Tuesday, November 4, 2025

നയം സംസ്കൃത മയം; അറബി, ഉറുദു പഠനം ഇല്ലാതാകും



കേരളം പിഎം ശ്രീയിൽ ഒപ്പിട്ടതോടെ സംഘപരിവാർ അജണ്ടകൾ ഒളിച്ച് കടത്തുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖല പൂർണമായി തുറന്നുകൊടുക്കുകയാണ് ഇടതുസർക്കാർ ചെയ്തത്. പുതിയ വിദ്യാഭ്യാസ നയത്തെ ആസ്പദമാക്കി മീഡിയവൺ ഷെൽഫിൽ എഴുതിയ പരന്പര: 

നയം വന്നാൽ നിറം മാറുമോ ? 
ഭാഗം 1 


ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് ഭാഷാ പഠന മേഖലയിൽ വലിയ മാറ്റത്തിനാണ് വഴിതുറക്കുക. ഇതുവരെ പിന്തുടരുന്ന ഉദാര ഭാഷാനയം ഇല്ലാതാകുകയും ഭാഷാ പഠനം പിരമിതപ്പെടുകയും ചെയ്യും. കുട്ടികളുടെ ഭാഷാ നൈപുണ്യം വികസിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് അവകാശപ്പെടുന്ന പുതിയ നയം പക്ഷെ ഫലത്തിൽ സങ്കുചിത ഭാഷാ പഠന സങ്കൽപമാണ് മുന്നോട്ടുവക്കുന്നത്. പി എം ശ്രീ ഒപ്പുവച്ചതിലൂടെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാമെന്ന് കേരളം സമ്മതിച്ചത് സംസ്ഥാനത്തെ ഭാഷാ പഠന മേഖലയിലും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. 

കേരളത്തിലെ വിദ്യാഭ്യാസ തൊഴിൽ മേഖലക്കും ഭാഷാ പഠനത്തിലെ വൈവിധ്യപൂർണമായ സമീപനങ്ങൾക്കും പുതിയ നയം കനത്ത തിരിച്ചടിയാണ്. കേരളത്തിൽ ആയിരക്കണക്കിന് അധ്യാപകരും വിദ്യാർഥികളും പങ്കാളികളായ അറബി, ഉറുദു ഭാഷാ പഠനം പുതിയ നയം നടപ്പാക്കുന്നതോടെ ഇല്ലാതായേക്കും. അതുകൊണ്ടുതന്നെ സംസ്കൃത ഭാഷാ പഠനത്തിന് വലിയ പ്രാധാന്യം നൽകുന്ന ദേശീയ വിദ്യാഭ്യാസ നയം കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിൽ സൃഷ്ടിക്കുന്ന ആഘാതം കേരളത്തിന് താങ്ങാവുന്നതിലുമപ്പുറമായിരിക്കും. എല്ലാ ഭാഷകളുടെയും ഉത്ഭവം സംസ്കൃതത്തിൽ നിന്നാണെന്ന വാദമാകും ഇനി രാജ്യത്തെ ഭാഷാനയത്തിന്റെ അടിത്തറയെന്ന സന്ദേശം നൽകുന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പൊതു ഉള്ളടക്കം. 

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഭാഷാ പഠനത്തിന് ത്രി ഭാഷാ പദ്ധതിയാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവക്കുന്നത്. അതായത് പ്രാഥമിക ക്ലാസുകൾ തൊട്ടുതന്നെ മൂന്ന് ഭാഷകൾ പഠിക്കുക. എന്നാൽ ഈ മൂന്ന് ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണമെന്ന് നയം വ്യവസ്ഥ ചെയ്യുന്നു. രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായാൽ മൂന്നാമത്തേത് അറബിയോ ഉറുദുവോ ആക്കാനും കഴിയില്ല. കാരണം ഇന്ത്യൻ ഭാഷകൾക്കൊപ്പം ഇംഗ്ലീഷും പഠിക്കേണ്ടതാണെന്ന് സൂചുപ്പിക്കുന്ന പരാമർശങ്ങൾ വിദ്യാഭ്യാസ നയത്തിൽതന്നെയുണ്ട് (വകുപ്പ് 4.20). മാതൃഭാഷക്ക് പുറമേ ഇംഗ്ലീഷിലാണ് പാഠ പുസ്തകങ്ങള്‍ തയാറാക്കുക. അതിനാല്‍ രണ്ട് ഇന്ത്യന്‍ ഭാഷക്കൊപ്പം ഇംഗ്ലീഷും ഏറെക്കുറെ അപ്രഖ്യാപിത നിര്‍ബന്ധിത ഭാഷയായി പ്രയോഗത്തിലുണ്ടാകും. ത്രിഭാഷാ പദ്ധതിയിൽ മൂന്നിലൊരു ഭാഷാ ഓപ്ഷനായി സംസ്കൃതമുണ്ടാകുമെന്ന് ദേശീയ നയത്തിന്റെ 4.17 വകുപ്പിൽ പറയുന്നു. ഫലത്തിൽ രണ്ട് ഇന്ത്യൻ ഭാഷകളും ഇംഗ്ലീഷും എന്ന കോന്പിനേഷനോ അല്ലെങ്കിൽ രണ്ട് ഇന്ത്യൻ ഭാഷകളും സംസ്കൃതവുമെന്ന കോന്പിനേഷനോ അല്ലെങ്കിൽ ഒരു ഇന്ത്യൻ ഭാഷ, സംസ്കൃതം, ഇംഗ്ലീഷ് എന്ന കോന്പിനേഷനോ ആയിരിക്കാം സ്കൂളുകളിൽ പഠിപ്പിക്കപ്പെടുക. ഈ പഠന രീതി ആറാം ക്ലാസ് വരെ തുടരണം. മൂന്ന് ഭാഷകളിൽ ഒന്ന് മാറ്റാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ആറാം ക്ലാസിലോ എഴാം ക്ലാസിലോ ആണ് അതിന് അവസരം ലഭിക്കുക. സെക്കൻഡറി സ്കൂൾ അവസാനിക്കുന്നതിന് മുമ്പ് മൂന്ന് ഭാഷകളിൽ പ്രാവീണ്യം നേടിയിരിക്കണമെന്നും ദേശീയ നയത്തിലുണ്ട്.  





