് ഈ പ്രയോഗവും.
ഇതൊക്കെയാണ് മഹാരാജാസിലെ കൊലയാളി സംഘത്തോളം വളര്‍ന്ന ആ ക്രിമിനല്‍ കൂട്ടത്തിന് വളമായത് എന്ന് കേരളത്തിലെ മുസ്‍ലിംകള്‍ തിരിച്ചറിയുന്നുണ്ട് എന്നെങ്കിലും സിപിഎം മനസ്സിലാക്കണം.
(ചിത്രം: കൈവെട്ടിനെക്കുറിച്ച് 2010 ജൂലൈയില്‍ എം എ ബേബി നല്‍കിയ മറുപടിയുടെ നിയമസഭാരേഖ)
(ജൂലൈ 5 2018)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...