കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയിലെ ഒരു സ്കൂളിൽ കഴിഞ്ഞ വർഷങ്ങളിൽ ഒരു പദ്ധതി നടപ്പാക്കി. പേര് ലേണേഴ്സ്. ലക്ഷ്യം കുട്ടികളെ മലയാളത്തിലും ഇംഗ്ലീഷിലും അവരവരുടെ പേരും വിലാസവും എഴുതാൻ പഠിപ്പിക്കൽ! പദ്ധതി വൻ വിജയമായി. മലയാളാക്ഷരം വശമില്ലെങ്കിലും നാലാംതരം പിന്നിട്ട കുട്ടികൾക്ക് ഇതൊരു അനുഗ്രഹവുമായി. കുട്ടികൾക്ക് അവരവരുടെ പേരും വിലാസവും മാതൃഭാഷയിലും എഴുതാൻ കഴിയാത്ത സ്ഥിതിയെത്തിയത് നേരിടാൻ ഇത്തരം പലപദ്ധതികളും പല സ്കൂളുകളും പല പേരുകളിൽ നടപ്പാക്കിയിട്ടുണ്ട്. പൊന്നാനി ഉപജില്ലയിലെ ഒരു സ്കൂളിൽ ദിവസവും ഉച്ചക്ക് ആദ്യ പിരീഡ് പഴയ കാലത്തെ മലയാളം പാഠപുസ്തകമാണ് പഠിപ്പിക്കുന്നത്. സർക്കാർ കൊടുത്ത പുതുക്കിയ പുസ്തകങ്ങളൊന്നും പൊരാത്തതിനാലാണല്ലോ അധ്യാപകർക്ക് അച്ചടിയുപേക്ഷിച്ച പഴയ പുസ്തകം തേടിപ്പോകേണ്ടിവരുന്നത്. രണ്ടുവർഷം മുന്പ് മലപ്പുറം ഡി ഡി സ്വന്തം നിലയിൽ നടപ്പാക്കിയ 'വിജയ സ്പർശം' ഇതേ ലക്ഷ്യത്തോടെയായിരുന്നു. അക്ഷരം പഠിപ്പിക്കൽ. ദിവസവും രാവിലെയും വൈകീട്ടും അരമണിക്കൂർ വീതം അക്ഷരം പഠിപ്പിക്കും. അതുപിന്നെ സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ ധാരണയായെങ്കിലും കാര്യമായി മുന്നോട്ടുപോയില്ല. കേരളം പതിറ്റാണ്ടുകളായി പിന്തുടരുന്ന വിദ്യാഭ്യാസ പദ്ധതിയുടെ പരാജയമെത്രയെന്ന് തെളിയിക്കുന്നതാണ് കരിക്കുലത്തിന് പുറത്ത് ഔദ്യോഗികമായും അനൗദ്യോഗികമായും നടക്കുന്ന ഈ സമാന്തര പഠന പരിപാടികൾ.