ഭാഷാ പഠനത്തിന് ദേശീയ നയം ശിപാർശ ചെയ്യുന്ന ഭാഷകളിൽ ഉറുദുവോ അറബിയോ ഇല്ല. ദേശീയ നയത്തിൽ പറയുന്നു: 'സംസ്കൃതത്തിന് പുറമെ ഇന്ത്യയിലെ മറ്റ് ക്ലാസിക്കൽ ഭാഷകളായ തമിഴ്, തെലുഗു, കന്നഡ, മലയാളം, ഒഡിയ, പാലി, പേർഷ്യൻ, പ്രകൃത് എന്നിവയും സ്കൂളുകളിൽ കുട്ടികൾക്ക് തെരഞ്ഞെടുക്കാവുന്ന വിധത്തിൽ ലഭ്യാക്കും. സാഹിത്യ പാരന്പര്യമുള്ള എല്ലാ ഇന്ത്യൻ ഭാഷകളെയും ഇതുപോലെ പരിഗണിക്കും.' വിദേശ ഭാഷകളുടെ കാര്യത്തിൽ ദേശീയ നയം പറയുന്നത് ഇപ്രകാരമാണ്: 'ഉയർന്ന നിലവാരത്തിൽ ഇന്ത്യൻ ഭാഷകളും ഇംഗ്ലീഷും പഠിക്കുന്നതിന് പുറമെ, വിദേശ ഭാഷകളായ കൊറിയൻ, ജാപ്പനീസ്, തായ്, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, പോർചുഗീസ്, റഷ്യൻ എന്നിവയും സെക്കന്‍ററി തലത്തിൽ പഠിക്കാം.' (ദേശീയവിദ്യാഭ്യാസ നയം പേജ് 14, 15). ഇന്ത്യക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന ഗൾഫ് തൊഴിൽ വിപണിയിൽ അനിവാര്യമായ അറബി ഭാഷയെ വിദേശ ഭാഷകളുടെ കൂട്ടത്തിലും ദേശീയ വിദ്യാഭ്യാസ നയം ഉൾപെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ മത ന്യൂനപക്ഷ വിഭാഗം പ്രാധാന്യപൂര്‍വം ഉപയോഗിക്കുന്ന ഭാഷയെന്ന പരിഗണനയും അറബിക്കിന് നല്‍കിയിട്ടില്ല.

അറബി, ഉറുദു ഭാഷകളെ അവഗണിച്ച ദേശീയ നയം സംസ്കൃതത്തിന് അമിത പ്രാധാന്യവും പ്രത്യേക പരിഗണനയും നൽകുന്നു. സംസ്കൃതത്തെ നിർബന്ധിത പഠന വിഷയമാക്കാൻ ഉദ്ദേശിക്കുന്ന തരത്തിലാണ് ദേശീയ വിദ്യാഭ്യാസ നയം 'സംസ്കൃത'ത്തെ അവതരിപ്പിക്കുന്നത്. പേജ് 14ൽ പറയുന്നു: 'ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പരാമർശിച്ചിരിക്കുന്ന പ്രധാന ആധുനിക ഭാഷയായ സംസ്കൃതം, ലാറ്റിൻ- ഗ്രീക്ക് ഭാഷകളിൽ ആകെയുള്ളതിനേക്കാൾ വളരെക്കൂടുതൽ ക്ലാസിക്കൽ സാഹിത്യം കൈവശമുള്ള ഭാഷയാണ്. ഗണിതം, ദർശനം, വ്യാകരണം, സംഗീതം, രാഷ്ട്രീയം, വൈദ്യശാസ്ത്രം, വാസ്തുവിദ്യ, ലോഹനിർമാണം, നാടകം, കവിത, കഥ തുടങ്ങിയവയുടെ വിപുലമായ നിധികൾ അതിൽ അടങ്ങിയിരിക്കുന്നു (ഇത് സംസ്കൃത ജ്ഞാന വ്യവസ്ഥ എന്നറിയപ്പെടുന്നു). അതിനാൽ, സ്കൂൾ, ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സംസ്കൃതം പഠിക്കാൻ അവസരമുണ്ടാകും; ത്രി ഭാഷാ പദ്ധതിയിലെ ഒരു ഓപ്ഷനെന്ന നിലയിൽ ഉൾപ്പെടെ'. കാലക്രമത്തിൽ നിബന്ധിത വിഷയെന്ന രീതിയിൽ പ്രാബല്യത്തിൽ വരുത്തിയേക്കാവുന്ന ഒരു നിർദേശമാണ് ഇതെന്ന് സംശയിക്കുന്നതിൽ തെറ്റില്ല.

ഇന്ത്യയുടെ ക്ലാസിക്കൽ ഭാഷകളുടെയും സാഹിത്യത്തിന്റെയും പ്രാധാന്യം, പ്രസക്തി, സൗന്ദര്യം തുടങ്ങിയവ അവഗണിക്കാനാവില്ലെന്ന ആമുഖത്തോടെയാണ് സംസ്കൃതത്തെക്കുറിച്ച് ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രതിപാദിക്കുന്നത്. 'വിവിധ മതങ്ങളിലുള്ളവരും മത രഹിതരും, ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ളവരുമായ ആളുകൾ ആയിരക്കണക്കിന് വർഷങ്ങളായി രചിച്ച സാഹിത്യമാണ് സംസ്കൃത ഭാഷയിലുള്ളത്.' 

ഉച്ചാരണ ശാസ്ത്രം ഉൾപ്പെടെയുള്ളവയിലൂടെ, സംസ്കൃത ജ്ഞാന വ്യവസ്ഥയുടെ ഉപയോഗത്തിലൂടെ, രസകരമായ അനുഭവ പഠന രീതികളിലൂടെ  കാലിക പ്രസക്തമായ രീതിയിൽ സംസ്കൃതം പഠിപ്പിക്കണമെന്ന് നയം നിർദേശിക്കുന്നു.  പ്രാഥമിക, മിഡിൽ സ്കൂൾ തലങ്ങളിലെ സംസ്കൃത പാഠപുസ്തകങ്ങൾ സംസ്കൃതത്തിലൂടെ സംസ്കൃതം പഠിപ്പിക്കുന്നതിന് (STS) ഉതകുന്ന ലളിതമായ സംസ്കൃതത്തിൽ (SSS) രചിക്കണമെന്നും നിർദേശമുണ്ട്. ഗ്രേഡ് 6-8 കാലയളവിൽ എല്ലാ വിദ്യാർഥികളും ഇന്ത്യയുടെ ഭാഷകൾ’ എന്ന വിഷയത്തിൽ പഠന പ്രൊജക്ടിൽ പങ്കാളിയാകണം. ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ സംരംഭത്തിന് കീഴിലായിരിക്കും ഇത്. 'ഇന്ത്യയിലെ പ്രധാന ഭാഷകളുടെ അതിശയകരമായ സാമ്യത, പൊതുവായ ഉച്ചാരണം, അക്ഷരമാലകൾ, ലിപികൾ, പൊതു വ്യാകരണ ഘടനകൾ തുടങ്ങിയവയുടെ സംസ്കൃതത്തിൽനിന്നും മറ്റ് ക്ലാസിക്കൽ ഭാഷകളിലും നിന്നുമുള്ള ഉത്ഭവത്തെക്കുറിച്ച് പഠിപ്പിക്കും.'