ഇന്നത്തെ കേരള പൊതുവിദ്യാഭ്യാസ സംവിധാനത്തിൽ ഈ സമാന്തര പഠന പദ്ധതി പ്രാഥമിക വിദ്യാലയങ്ങളിൽ പരിമിതപ്പെടുത്തേണ്ടതല്ല. അക്ഷരമറിയാത്ത കുട്ടികൾ പ്രൈമറിയും പിന്നിട്ട് ഹൈ സ്കൂൾ ക്ലാസുകളിലെത്തുകയും പത്താം ക്ലാസ് ഫുൾ എ പ്ലസോടെ വിജയിക്കുകയും ചെയ്യുന്നുവെന്നത് ഇന്ന് ഒട്ടും ആശ്ചര്യകരമായ സംഗതിയല്ല. മലയാളം അറിയില്ലെങ്കിലും എ പ്ലസിന് കുറവുണ്ടാകില്ല എന്ന് ഉറപ്പുകൊടുക്കാമെന്ന ആത്മധൈര്യം പത്തിൽ പഠിപ്പിക്കുന്നവർക്കുമുണ്ട്. ഈ സ്ഥിതവിശേഷം സൃഷ്ടിച്ച തിരിച്ചടിയും നിലവാരത്തകർച്ചയും ചെറുതല്ല. ഇതിന് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കാണണമെന്ന വിദ്യാഭ്യാസ പ്രവർത്തകരുടെയും വിദഗ്ധരുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യങ്ങൾക്കാകട്ടെ പതിറ്റാണ്ടിലേറെ പഴക്കമവുമുണ്ട്. അതിനായി മുന്നോട്ടുവക്കപ്പെട്ട നിർദേശങ്ങളിലൊന്ന് മൂല്യനിർണ രീതിയിൽ മാറ്റംവരുത്തി, ക്ലാസുകളിൽ ഉപരിപഠന യോഗ്യതക്ക് മിനിമം മാർക്ക് ഏർപെടുത്തുക എന്നതാണ്. ഇക്കൊല്ലം എട്ടാം ക്ലാസിൽ അത് നടപ്പാക്കി. അടുത്ത വർഷം ഒൻപതിലും തൊട്ടടുത്ത വർഷം പത്താം ക്ലാസിലും ഇത് നടപ്പാക്കാനാണ് തീരുമാനം. ഏതാണ്ട് രണ്ട് പതിറ്റാണ്ടായി കേരളം പിന്തുടരുന്ന ഉദാര മൂല്യനിർണയത്തിന്റെയും കാടടച്ച ക്ലാസ് കയറ്റത്തിന്റെയും വഴികളിൽനിന്ന് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല പിന്തിരിഞ്ഞുനടക്കാൻ തുടങ്ങുന്നുവെന്നാണ് ഇതിനർഥം. ഇത് ചരിത്രപരമായ ഒരു തിരിച്ചുപോക്കാണ്.
ഈ തിരിച്ചുപോക്കിന് കേരളം നിർബന്ധിതമായത് എന്തുകൊണ്ടാണ് എന്ന പരിശോധന അനിവാര്യമായ സന്ദർഭമാണിത്. മികച്ചൊരു വിദ്യാഭ്യാസ സന്പ്രദായത്തെ തകിടം മറിച്ച് നടപ്പാക്കിയ ബൃഹദ് പരിഷ്കാരത്തിൽ നിന്ന് മൂന്ന് പതിറ്റാണ്ടിന് ശേഷം തിരിഞ്ഞുനടക്കേണ്ടിവന്നുവെന്നത് നമ്മുടെ സാമാന്യബോധത്തെ പരിഹാസ്യമാക്കുന്ന അനുഭവമാണ്. വിദ്യാഭ്യാസ നിലവാരത്തകർച്ചയും അതുവഴി സൃഷ്ടിക്കപ്പെട്ട അക്ഷരാഭ്യാസമില്ലാത്ത തലമുറകളും കേരളത്തിന്റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഡി പി ഇ പി എന്ന പേരിൽ ലോകബാങ്ക് കൊണ്ടുവന്ന പാഠ്യപദ്ധതിയെ കൈനീട്ടി സ്വീകരിച്ചപ്പോൾ തന്നെ ഈ ദുരന്തം പ്രവചിക്കപ്പെട്ടിരുന്നു. അന്നുയർന്ന ആശങ്കകളെയെല്ലാം നിരങ്കുശം തള്ളിക്കളഞ്ഞ് ലോകബാങ്കിന്റെ കോടികൾക്ക് മുന്നിൽ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തീറെഴുതിക്കൊടുത്തേടത്തുനിന്നാണ് ഈ തകർച്ചയുടെ തുടക്കം. മൂല്യനിർണയത്തിനൊപ്പം, പഠന രീതി, ബോധന ശാസ്ത്രം, പാഠ്യപദ്ധതി, സിലബസ് എന്നിവയിലെല്ലാം കാതലായ മാറ്റങ്ങളാണ് ഡി പി ഇ പി കൊണ്ടുവന്നത്. ഭാഷാടിത്തറയുള്ള, ജ്ഞാനാർജനത്തിന്റെ അടിസ്ഥാന സ്രോതസ്സായ അക്ഷരാഭ്യാസത്തിലൂന്നിയ, വസ്തുനിഷ്ഠ മൂല്യനിർണയ സന്പ്രദായത്തിലധിഷ്ഠിതമായ, വ്യവസ്ഥാപിത പദ്ധതികളിലൂടെ വികസിച്ച് വിജയിച്ച കേരള വിദ്യാഭ്യാസ സംവിധാനത്തെയാണ് അത് അപ്പാടെ അട്ടിമറിച്ചത്. പകരം, അവ്യവസ്ഥാപിത ഭാഷാ സമീപനം മുതൽ നിരന്തര മൂല്യനിർണയം വരെയുള്ള അത്യുദാര പദ്ധതികൾ കൊണ്ടുവന്നു. കൃത്യമായ മൂല്യനിർണയം അസാധ്യമായതിനാൽ ഡി പി ഇ പിയിൽ പരീക്ഷ തന്നെ അപ്രായോഗികമായി. അത് മറികടക്കാൻ ഗ്രേഡിങ് നടപ്പാക്കി. ഇങ്ങിനെ മുച്ചൂടും അഴിച്ചുപണിത ഡി പി ഇ പിയാണ് കേരള വിദ്യാഭ്യാസ നിലവാരം തകർത്തതിലെ മുഖ്യപ്രതി. അക്കാലത്ത് താരതമ്യേനെ ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സംവിധാമായി അറിയപ്പെട്ടിരുന്നത് കേരള പൊതുവിദ്യാഭ്യാസമാണ്. ഏറ്റവും മോശം നിലവാരമെന്ന വിമർശനത്തിന് വിധേയമായിരുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും അതിൽ തന്നെ ബിഹാറുമായിരുന്നു. എന്നാൽ ഡി പി ഇ പി നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഗവേഷണ ഫലമെന്ന രീതിയിൽ കേരളത്തിൽ വ്യാപകമായി പ്രചരിപ്പിച്ചത് കേരള വിദ്യാഭ്യാസം ഏറ്റവും മോശവും ബിഹാർ മികച്ചതുമാണെന്നാണ്. ഇതിനായി അവർ പലതരം പഠന റിപ്പോർട്ടുകൾ പുറത്തിറക്കി. ബിഹാറിലെ ആട്ടിടയനായ കുട്ടിയും കേരളത്തിലെ സമപ്രായക്കാരനായ സ്കൂൾ കുട്ടിയും തമ്മിലെ താരതമ്യ പഠനം അക്കാലത്ത് കുപ്രസദ്ധിയാർജിച്ച ഒന്നാണ്. ബിഹാറിലെ കുട്ടിക്കുള്ള 14 ഗുണങ്ങൾ കേരളത്തിൽ പഠിക്കുന്ന കുട്ടിക്ക് ഇല്ലെന്നായിരുന്നു കണ്ടെത്തൽ. ആട്ടിടയനായ ബാലൻ ദിവസം മുഴുവൻ നടക്കുന്നു, പാട്ടും കളിയുമായി യഥേഷ്ടം ജീവിക്കുന്നു, സഹനശക്തി കാണിക്കുന്നു തുടങ്ങിയവയാണ് എണ്ണിപ്പറഞ്ഞ ഗുണങ്ങൾ! ഡിപി ഇ പി നടപ്പാക്കാൻ കേരള സർക്കാറുകളും ലോകബാങ്കും എത്രത്തോളം അണിയറയിൽ അധ്വാനിച്ചിരുന്നുവെന്ന് ഈ പഠനം പറഞ്ഞുതരും!!