കേരളത്തിൽ ഭൂരിഭാഗം സ്കൂളുകളിലും അറബി ഭാഷ പഠിപ്പിക്കുന്നുണ്ട്. ആയിരക്കണക്കിന് വിദ്യാർഥികളും അധ്യാപകരും ഈ രംഗത്തുണ്ട്. പുതിയ ദേശീയ നയത്തിലൂടെ ഇത് ഇല്ലാതായാൽ അധ്യാപന തൊഴിൽ മേഖലയിലും അത് കനത്ത ആഘാതം സൃഷ്ടിക്കും. കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ നിലിൽപിനെപ്പോലും ഇത് ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

(മീഡിയവൺ ഷെൽഫ്, ഒക്ടോബർ 29, 2025)

ലിങ്ക്:
https://www.mediaoneonline.com/mediaone-shelf/analysis/nep-and-pm-shri-mediaone-investigation-304585

കേന്ദ്രീകൃത നിയന്ത്രണം, നയത്തിൽ രാഷ്ട്രീയം

നയം വന്നാൽ നിറം മാറുമോ ?
ഭാഗം 2




ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിന്റെ ഭരണ സമീപനങ്ങളിലെ പൊതുനയം ഫെഡറലിസത്തെ നിരുത്സാഹപ്പെടുകയെന്നതാണ്. സാധ്യമായ അവസരങ്ങളിലെല്ലാം അത് അട്ടിമറിക്കുന്ന തരത്തിൽ ഭരണ നടപടികളുമുണ്ടായിട്ടുണ്ട്. ആഭ്യന്തര ഭരണം മുതൽ ധനകാര്യ ഇടപാടുകളിൽ വരെ സംസ്ഥാനങ്ങളുടെ അധികാരം കവരുകയും ഫെഡറൽ സംവിധാനത്തെ ദുർബലമാക്കുകയും ചെയ്യുന്നത് കാണാനാകും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വരികൾക്കിടയിലും ഈ അധികാര കേന്ദ്രീകരണം കടന്നുവരുന്നുണ്ട്. 

 വിദ്യാഭ്യാസം കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് തുല്യ അധികാരമുള്ള ഭരണ വിഷയമായതിനാൽ അത് പരിഗണിച്ചുകൊണ്ടുള്ള നയങ്ങളാണ് ഇതുവരെ നിലനിന്നിരുന്നത്. കേന്ദ്രം ഒരു പാഠ്യപദ്ധതി ചട്ടക്കൂടുണ്ടാക്കുകയും സംസ്ഥാനങ്ങൾ അതിനകത്തുനിന്നുകൊണ്ട് സ്വതന്ത്രവും പ്രാദേശികാഭിരുചികൾക്ക് ഇണങ്ങുന്നതുമായ വ്യത്യസ്ത പാഠ്യപദ്ധതികൾ രൂപൽപന ചെയ്യുകയും ചെയ്യുക എന്ന രീതിയാണ് നിലനിന്നിരുന്നത്. സംസ്ഥാനങ്ങളുമായി സഹകരിച്ച് നയം നടപ്പാക്കേണ്ടതിനെക്കുറിച്ച് ഇതുവരെ പിന്തുടർന്നിരുന്ന 198ലെ ദേശീയ വിദ്യാഭ്യാസ നയം പ്രത്യേകം എടുത്തുപറയുകയും ചെയ്തിരുന്നു. എന്നാൽ ബിജെപി സർക്കാറിന്റെ നയം ഈ സമീപനത്തിൽ കാതലായ മാറ്റം വരുത്തി.  

വ്യത്യസ്ത വിദ്യാഭ്യാസ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ അക്കാദമിക സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തന രീതികളാണ് നിലവിലെ ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയുടെ ഒരു സവിശേഷത. പുതിയ നയം ഇത് പിൻവാതിലിലൂടെ നിയന്ത്രിക്കുന്നു. പല തരം എജന്‍സികളിലൂടെ പഠന മേഖലയെ വികേന്ദ്രീകരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും എന്നാൽ പ്രയോഗത്തിൽ കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ അത് ഒതുക്കി നിര്‍ത്തുകയുമാണ് നയത്തിലൂടെ ചെയ്യുന്നത്. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ പൂര്‍ണാവകാശമുള്ള സംസ്ഥാനങ്ങളുടെ അധികാരം പോലും പിൻവാതിലിലൂടെ കവര്‍ന്നെടുക്കപ്പെടുന്നു. 12 വരെയുള്ള സ്കൂൾവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഗവേഷണം എന്നീ മൂന്ന് മേഖലകളിലും വ്യത്യസ്ത സ്വഭാവത്തിലുള്ള സംവിധാനങ്ങളാണ് കേന്ദ്രീകൃത നിയന്ത്രണങ്ങൾക്ക് വേണ്ടി കൊണ്ടുവരുന്നത്.  

ഒരു സംസ്ഥാനത്ത് രണ്ടുതരം ഉന്നത തല സമിതികളാണ് സ്കൂള്‍ വിദ്യാഭ്യാസത്തെ നിയന്ത്രിക്കാന്‍ ഉണ്ടാകുക. മോല്‍നോട്ടവും നയരൂപീകരണവും നിര്‍വഹിക്കുന്ന ഡിപാര്‍ട്ട്മെന്റ് ഓഫ് സ്കൂള്‍ എജുക്കേഷനും ഭരണപരമായ കാര്യങ്ങള്‍ക്ക് വേണ്ടി ഡയറക്ടറേറ്റ് ഓഫ് സ്കൂള്‍ എജുക്കേഷനും. രണ്ട് വ്യത്യസ്ത അധികാര കേന്ദ്രങ്ങളായി നിലനില്‍ക്കുന്ന ഇവയെ നിയന്ത്രിക്കുന്ന ഏക സംവിധാനം സംസ്ഥാനതലത്തില്‍ ഉണ്ടാകില്ല. 

എന്നാൽ ഇവ രണ്ടിനുകീഴിലും അല്ലാതെ സ്റ്റേറ്റ് സ്കൂള്‍ സ്റ്റാന്റേര്‍ഡ് അതോറിറ്റി എന്ന വിലയിരുത്തല്‍ ഏജന്‍സിയെ കേന്ദ്രം കൊണ്ടുവരുന്നു. പഠന നിലവാരം വിലയിരുത്തുന്നത് മുതല്‍ സ്കൂളുകളുടെ ഭാവി പദ്ധതികൾ നിര്‍ണയിക്കുന്നതില്‍ വരെ ഈ ഏജൻസിക്ക് പങ്കുണ്ടാകും. എന്‍ സി ഇ ആര്‍ ടി തയാറാക്കുന്ന പാഠ്യപദ്ധതിക്ക് (കരിക്കുലം ഫ്രെയിംവര്‍ക്) അനുസൃതമായി സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി സ്വതന്ത്ര കരിക്കുലം വികസിപ്പിക്കാമെന്നതാണ് നിലവിലെ രീതി. ഇതുവരെ പ്രയോഗത്തിലുണ്ടായിരുന്ന 1986ലെ ദേശീയ വിദ്യാഭ്യാസ നയം ഈ പ്രവർത്തന രീതി അടിവരയിട്ട് ഉറപ്പിച്ചിരുന്നു. 

എന്നാല്‍ ഇനി എന്‍ സി ഇ ആര്‍ ടി തയാറാക്കുന്ന പാഠ്യപദ്ധതിക്ക് അനുസൃതമായി, അവര്‍ തരുന്ന മെറ്റീരിയലുകള്‍ ഉപയോഗിച്ച് ടെക്സ്റ്റുകള്‍ തയാറാക്കണം. അതില്‍ പ്രാദേശിക ചേരുവകള്‍ ആകാം. എന്നാല്‍ പുസ്തകം ദേശീയ നയത്തോട് ചേര്‍ന്നുനില്‍ക്കുന്നതായിരിക്കണം എന്ന് നയം എടുത്തുപറയുന്നു. പൊതു ചട്ടക്കൂടിന് പുറമെ എൻ സി ഇ ആ ടി പാഠപുസ്തക നിർമാണത്തിന് വേണ്ട മെറ്റീരിലുകൾ കൂടി നൽകുമെന്നത് സുപ്രധാനമാണ്.  ദേശീയ-പ്രാദേശിക ഉള്ളടക്കത്തോടെ നേരത്തെ തയാറാക്കിയ കുറേ ടെക്സ്റ്റ് ബുകുകളിൽനിന്ന് സ്കൂളുകൾ ഇഷ്ടമുള്ള പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്ന രീതിയാകാമെന്ന ആശയവും നയം പങ്കുവക്കുന്നു. പഠന നിലവാരം വിലയിരുത്താൻ നാഷണല്‍ അസസ്മെന്റ് സെന്റര്‍ സ്ഥാപിക്കും. എന്നാൽ ഇവർക്കുവേണ്ട വിലയിരുത്തല്‍ മാനദണ്ഡങ്ങൾ തയാറാക്കേണ്ടത് എന്‍ സി ഇ ആര്‍ ടി പറയും പ്രകാരമായിരിക്കണം. 