ഉദാര മാർക്ക് ദാനത്തിലൂടെ വിജയശതമാനം ഉയർത്തുക എന്നത് ഡി പി ഇ പിയിലൂടെ ഒരു അംഗീകൃത രീതിയാക്കി മാറ്റി. വിദ്യാഭ്യാസ അവകാശ നിയമം ഇതിനെ നിയമാനുസൃതവുമാക്കി. ഒന്നിൽ തുടങ്ങിയാൽ ഒന്പതാം ക്ലാസ് വരെ ഒരു തടസ്സവുമില്ലാതെ വന്നെത്തുമെന്ന് ഡി പി ഇ പി ഉറപ്പാക്കി. ഡിപിഇപി തലമുറയുടെ പത്തിലെ പതനം ഒഴിവാക്കാൻ 2006ൽ എസ് എസ് എൽ സിക്കും ഉദാര മൂല്യനിർണയം നടപ്പാക്കി. പത്തെഴുതിയാൽ എ പ്ലസ് ഉറപ്പ് എന്ന തത്വമാണ് ഇപ്പോൾ പ്രയോഗത്തിൽ. സ്വയം പഠനത്തിന് ഊന്നൽ നൽകിയ പാഠ്യപദ്ധതിയിൽ അധ്യാപനത്തിന് പ്രാധാന്യമില്ലാതായി. ഭാഷാ പഠനം തകർന്നുതുടങ്ങിയത് അവിടെയാണ്. മലയാളം അക്ഷരത്തെറ്റില്ലാതെ എഴുതാനറിയാത്തവർക്കും എ പ്ലസ് ഉണ്ടാകും. അങ്ങിനെയാണ് തുടക്കത്തിൽ സൂചിപ്പിച്ചതുപോലുള്ള സമാന്തര പദ്ധതികൾ നടപ്പാക്കാൻ സ്കൂളുകൾ നിർബന്ധിതമായത്.
കോവിഡ് കാലം ഉദാര മൂല്യനിർണയ ചരിത്രത്തിലെ 'സുവർണകാല'മായി മാറി. ഫോക്കസ് ഏരിയ എന്ന പേരിൽ കേട്ടുകേൾവിയില്ലാത്ത 'വിജയിപ്പിക്കൽ പദ്ധതി'യാണ് പിണറായി സർക്കാർ കൊണ്ടുവന്നത്. ബിരുദ കോഴ്സ് പ്രവേശനത്തിന് മത്സര പരീക്ഷകൾ വ്യാപകമായതോടെ കേരളത്തിലെ കുട്ടികൾ കടുത്ത പ്രതിസന്ധിയിലായി. മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കായി നടത്തുന്ന എൻ.എ.എസ് പരീക്ഷയിൽ, കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ പിറകിലാണെന്ന വസ്തുത കണക്കുകൾ സഹിതമാണ് പുറത്തുവന്നത്. ദേശീയ മത്സര പരീക്ഷകളിൽ മുൻനിര റാങ്കുകളിൽ മലയാളി സാന്നിധ്യം കുറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന്റെ മത്സരക്കന്പോളത്തിൽ മലയാളി വിദ്യാർഥികൾ പുറന്തള്ളപ്പെടാൻ തുടങ്ങിയതോടെ കുട്ടികൾ പൊതുവിദ്യാഭ്യാസത്തെ കൈയ്യൊഴിയാൻ തുടങ്ങി. മറ്റ് സിലബസുകാർക്ക് പ്ലസ് വൺ പ്രവേശനത്തിന് മാർഗ തടസ്സം സൃഷ്ടിച്ചുകൊണ്ടാണ് വി എസ് അച്യുതാനന്ദൻ സർക്കാർ ഈ കൊഴിഞ്ഞുപോക്കിനെ നേരിട്ടത്. ഒരുതരത്തിൽ ഭരണകൂട ഭീകരത തന്നെ. അത് പലരൂപത്തിൽ ഇപ്പോഴും തുടരുന്നുണ്ട്.
ഇങ്ങിനെ അടിമുടി തകർന്നുപോയ കേരള പൊതുവിദ്യാഭ്യാസ നിലവാരത്തിന് ചെറിയൊരു കൈത്താങ്ങ് എന്ന നിലയിലാണ് മൂല്യനിർണയ രീതിയിലെ ഈ തിരിച്ചുപോക്കിന് ഇപ്പോൾ കേരളം തീരുമാനിച്ചിരിക്കുന്നത്. അന്പേ താഴേക്കുപോയൊരു സംവിധാനത്തെ മൂല്യനിർണയ രീതിയിലെ മാറ്റമെന്ന ഒറ്റത്തിരുത്തുകൊണ്ട് അപ്പാടെ ഉയർത്തിയെടുക്കാൻ കഴിയില്ലെന്നത് സുവ്യക്തമാണ്. എങ്കിലും ഉദാരമൂല്യനിർണയമെന്ന അടിസ്ഥാന പ്രശ്നത്തെ അഭിമുഖീകരിക്കുന്നത് അത്രയെങ്കിലും മാറ്റത്തിന് വഴിയൊരുക്കും. ഉയർന്ന ക്ലാസുകളിലേക്ക് പോകുന്നവർ അവിടെ ആർജിക്കേണ്ട അറിവുകൾ സ്വീകരിക്കാൻ പാകപ്പെട്ടിട്ടുണ്ട് എന്നുറപ്പാക്കുക എന്ന അടിസ്ഥാന തത്വമാണ് പുനസ്ഥാപിക്കപ്പെടുന്നത്. 30 ശതമാനം മാർക്കെങ്കിലും ഒരു വിഷയത്തിൽ ലഭിച്ചാൽ മാത്രമേ ക്ലാസ് കയറ്റം നൽകാവൂ എന്നാണ് വ്യവസ്ഥ. തുടക്കമായതിനാലാകണം, ഇത്തവണ ഇതും അത്യുദാരമായാണ് നടപ്പാക്കിയത്. ഉദാരത തന്നെയാണ് തുടർന്നും നയമെങ്കിൽ ഈ ഒറ്റമൂലിയും ഫലിക്കില്ല.
ഡി പി ഇ പി പരീക്ഷണം ഏതാനും വർഷം പിന്നിട്ടപ്പോൾ തന്നെ ഇതിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ മാറിമാറി വന്ന സർക്കാറുകൾ ഈ മാറ്റം ആലോചിക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു. ഉദാരസമീപനം സൃഷ്ടിച്ച ജനപ്രിയതക്കുമേൽ കൈവക്കാൻ വോട്ടുഭയമുള്ളവർക്ക് കഴിയില്ലല്ലോ? ഒപ്പം, സ്വന്തം നേതാക്കളെയും സ്വന്തം പാർട്ടിയുടെ മുൻ സർക്കാറുകളെയും തള്ളിപ്പറയാനുള്ള വിമുഖതയും. സമീപകാലത്തുവന്ന യു.ഡി.എഫ് സർക്കാറുകൾ തിരിച്ചുപോക്കിനെക്കുറിച്ച് ഇടക്കൊന്ന് ആലോചിച്ചെങ്കിലും രാഷ്ട്രീയ തിരിച്ചടി ഭയന്ന് പിൻമാറി. ഇടതു സർക്കാറുകൾക്കാകട്ടെ, അവരുടെ വിദ്യാഭ്യാസ വകുപ്പിനെ ഡിപിഇപിയുടെ കൈകാര്യക്കാർ തന്നെ കൈയ്യടക്കിയതിനാൽ, ആ വഴിക്ക് ആലോചിക്കാൻ പോലും ശേഷിയില്ലാതായി. ഇതിനിടെയാണ് 2016ൽ ഉദ്യോഗസ്ഥ സംഘം തന്നെ മാറ്റത്തിന് ശിപാർശ ചെയ്യുന്നത്. 