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അധികാര നിയന്ത്രണം കുറച്ചുകൂടി പ്രത്യക്ഷാണ്. എല്ലാം നിയന്ത്രിക്കുന്ന ഏക ജാലക സംവിധാനമാണ് നയം മുന്നോട്ടുവക്കുന്നത്. എല്ലാ കാര്യങ്ങളുടെയും പൂര്‍ണ നിയന്ത്രണം ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എന്ന ഏജന്‍സിക്കാണ്. കോളജുകളുടെ നിയന്ത്രണം, അക്രഡിറ്റേഷന്‍, ധനവിനിയോഗം, അക്കാദമിക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കല്‍ എന്നിവയാണ് പ്രധാന ചുമതല. ഇവ നിര്‍വഹിക്കാന്‍ നാഷണല്‍ ഹയര്‍ എജുക്കേഷന്‍ റഗുലേറ്ററി കൌണ്‍സില്‍ (NHERC), നാഷണല്‍ അക്രഡിറ്റേഷന്‍ കൌണ്‍സില്‍ (NAC), ഹയര്‍ എജുക്കേഷന്‍ ഗ്രാന്റ്സ് കൌണ്‍സില്‍ (HEGC), ജനറല്‍ എജുക്കേഷന്‍ കൌണ്‍സില്‍ (GEC) എന്നീ ഏജൻസികൾ ഹയർ എജുക്കേഷൻ കമ്മീഷന് കീഴിൽ രൂപീകരിക്കും.

ഉന്നത വിദ്യാഭ്യാസാനന്തര ഘട്ടമായ ഗവേഷണ മേഖലയെ നിയന്ത്രിക്കുന്നതും ഏകാധികാര കേന്ദ്രമായിരിക്കും - നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷൻ അഥവ NRF. എല്ലാ പഠന മേഖലകളിലെയും  ഗവേഷണത്തിന്റെ പൂര്‍ണ ചുമതല ഫൌണ്ടേഷനായിരിക്കും. ഗവേഷണത്തിന് പണം നല്‍കുന്നത് മുതല്‍ ഗവേഷണ വിഷയം തീരുമാനിക്കുന്നതില്‍ വരെ ഫൌണ്ടേഷന് നിര്‍ണായക പങ്കുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളുടെ സമിതിയായിരിക്കും ഫൌണ്ടേഷന്റെ ഭരണ സമിതി. 

രാഷ്ട്രീയ ഇടപെടലിനുള്ള സർകകാർ സംവിധാനങ്ങൾ ഇവിടെയും അവസാനിക്കുന്നില്ല. വിദ്യാഭ്യാസ മേഖലയുടെ സന്പൂർണ നിയന്ത്രണ ഏജൻസിസായി സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഓഫ് എജുക്കേഷനെ (CABE) വിദ്യാഭ്യാസ നയം പ്രതിഷ്ഠിക്കുന്നു. നാമമാത്ര അധികാരങ്ങളോടെ നയരൂപീകരണ സമിതിയായാണ് ഇതുവരെ CABE പ്രവർത്തിച്ചിരുന്നത്. അതിൽ മാറ്റം വരുത്തി CABEന് വിപുല അധികാരങ്ങൾ നൽകി. ഇനി CABE ഒരു കണ്‍സള്‍ട്ടേഷന്‍ സമിതിയായി മാത്രമായിരിക്കില്ല എന്ന് നയം പ്രത്യേകം എടുത്തുപറയുന്നു. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന് കീഴിലായിരിക്കണം CABE പ്രവർത്തിക്കേണ്ടത്.

ദേശീയ നയത്തിന്റെ കരട് രേഖയിൽ സർവാധികാര സമിതിയായി നാഷണല്‍ എജുക്കേഷന്‍ കമ്മീഷന്‍ എന്നൊരു സ്ഥാപനത്തെയാണ് ശിപാർശ ചെയ്തിരുന്നത്. അതില്‍ ചെയര്‍മാന്‍ പ്രധാനമന്ത്രിയും വൈസ് ചെയര്‍മാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. പ്രധാന വകുപ്പ് സെക്രട്ടറിമാരടക്കം 30 അംഗങ്ങൾ. ഇത് സംസ്ഥാനങ്ങളുടെ അധികാരം കവരാനുള്ള ആസൂത്രിത നീക്കമാണെന്ന വിമർശനം ഉയർന്നു. എന്നാൽ അന്തിമ നയം പ്രഖ്യാപിച്ചപ്പോൾ നാഷണല്‍ എജുക്കേഷന്‍ കമ്മീഷനെ ഒഴിവാക്കി. പകരം CABEന് ഏറെക്കുറെ അതേ അധികാരങ്ങൾ നൽകി പുനരവതരിപ്പിച്ചു. CABEന്റെ ലക്ഷ്യം കേന്ദ്രീകൃത രാഷ്ട്രീയ നിയന്ത്രണം കൊണ്ടുവരലായിരിക്കുമെന്ന ആശങ്കയെ CABEന്റെ രൂപമാറ്റം ശക്തിപ്പെടുത്തുന്നു. 


അക്കാദമിക ഉള്ളടക്കത്തിലും ഭരണ സംവിധാനങ്ങളിലും പല വിധത്തിൽ കേന്ദ്രീകൃത നിയന്ത്രണം കൊണ്ടുവരുന്നതാണ് വിദ്യാഭ്യാസ നയമെന്നാണ് ഈ നിർദേശങ്ങൽ നൽകുന്ന സൂചന.  വിദ്യാഭ്യാസ നയ രേഖ അവസാനിപ്പിക്കുന്നതും ഈ കേന്ദ്ര ഇടപെടൽ ആവർത്തിച്ച് ഉറപ്പാക്കിക്കൊണ്ടാണ്. 'കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ സംയുക്ത പരിശോധനകളും സംയോജിത നടപ്പാക്കലുകളും ശ്രദ്ധാപൂർവമായ ആസൂത്രണവും ആവശ്യമാണ്..... എല്ലാവർഷവും കേന്ദ്ര സർക്കാർ നിയോഗിക്കുന്ന സംഘങ്ങളും സംസ്ഥാനം നിയോഗിക്കുന്ന സംഘങ്ങളും ചേർന്ന് പരിശോധിക്കും. ഈ വിവരങ്ങൾ CABEഉമായും പങ്കുവക്കണം' എന്നാണ് നയത്തിന്റെ അവസാന ഭാഗം. നേരത്തെയുണ്ടായിരുന്ന നയവും പുതിയ നയവും തമ്മിൽ സുതാര്യതയിലും സ്വതന്ത്ര സ്വഭാവത്തിലും എത്രത്തോളം വ്യത്യസ്തമാണ് എന്ന് ഇതിൽ നിന്ന് വ്യക്തമാകും.   