2016ലെ എസ് എസ് എൽ എൽ സി മൂല്യനിർണയാനുഭവങ്ങളുടെക്കൂടി പശ്ചാത്തലത്തിൽ പരീക്ഷാബോർഡ് തന്നെയാണ് സംസ്ഥാന സർക്കാറിന് ഇത്തരമൊരു ശിപാർശ നൽകിയത്. അന്പേതകർന്നുപോയ പഠനനിലവാരം അൽപമെങ്കിലും തിരിച്ചുപിടിക്കാൻ ക്ലാസ് കയറ്റത്തിന് മിനിമം മാർക്ക് രീതി കൊണ്ടുവരണമെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശം. എന്നിട്ടും എട്ട് വർഷം ആ ശിപാർശ വിദ്യാഭ്യാസ വകുപ്പ് തന്നെ അടച്ചുമൂടിവച്ചു. നായനാരും വി എസും തലയിലേറ്റിയ ലോകബാങ്ക് പദ്ധതിയെ കൈവിടാനുള്ള കരുത്ത് പിണറായി വിജയനുമുണ്ടായില്ല. ഇപ്പോൾ നിരവാരത്തകർച്ചാവിമർശം അതിന്റെ അങ്ങേയറ്റത്തെത്തിയപ്പോൾ ഗത്യന്തരമില്ലാതെ തിരിഞ്ഞുനടക്കുകയാണ്.
എന്നാൽ ഈ മാറ്റത്തിലേക്ക് ചുവടുവക്കാൻ തീരുമാനിച്ചിട്ടും അതുനടപ്പാക്കാൻ പോലും എട്ടുവർഷം വേണ്ടിവന്നുവെന്നത് അത്യത്ഭുതകരമാണ്. ഇക്കാലയളവിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ കുട്ടികളുടെ ഭാവിയെവച്ച് പന്താടുകയാണ് ഭരണകൂടം ചെയ്തത്. അപടകം തിരിച്ചറിഞ്ഞശേഷവും അതിന് പരിഹാരം കാണാൻ ഒരുപതിറ്റാണ്ടോളം സർക്കാറിന് മുന്നിൽ പ്രതിബന്ധങ്ങളുണ്ടായി. ഈ വൈകൽ 'വലിയ മുന്നേറ്റമുണ്ടായി'യെന്ന് കൊട്ടിഗ്ഘോഷിക്കുന്ന കേരള വിദ്യാഭ്യാസ മേഖലയുടെയും 'ആഗോള പ്രശസ്തമെന്ന്' അവകാശപ്പെടുന്ന പിണറായി ഭരണത്തിന്റെയും വ്യാജവാദങ്ങളുടെ മുഖംമൂടി വലിച്ചുകീറുന്നുണ്ട്. ആരാണ് ഈ മാറ്റത്തിന് തടസ്സം നിന്നത്? വിദ്യാഭ്യാസ വകുപ്പിന്റെ ഇടനാഴികളിലേക്ക് അന്വേഷിച്ചുപോകുന്പോൾ അത് ചെന്നെത്തുന്നത് വകുപ്പിനെ മന്ത്രിയാപ്പീസിലിരുന്ന് നിയന്ത്രിക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തൻമാരിലാണ്. മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും നിസ്സഹായരാക്കുന്നത് ഈ സംഘമാണ്. അക്ഷരം പഠിപ്പിക്കുന്നതിനോട് അവർക്കിപ്പോഴും വിയോജിപ്പാണ്. ആശയവാദമാണ് മുഖ്യം.
ഇവരാകട്ടെ പിണറായി സർക്കാറിന്റെ ഭരണകാര്യാലയത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട 'ആശയവാദ'സംഘമല്ല. നിലവാരം തകർന്നടിഞ്ഞ ഈ വിദ്യാഭ്യാസ സന്പ്രദായത്തിലേക്ക് കേരളം സഞ്ചരിച്ചെത്തിയ വഴികളിലെല്ലാം കുട്ടികളെ മറന്നെണ്ണതേച്ച് കുളിപ്പിച്ച് പൊതുവിദ്യാഭ്യാസം തകർത്ത പരിഷത്തിന്റെ സൈദ്ധാന്തിക ദുശ്ശാഠ്യക്കാരുടെ നിറസാന്നിധ്യം കാണാനാകും. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കിയ ഡി പി ഇ പി പദ്ധതിയാണ് ഉദാര മൂല്യനിർണയത്തിലേക്കും കണ്ണുംപൂട്ടി നടത്തുന്ന ക്ലാസ് കയറ്റത്തിലേക്കും കേരളത്തിൽ തുടക്കമിട്ടത്. അക്കാലത്ത് ഈ പദ്ധതിയുടെ വിമർശകരായിരുന്നു ശാസ്ത്ര സാഹിത്യ പരിഷത്ത്. ആന്റണി സർക്കാറിനാകട്ടെ പൊതുസമ്മർദം കാരണം പരീക്ഷണ പദ്ധതിക്കപ്പുറത്തേക്ക് ഇതിനെ മുന്നോട്ടുകൊണ്ടുപോകാനും പറ്റിയില്ല. തൊട്ടുടനെ ഭരണം മാറി ഇ കെ നായനാർ മുഖ്യമന്ത്രിയായി. അതോടെ ഡിപിഇപിയെ പിന്തുണച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് ലോകബാങ്കിന്റെ കേരളത്തിലെ കഴകക്കാരായി വേഷംമാറി. ലോകബാങ്ക് കൊണ്ടുവന്ന പദ്ധതി, തങ്ങളുടെ സ്വന്തം ആശയമാണ് എന്നുവരെ അക്കാലത്ത് പരിഷത്ത് അവകാശവാദമുന്നയിച്ചിരുന്നു. അവരുടെ കൊണ്ടുപിടിച്ച പ്രചാരണത്തിന്‍റെയും അതുവഴി നടപ്പാക്കിയ പരീക്ഷണത്തിന്റെയും തിക്തഫലമാണ് ഇന്ന് കേരളം നേരിടുന്ന പ്രതിസന്ധി.
വിദ്യാഭ്യാസ നിലവാരത്തകർച്ചയെ പ്രതിരോധിക്കാൻ പലതരം പ്രചാരണങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചു. ഒരുകുട്ടിയുടെ ഉത്തരക്കടലാസും പോക്കറ്റിലിട്ട് നാടുനീളെ പ്രസംഗിച്ചുനടന്നു ഒരു വിദ്യാഭ്യാസ മന്ത്രി. പഠന നിലവാരം തകരുന്നുവല്ലോ എന്ന ചോദ്യം വന്നാലുടൻ മന്ത്രി ഈ കടലാസ് പുറത്തെടുക്കും. സി പി എം ഭരിച്ചിരുന്ന അക്കാലത്തെ മുഖ്യമന്ത്രിയറിയാതെ ഈ മന്ത്രി സ്വാശ്രയ കോളജുകൾ അനുവദിച്ചുവെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പ്രോപഗണ്ടകൾകൊണ്ട് തത്കാലം നിലവാരത്തകർച്ചയെ മറച്ചുപിടിക്കാനും വിമർശനങ്ങളെ നേരിടാനും കഴിഞ്ഞേക്കും. എന്നാൽ എക്കാലത്തും അത് സാധ്യമാകില്ല. വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പരിശോധനയും