(മീഡിയവൺ ഷെൽഫ്, ഒക്ടോബർ 30, 2025)

ലിങ്ക്:

https://www.mediaoneonline.com/kerala/nep-and-pm-shri-mediaone-investigation-part-2-304681

'സംവരണ'ത്തോട് അയിത്തം, പിന്നാക്ക പരിഹാരത്തിന് മെറിറ്റും സ്കോളർഷിപ്പും



നയം വന്നാൽ നിറം മാറുമോ ?
ഭാഗം 3




സോഷ്യോ-ഇക്കണോമിക്കലി ഡിസ്അഡ്വാന്റേജ്ഡ് ഗ്രൂപ് അഥവ SDGE - പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിന് സംഭാവന ചെയ്യുന്ന പ്രയോഗമാണിത്. സ്ത്രീ, ട്രാൻസ്ജെന്റർ, എസ് സി, എസ് ടി, ഒ ബി സി, ന്യൂനപക്ഷം, ഗ്രാമങ്ങൾ, ചെറുപട്ടണങ്ങൾ, ഭിന്നശേഷിക്കാർ, അഭയാർഥികൾ, കുറഞ്ഞവരുമാനക്കാരായ കുടുംബങ്ങൾ, അനാഥർ, നഗരങ്ങളിലെ കുട്ടി യാചകർ, കുട്ടിക്കടത്തിനിരയായവർ, അനാഥർ, നഗരത്തിലെ ദരിദ്രർ എന്നിവരാണ് SDGE എന്ന വിഭാഗത്തിൽ ഉൾപെടുകയെന്നും വിദ്യാഭ്യാസ നയരേഖ വ്യക്തമാക്കുന്നു. എല്ലാവർക്കും പഠനം, തുല്യത, ഉൾചേർക്കൽ എന്ന തലക്കെട്ടിലാണ് ഈ പ്രയോഗവും നിർവചനവും കാണാനാവുക. പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ സവിശേഷമായിക്കണ്ട് അവരെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ സംവരണമടക്കം സവിശേഷ പദ്ധതികൾ പ്രത്യക്ഷമായിത്തന്നെ ശിപാർശ ചെയ്യുന്നതായിരുന്നു ഇതുവരെ പിന്തുടർന്നിരുന്ന 1986ലെ വിദ്യാഭ്യാസ നയം. അത് പരിഷ്കരിച്ച കേന്ദ്ര സർക്കാർ, പകരം ഇവരടക്കം എല്ലാതരം ദുർബല-പീഡിത വിഭാഗങ്ങളെയും SDGE എന്ന പേരിൽ ഒരേതട്ടിലേക്ക് കൊണ്ടുവരികയാണ് ഈ പ്രയോഗത്തിലൂടെ ചെയ്യുന്നത്. ചരിത്രപരമായി സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്നവരെ പ്രത്യേകമായി പരിഗണിക്കുക എന്ന ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്യുന്ന ഈ കാഴ്ചപ്പാടിൽ നിന്ന് വഴിമാറി നടക്കാനുള്ള പോംവഴിയായി മാറുകയാണ്  SDGE എന്ന പേരിൽ അവതരിപ്പിക്കുന്ന ഈ പുതിയ വിഭാഗം. 

എസ് സി, എസ് ടി, ഒ ബി സി, മൈനോരിറ്റി എന്നിവരുടെ വിദ്യാഭ്യാസം പ്രത്യേക തലക്കെട്ടായാണ് ഇതുവരെ പിന്തുടർന്നിരുന്ന വിദ്യാഭ്യാസ നയം കൈകാര്യം ചെയ്തിരുന്നത്. ജാതീയ സ്വഭാവമുള്ള പാമർശങ്ങൾ പുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കണം, അർഹമായ സംവരണം നൽകണം, സാമൂഹികമായി പിന്നാക്കമായവരുടെ സാന്നിധ്യം സ്കൂളുകളിൽ ഉറപ്പാക്കാൻ പദ്ധതികൾ ആവിഷ്കരിക്കണം, 
എസ് സി, എസ് ടി വിഭാഗങ്ങളിൽ നിന്ന് അധ്യാപകരെ നിയമിക്കണം തുടങ്ങിയവ പഴയ നയത്തിൽ പ്രാധാന്യപൂർവം ഉൾകൊള്ളിച്ചിരുന്നു. എന്നാൽ പുതിയ നയമാകട്ടെ, സാമൂഹികമായ പിന്നാക്കാവസ്ഥ നേരിടുന്ന ദുർബലവിഭാഗങ്ങളെ സാന്പത്തികവും ഭരണപരവുമായതടക്കം പലതരം കാരണങ്ങളാൽ പിന്തള്ളപ്പെട്ടുപോയവരുടെ കൂട്ടത്തിൽ ചേർക്കുകയാണ് ചെയ്യുന്നത്. ജാതീയവും മതപരവുമായ കാരണങ്ങളാൽ ചരിത്രപരമായി പിന്തള്ളപ്പെട്ടുപോയ സാമൂഹിക വിഭാഗങ്ങളെ സവിശേഷമായി പരിഗണിക്കാത്ത രാജ്യത്തെ ആദ്യത്തെ വിദ്യാഭ്യാസ നയമായിരിക്കും ഇപ്പോൾ നടപ്പാക്കപ്പെടുന്നത്. ഇത്തരം വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ച പൊതുപ്രസ്താവനയിൽ നയം പരിമിതപ്പെടുന്നു. സോഷ്യോ-ഇക്കണോമിക്കലി ഡിസ്അഡ്വാന്റേജ്ഡ് ഗ്രൂപ് എന്ന പ്രയോഗത്തിന്റെ പരിധിയിലേക്ക് അവരെ ചുരുക്കിക്കെട്ടുകയും ചെയ്യുന്നു. 

ചരിത്രപരമായ കാരണങ്ങളാല്‍ പിന്തള്ളപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിന് സംവരണത്തോളം പ്രായോഗികവും രാഷ്ട്രീയവുമായ മറ്റൊരു വഴിയും ഇന്ത്യയിലില്ല. എന്നാൽ സംവരണം എന്ന വാക്ക് ഈ നയത്തലെവിടെയും കാണാനാകില്ല. നിയമനത്തിലും പ്രവേശനത്തിലും പ്രശ്നങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്ന സ്ഥലത്തുപോലും സംവരണത്തെക്കുറിച്ച് ദുരൂഹമായ മൗനമാണ്. സംവരണ വിരുദ്ധത പരസ്യമായി പ്രഖ്യാപിക്കുന്ന ഒന്നല്ല പുതിയ വിദ്യാഭ്യാസ നയം. എന്നല്ല, ദുർബലർക്കൊപ്പം നിൽക്കുന്നവെന്ന പ്രതീതി സൃഷ്ടിക്കാൻ പലയിടത്തായി അത് ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ നയത്തിന്റെ  ഉള്ളടക്കവും സമീപനങ്ങളും സംവരണ സങ്കൽപത്തോട് അകലം പാലിക്കുന്നതും പ്രയോഗത്തിൽ നയംമാറ്റം മുന്നോട്ടുവക്കുന്നതുമാണ്. അതേസമയം സാന്പത്തിക പിന്നാക്കാവസ്ഥ നയത്തിലുടനീളം പലതരം ഊന്നലുകളോടെ കടന്നുവരുന്നുമുണ്ട്. സാമൂഹിക പിന്നാക്കാവസ്ഥയേക്കാള്‍ സാന്പത്തിക പിന്നാക്കാവസ്ഥക്ക് പരിഗണന ലഭിക്കുന്നത് ഭരണകൂട സമീപനങ്ങളിലെ മാറ്റത്തിന്റെ പ്രതിഫലനമാണ്. മെറിറ്റ് അധിഷ്ടിത തൊഴില്‍ നിയന്ത്രണ സംവിധാനം ഇല്ലായെന്നതാണ് നിലവിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഒരു പ്രധാന പ്രശ്നമായി നയരേഖ ചൂണ്ടിക്കാട്ടുന്നത്. മറ്റൊന്ന് സോഷ്യോ ഇക്കണോമിക്കലി ഡിസ്അഡ്വാന്റേജ്ഡ് പ്രദേശങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലഭ്യതക്കുറവും. ഈ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ നയം ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തന പദ്ധതിയില്‍ 'നിയമനത്തില്‍ മെറിറ്റ് ഉറപ്പാക്കുന്നതിലൂടെ മികച്ച അധ്യാപകരെ കണ്ടെത്തും' എന്ന് പ്രഖ്യാപിക്കുന്നു. നിയമനത്തിൽ മെറിറ്റ് മാത്രം നയമായിത്തീരുന്നതിന്റെ രാഷ്ട്രീയ താത്പര്യം വിശദീകരണം ആവശ്യമില്ലാത്തവിധം സുവ്യക്തമാണ്. പിന്നാക്ക പ്രദേശങ്ങളിലെ ലഭ്യതക്കുറവിനോ അത്തരം സമൂഹങ്ങളുടെ പങ്കാളിത്തത്തിനോ സവിശേഷമായ പദ്ധതികൾ നയത്തിൽ എവിടെയും പരാമർശിക്കുന്നുമില്ല. 

SDGE വിഭാഗത്തിലെ കുട്ടികളുടെ ഉന്നമനത്തിന് 
സ്കോളര്‍ഷിപ്, ഓണ്‍ലൈന്‍ പഠനം, വിദൂര പഠനം തുടങ്ങിയവയാണ് നടപ്പാക്കേണ്ടതെന്നാണ് നയത്തിന്റെ കാഴ്ചപ്പാട്. പട്ടിക ജാതി, പട്ടിക വര്‍ഗം, ഒ ബി സി അടക്കം എസ് ഇ ഡി ജി വിഭാഗത്തില്‍പെട്ട മെറിറ്റുള്ള കുട്ടികള്‍ക്ക് പഠനത്തിനായി  പ്രോത്സാഹനം നല്‍കുമെന്ന് പ്രത്യേകം പറയുന്നു. 'മെറിറ്റുള്ള' പിന്നാക്കക്കാർ എന്ന പ്രയോഗം തന്നെ ദുരൂഹവും ദുരുദ്ദേശപരവുമാണ്. പ്രശ്ന പരിഹാരത്തിന് നയം മുന്നോട്ടുവക്കുന്ന ഒറ്റമൂലി സാന്പത്തിക സഹായങ്ങളാണ്. സ്കോളര്‍ഷിപ് പോര്‍ട്ടല്‍ വിപുലീകരിക്കുമെന്നും സ്വകാര്യ സ്ഥാപനങ്ങൾ വഴി കൂടുതല്‍ സ്കോളര്‍ഷിപുകള്‍ ഏർപെടുത്തുമെന്നും നയത്തിൽ പറയുന്നു. ഭിന്ന ശേഷിയുള്ളവരെയും പെണ്‍കുട്ടികളെയും ആംഗ്യ ഭാഷയെയുമൊക്കെ പ്രത്യേകം  എടുത്തുപറയുന്പോഴും  സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനെക്കുറിച്ച് നയരേഖ മൗനം പാലിക്കുന്നു. വിദ്യാഭ്യാസത്തില്‍ തുല്യത ചർച്ച ചെയ്യുന്ന ഭാഗത്തും പ്രശ്നകാരണങ്ങളായി നയം പരിഗണിക്കുന്നത് സാന്പത്തികം, ഉന്നത വിദ്യാഭ്യാസച്ചിലവ്, പ്രവേശന നടപടിക്രമങ്ങൾ,  ഉപരിപഠനത്തെക്കുറിച്ച കുട്ടികളുടെ അജ്ഞത തുടങ്ങിയവയാണ്. ഗവേഷണ മേഖലയിലെ പ്രവര്‍ത്തനത്തിലും നയം ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നത് മെറിറ്റ് അടിസ്ഥാനമാക്കിയും സൂക്ഷ്മ നിരീക്ഷണം നടത്തിയും പണം ചിലവിടുക എന്നാണ്. 

മൊത്തത്തില്‍ പരിശോധിക്കുന്പോള്‍, സാമൂഹിക അസമത്വവും അതുവഴിയുണ്ടാകുന്ന പിന്നാക്കാവസ്ഥയും അതിലൂടെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പുറന്തള്ളപ്പെടുന്നതും പരിഹരിക്കാന്‍ പുതിയ വിദ്യാഭ്യാസ നയം ഉദ്ദേശിക്കുന്നില്ല എന്നാണ് മനസ്സിലാക്കാനാകുക. എന്നാൽ അത്തരം പ്രശ്നങ്ങളെ പൂർണമായി അവഗണിച്ചുവെന്ന് പറയാനാകാത്തവിധം ചില സാന്ദർഭിക പരാമർശങ്ങൾ 'നയത്തിൽ' നടത്തുന്നുണ്ട്. ഒപ്പം സാന്പത്തിക പ്രശ്നങ്ങള്‍ കാരണമുണ്ടാകുന്ന പിന്നാക്കാവസ്ഥയിലും അതിന്റെ പരിഹാരത്തിലും ഊന്നുകയും ചെയ്യുന്നു.  എല്ലാവരെയും ഉള്‍കൊള്ളുക എന്നതാണ് പുതിയ നയം അടിസ്ഥാന സമീപനമായി മുന്നോട്ടുവക്കുന്നത് എങ്കിലും പ്രയോഗത്തില്‍ ദുര്‍ബലരും പിന്നാക്കക്കാരും ദരിദ്രരും വിദ്യാഭ്യാസ മേഖലയില്‍നിന്ന് പുറന്തള്ളപ്പെടുമെന്ന ആശങ്ക അവശേഷിക്കുന്നു. 