അഴിച്ചുപണിയും നടക്കേണ്ട കാലം എന്നോ അതിക്രമിച്ചു. ഹൈസ്കൂൾ വരെയുള്ള പഠനത്തോട് ഒട്ടും ചേർന്നുനിൽക്കാത്ത ഉപരിപഠന രീതികളിലേക്കാണ് കേരളത്തിലെ കുട്ടികൾ എത്തിപ്പെടുന്നത്. കേരളത്തിലെ ഹയർ സെക്കൻഡറി പഠനം മത്സരപരീക്ഷാ ബന്ധിതമാക്കാൻ ആലോചനകൾ നടക്കുന്ന കാലമാണ്. ബിരുദ കോഴ്സുകളിലെല്ലാം പ്രവേശനത്തിന് മത്സര പരീക്ഷകൾ നിർബന്ധമായതോടെയാണ്
ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെൽ വഴി ഈ പദ്ധതി ആലോചിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖല ഏറെ മാറി, കേരളത്തിലും പുറത്തും. വിദേശ വിദ്യാഭ്യാസം മലയാളികൾക്കിടയിൽ സാർവത്രികമായിക്കൊണ്ടിരിക്കുന്നു. പക്ഷെ നമ്മുടെ പ്രൈമറി വിദ്യാഭ്യാസം നാൾക്കുനാൾ പിറകോട്ട് പോകുകയാണ്. അവിടെ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും മാത്രമാണ് കാലോചിതമായി പരിഷ്കരിക്കപ്പെടുന്നത്.
അതിനാൽ മൂല്യനിർണയ രീതി പരിഷ്കരിക്കുന്നതിനൊപ്പം, മൂന്നു പതിറ്റാണ്ടായി തുടരുന്ന വിദ്യാഭ്യാസ പരീക്ഷണത്തിന്റെ കണക്കെടുപ്പുകൂടി നടത്തണം. ഈ ലോകബാങ്ക് പരിപാടിയുടെ കാര്യക്കാരെയും കൈയ്യാളുകളെയും ഓഡിറ്റ് ചെയ്യണം. കേരളത്തിലെ പലതലമുറകളെ പിന്നോട്ട് നടത്തുന്നതിൽ അവരുടെ 'ശാസ്ത്രവും സാഹിത്യവും' വഹിച്ച പങ്കും പരിശോധിക്കപ്പെടണം. സമഗ്രമായ അഴിച്ചുപണിയാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ അടിമുടി മാറ്റിയത്. അത് സൃഷ്ടിച്ച ആഘാതം പരിഹരിക്കാൻ അതുപോലെത്തന്നെ സമഗ്രമായ പരിഹാരവും വേണ്ടിവരും. ഉദാരമൂല്യനിർണയത്തിലെ മാറ്റം കൊണ്ട് മാത്രം അത് പൂർണമായി പരിഹരിക്കപ്പെടില്ല. ബോധന രീതി, പാഠ്യപദ്ധതി, സിലബസ്
എന്നിവയിലെല്ലാം അനിവാര്യമായ മാറ്റങ്ങൾ വരണം. ക്ലാസ് കയറ്റത്തിന് കുട്ടികൾക്ക് മിനിമം മാർക്ക് ഏർപെടുത്തി, തകർന്നുപോയൊരു സിസ്റ്റത്തിന്റെ ഒരറ്റത്തൊരു പരിഹാര പരിഷ്കാരം നടപ്പാക്കിയാൽ സർക്കാറിന് തത്ക്കാലം പിടിച്ചുനിൽക്കാം. പക്ഷെ കുട്ടികൾ അപ്പോഴും തോറ്റുകൊണ്ടിരിക്കും. അവർ വിജയിക്കണമെങ്കിൽ പാഠ്യപദ്ധതി വിജയിക്കണം. അതിന് മിനിമം പാസ് മാർക്ക് മതിയാകില്ല.
(മാധ്യമം ആഴ്ചപ്പതിപ്പ്, 2025 ജൂൺ 2-9)