പുതിയ നയത്തിന്റെ കരട് രേഖ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇത് തയാറാക്കിയ സമിതി അധ്യക്ഷൻ ഡോ. കസ്തൂരിരംഗനോട് സംവരണം എന്ന വാക്ക് ഒഴിവാക്കിയതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ മാധ്യമപ്രവർത്തകന്റെ ചോദ്യമുണ്ടായി. അതിനദ്ദേഹം പറഞ്ഞൊഴിഞ്ഞ മറുപടി ഇതാണ്: 'അണ്ടര്‍ പ്രിവിലേജ്ഡ് എന്ന് പരാമര്‍ശിക്കുന്നിടത്തെല്ലാം ദലിത്-പിന്നാക്ക വിഭാഗങ്ങളും ഉള്‍പെടും. സംവരണത്തില്‍ തൊടാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല, നയം നടപ്പാക്കുമ്പോള്‍ എന്തെങ്കിലും അപാകമുണ്ടായാല്‍ അത് തിരുത്തണം. അതിലപ്പുറം (സംവരണത്തെക്കുറിച്ച്) എനിക്കൊന്നും പറയാനില്ല.'  പബ്ലിക് ഫണ്ടിങ്ങിനെക്കുറിച്ചും സ്വാശ്രയ സംവിധാനങ്ങളെക്കുറിച്ചും സാന്പത്തിക സഹായങ്ങളെക്കുറിച്ചുമെല്ലാം പലവട്ടം പരാമർശിക്കുന്ന നയ രേഖയാണ് സംവരണം എന്ന വാക്കിന് അപ്രഖ്യാപിത വിലക്കേർപെടുത്തിയത്.  സംവരണത്തിൽ തൊടാൻ തനിക്കധികാരമില്ലെന്ന വ്യാഖ്യാനം കസ്തൂരിരംഗന്റെ വെറും മുട്ടുന്യായം മാത്രമല്ല, പുതിയ വിദ്യാഭ്യാസ നയരേഖ ഉൾവഹിക്കുന്ന തൊട്ടുകൂടായ്മയെ തുറന്നുകാട്ടുന്ന നയപ്രഖ്യാപംകൂടിയാണ്. 

(മീഡിയവൺ ഷെൽഫ്, ഒക്ടോബർ 31, 2025)

ലിങ്ക്:
https://www.mediaoneonline.com/kerala/nep-and-pm-shri-mediaone-investigation-part-3-304825

സ്വപ്നം ഗുരുകുലം, പ്രയോഗം സ്വാശ്രയം



നയം വന്നാൽ നിറം മാറുമോ ? 
ഭാഗം 4




ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടിയന്തരമായി നടപ്പാക്കേണ്ട പരിഷ്കരണത്തെ പുതിയ ദേശീയ വിദ്യാഭ്യാസ നയം വിശദീകരിക്കുന്നത് ഇങ്ങിനെയാണ്:  'ഉന്നത വിദ്യാഭ്യാസത്തിന്റെ ഘടന സംബന്ധിച്ച് ഈ നയത്തിന്റെ ഏറ്റവും പ്രധാന ശിപാർശ, ബഹുവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന ബൃഹദ് സർവകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മകളിലേക്കും മാറുകയെന്നതാണ്. ഇന്ത്യയിലെയും ലോകത്തിലെയും ആയിരക്കണക്കിന് വിദ്യാർഥികൾ പല വിഷയങ്ങൾ പഠിച്ചിരുന്ന പ്രാചീന ഇന്ത്യൻ സർവകലാശാലകളായ തക്ഷശില, നളന്ദ, വല്ലഭി, വിക്രമശില എന്നിവ വലിയ സർവകലാശാലകളുടെ വിജയകരമായ പ്രവർത്തനം കാഴ്ചവച്ചവയാണ്. സമഗ്രവും നൂതനവുമായ വ്യക്തികളെ സൃഷ്ടിക്കുന്നതിന് ഈ മഹത്തായ ഇന്ത്യൻ പാരമ്പര്യം ഇന്ത്യയ്ക്ക് അടിയന്തിരമായി തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. ഈ മാതൃകകൾ മറ്റ് രാജ്യങ്ങളിൽ വിദ്യാഭ്യാസ, സാമ്പത്തിക രംഗത്ത് വലിയ പരിവർത്തനം ഇതിനകം സൃഷ്ടിച്ചുകഴിഞ്ഞിട്ടുണ്ട്' (പേജ് 34).

നളന്ദയും തക്ഷശിലയുമാണ് വരുംകാലത്തെ ഇന്ത്യൻ മാതൃകയെന്ന് ഒന്നിലധികം സ്ഥലങ്ങളിൽ നയം ആവർത്തിച്ചു പറയുന്നു. 'മൾട്ടി ഡിസിപ്ലിനറി എജുക്കേഷൻ' എന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടുവക്കുന്നത്. പ്രത്യേക വിഷയങ്ങളിൽ കേന്ദ്രീകരിക്കുന്ന സ്പെഷലൈസ്ഡ് സർവകലാശാലകളാണ് കേരളത്തിലടക്കം ഇപ്പോൾ രാജ്യത്ത് വ്യാപകമായി പ്രവർത്തിക്കുന്നത്. ഈ സമീപനത്തിൽ നിന്ന് മാറി, എല്ലാ വിഷയങ്ങളും ഒരിടത്ത് പഠിപ്പിക്കുന്ന സർവകലാശാല എന്ന ആശയത്തിലേക്കുള്ള മാറ്റത്തിനാണ് നളന്ദയും തക്ഷശിലയുമെല്ലാം മാതൃകാ പദ്ധതികളായി കേന്ദ്ര സർക്കാർ നിർദേശിക്കുന്നത്. നയം അർഥശങ്കക്കിടമില്ലാതെ തുടരുന്നു:  'ബാണഭട്ടന്റെ കാദംബരി പോലുള്ള പ്രാചീന ഇന്ത്യൻ സാഹിത്യകൃതികൾ 64 കലകളുടെയോ കലാരൂപങ്ങളുടെയോ അറിവാണ് നല്ല വിദ്യാഭ്യാസമായി വിവരിച്ചത്. ഈ 64 കലകളിൽ ഗാനം, ചിത്രകല എന്നിങ്ങനെയുള്ള വിഷയങ്ങൾ മാത്രമല്ല, രസതന്ത്രം, ഗണിതം തുടങ്ങിയ ശാസ്ത്രീയ മേഖലകൾ, മരപ്പണി, വസ്ത്രനിർമ്മാണം തുടങ്ങിയ തൊഴിൽ മേഖലകൾ, വൈദ്യശാസ്ത്രം, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണൽ മേഖലകൾ, ആശയവിനിമയം, ചർച്ച, വാദപ്രതിവാദം തുടങ്ങിയ സോഫ്റ്റ് സ്കില്ലുകൾ എന്നിവയും ഉൾപ്പെടുന്നു.'

നളന്ദ, വിക്രമശില, വല്ലഭി തുടങ്ങിയവ ലോക പൈതൃകത്തിന് നൽകിയ സന്പന്നമായ പാരന്പര്യങ്ങൾ ഭാവിതലമുറകൾക്കായി സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യണമെന്നും അവ മെച്ചപ്പെടുത്തി പുതിയ കാലത്ത് ഉപയോഗിക്കണമെന്നും നയം നിർദേശിക്കുന്നു. ഈ സങ്കൽപത്തിനനുസൃതമായി, അധ്യാപകരെ കേന്ദ്രീകരിച്ച് രൂപകൽപന ചെയ്യുന്ന വിദ്യാഭ്യാസ സന്പ്രദായമായിരിക്കും ഇനി രാജ്യത്ത് നടപ്പാക്കപ്പെടുക. വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെയെല്ലാം കേന്ദ്രബിന്ദു ഇനി അധ്യാപകരായിരിക്കുമെന്നും നയം വ്യക്തമാക്കുന്നു. അധ്യാപകരായി അക്കാദമിക് യോഗ്യതക്കപ്പുറം, വിഷയത്തിൽ വൈദഗ്ധ്യമുള്ളവരെ നിയമിക്കാൻ കഴിയും. 

കലാകാരന്മാരെയും എഴുത്തുകാരെയും കരകൗശല വിദഗ്ധരെയും പ്രാദേശിക വിജ്ഞാനീയങ്ങളിൽ അറിവുള്ളവരെയും ഗോത്ര-പാരന്പര്യ വിദഗ്ധരെയുമൊക്കെ അധ്യാപകരായി നിയമിക്കാം. ഇതിലൂടെ പരന്പരാഗത ഇന്ത്യൻ ജ്ഞാനലോകത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ  ഉൾകൊള്ളിക്കാനാകുമെന്നും വിദ്യാഭ്യാസ നയരേഖയിലൂട കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

പൗരാണിക പരീക്ഷണങ്ങൾ അപ്പാടെ പകർത്തി, പുതിയൊരു ഗുരുകുല സന്പ്രദായമാണ് നയം സ്വപ്നം കാണുന്നത് എങ്കിലും അതിന്റെ പ്രയോഗവത്കരണത്തിന് വേണ്ടി മുന്നോട്ടുവക്കുന്ന നിർദേശങ്ങൾ പക്ഷെ അത്രമേൽ വിദ്യാർഥി സൗഹൃദമല്ല. സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ഉത്തരവാദിത്തത്തിൽ നിന്ന് ഭരണകൂടം പിൻവാങ്ങിയേക്കുമെന്ന ആശങ്ക ശക്തമാക്കുന്നതാണ് പല നിർദേശങ്ങളും. ഇതുവരെ രാജ്യത്ത് നടന്ന പരീക്ഷണങ്ങളാൽ തന്നെ, സാധാരണക്കാരായ വിദ്യാർഥികൾക്ക് അപ്രാപ്യമാണെന്ന് ബോധ്യപ്പെട്ട സ്വാശ്രയ-സ്വയംഭരണ പദ്ധതികളാണ് നയത്തിന്റെ കാതൽ. സ്വകാര്യ സംരംഭങ്ങളും സർക്കാർ സംവിധാനങ്ങളും ഒരുപോലെയാകും പരിഗണിക്കപ്പെടുക. എങ്കിൽ മാത്രമേ വിദ്യാഭ്യാസ മേഖലയിൽ സാന്പത്തിക സുസ്ഥിരതയും നല്ല ഭരണവും കൈവരിക്കാനാകൂവെന്നാണ് നയം പറയുന്നത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് സ്വയം ഫീസ് നിർണയിക്കാം. അതിന് വേണ്ടി ഉയർന്ന ഫീസ് പരിധി നിശ്ചയിക്കും. എങ്കിലും സ്ഥാപനത്തിന്റെ ചിലവ് കണ്ടെത്താനുതകുന്ന തരത്തിൽ ഫീസ് നിശ്ചയിക്കാം. കേരളത്തിൽ മെഡിക്കൽ, എഞ്ചിനീയറിങ് മേഖലയിൽ പരീക്ഷിച്ച 50-50 മാതൃകയിലെ ഫീസ് ഘടനയിലൂടെ കുറച്ച് കുട്ടികൾക്ക് ഇളവുകളും സൗജന്യങ്ങളും നൽകണമെന്നും നയത്തിൽ ആവശ്യപ്പെടുന്നു. 15 കൊല്ലത്തിനകം എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വയം ഭരണ സ്ഥാപനങ്ങളായി മാറണം. അതത് സ്ഥാപനങ്ങളുടെ ബോർഡ് ഓഫ് ഗവർണേഴ്സിനായിരിക്കും നടത്തിപ്പിന്റെ പൂർണ സ്വതന്ത്ര അധികാരം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പബ്ലിക് ഫണ്ടിങ് ലഭിക്കണമെങ്കിൽ 'സ്ഥാപന വികസന പദ്ധതികൾ' ഉണ്ടാകണം. ഇതിന്റെ ആസൂത്രണവും നടത്തിപ്പും നിർവഹിക്കേണ്ട  ഉത്തരവാദിത്തവും അതത് സ്ഥാപനങ്ങൾക്ക് തന്നെയാണ്. അധ്യാപകരും കുട്ടികളു മാനേജ്മെന്‍റും ചേർന്ന് വികസനം നടപ്പാക്കണമെന്നും ഈ വികസനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പബ്ലിക് ഫണ്ട് ലഭിക്കുകയെന്നുമാണ് വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥ. 

ഫലത്തിൽ പ്രത്യക്ഷ ഘടനാ മാറ്റം മാത്രമല്ല, ഉള്ളടക്കത്തിലും സമീപനത്തിലും പ്രയോഗത്തിലുമെല്ലാം സമൂലമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഒന്നാണ് പുതിയ നയം. അത് നടപ്പാക്കുന്നവരുടെ വീക്ഷണങ്ങൾക്കും താത്പര്യങ്ങൾക്കും വേണ്ടത്ര ഇടം ഉറപ്പാക്കാൻ കഴിയുംവിധം അയഞ്ഞതും അതേസമയം സുദൃഢവുമായ ഘടനയിലാണ് നയം രൂപകൽപന ചെയ്തിരിക്കുന്നത്.  പുതിയ നയം ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയെ ഗുണപരമായി നവീകരിച്ചാൽ പോലും, രാജ്യത്തിന്റെ അടിസ്ഥാനപരമായ നയ സമീപനങ്ങളില്‍ ഗൗരവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. 

അക്കാദമിക സ്വാതന്ത്ര്യത്തിന് പകരം നടപ്പാക്കുന്ന അധികാര കേന്ദ്രീകരണം, സംവരണത്തിലെ ദുരൂഹമായ മൗനം, വാണിജ്യവത്കരണം ശക്തമാക്കിയേക്കാവുന്ന ഉദാര നയങ്ങള്‍, പലവഴികളലൂടെ നടത്തപ്പെടുന്ന പുറന്തള്ളലുകൾ, വൈവിധ്യങ്ങളെ ഉൾകൊള്ളാനാകാത്ത വിധമുള്ള ആശയങ്ങൾ തുടങ്ങി രാഷ്ട്രീയ അജണ്ടകളുടെ സ്വാധീനം വരെ ഭാവി ഇന്ത്യയുടെ സമതുലിതമായ വളർച്ചക്ക് വിഘാതാകുകതന്നെ ചെയ്യും.  

(മീഡിയവൺ ഷെൽഫ്, 2025, നവംബർ 1)

ലിങ്ക്: 

https://www.mediaoneonline.com/mediaone-shelf/analysis/dream-of-gurukulam-practice-of-self-reliance-nep-investigation-series-4-304943


നയം സംസ്കൃത മയം; അറബി, ഉറുദു പഠനം ഇല്ലാതാകും

കേരളം പിഎം ശ്രീയിൽ ഒപ്പിട്ടതോടെ സംഘപരിവാർ അജണ്ടകൾ ഒളിച്ച് കടത്തുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖല പൂർണമായി തുറ...