Sunday, January 27, 2013

എഴുതിത്തീരാത്ത പുസ്തകം



തിരുവനന്തപുരം: കേരളീയ സാമൂഹ്യ മണ്ഡലത്തെ ഇളക്കുയും മറിക്കുകയും ചെയ്ത അപൂര്‍വ ചിന്താലോകം ബാക്കി വച്ചാണ് കേരളീയ ഇടതുപക്ഷത്തിന്‍െറ ജൈവ ബുദ്ധിജീവിതം വിടപറയുന്നത്. ‘ഇസങ്ങിള്‍ക്കിപ്പുറം’ നിന്ന് എഴതുകുയും പറയുകയും പോരാടുകയും ചെയ്യുമ്പോഴും അതിനിരുപുറവുമുള്ളവരെ ഒരുപോലെ സ്തബ്ദമാക്കിയ ചിന്തകള്‍. അസമയമെന്ന് തോന്നിപ്പോകുന്ന ചില നേരങ്ങളില്‍ അപ്രതീക്ഷിതമായി ഇടിവെട്ടിപ്പെയ്ത വിചാരങ്ങള്‍. വാഴ്ത്താനും വഴക്കുപറയാനും രചിച്ച പുസ്തകങ്ങള്‍. പഠിക്കാനും സഖാക്കളെ പഠിപ്പിക്കാനും എഴുതിയവ. പറയാതെ പോകരുതെന്ന നിര്‍ബന്ധബുദ്ധിയാല്‍ പലപ്പോഴായി പങ്കുവച്ച വീക്ഷണങ്ങള്‍. ഇവയെല്ലാം ചേര്‍ന്ന സവിശേഷ വൈഞ്ജാനിക മണ്ഡലമാണ് ഇനി പി.ജിയുടെ ചരിത്രം.
മലയാളത്തിലെ മാക്സിസ്റ്റ് പഠന രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മുപ്പതിലേറെ പുസ്തകങ്ങളാണ് പി.ജി രചിച്ചത്. ഗഹനമായ അന്വേഷണങ്ങളുടെയും വിപുലമായ പഠനങ്ങളുടെയും പിന്‍ബലമായിരുന്നു ഓരോ പുസ്തകത്തെയും വേറിട്ടതാക്കിയത്. മാക്സിസ്റ്റ് സൗന്ദര്യശാസ്ത്രത്തെ ഇത്രമേല്‍ മലയാളത്തില്‍ പ്രയോഗിക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞിരുന്നില്ല. പി.ജിയുടെ ഏറ്റവും വലിയ സംഭാവനയും ഈ വിഷയത്തില്‍ തന്നെ -മാക്സിസ്റ്റ് സൗന്ദര്യ ശാസ്ത്രം -ഉത്ഭവവും വളര്‍ച്ചയും എന്ന പുസ്തകം. 1987ല്‍ പ്രസിദ്ധീകരിച്ചത്. ഈറ്റില്ലങ്ങളില്‍ തന്നെ മാക്സിസം തകര്‍ന്നുവീഴുമ്പോഴും ലോകത്താകമാനം അതിന്‍െറ ഉയിര്‍ത്തെഴുനേല്‍പ് നടക്കുന്നുവെന്ന് വാദിക്കാന്‍ അണികളെ പ്രാപ്തരാക്കുന്നതുകൂടിയായിരുന്നു പി.ജിയുടെ രചനകള്‍. ചെഗുവേരയും നെരൂദയും കൊസാംബിയും കോപ്പര്‍ നിക്കസും മലയാളത്തിലത്തെിയത് പി.ജിയിലൂടെ ആയിരുന്നു. ‘വിപ്ളവ പ്രതിഭകളെ’ ഇങ്ങനെ പരിചയപ്പെടുത്തിയപ്പോള്‍ ‘പൂന്താനം മുതല്‍ സൈമണ്‍ വരെ’ എന്ന പേരില്‍ മറ്റൊരു വ്യക്തി ചരിത്ര ലേഖന സമാഹാരവും വന്നു. പൂന്താനത്തിന്‍െറ ഭക്തകവി മേല്‍വിലാസം ഈ ഗ്രന്ധം പുനര്‍നിര്‍ണയിച്ചു.
കേരള നവോതഥാനം പി.ജിയുടെ ഇഷ്ട വിഷയങ്ങളിലൊന്നായിരുന്നു. നാല് സുപ്രധാന പുസ്തകങ്ങളാണ് ഈ രംഗത്ത് സംഭാവന ചെയ്തത്. നവോത്ഥാനത്തിന്‍െറ മതപരവും സൈദ്ധാന്തികവും സംഘടനാപരവുമായ വീക്ഷണങ്ങള്‍ക്കൊപ്പം വേലുക്കുട്ടി അരയന്‍, കെ.പി വള്ളോന്‍ തുടങ്ങി സവര്‍ണ മുഖ്യധാര തിരസ്കരിച്ച വ്യക്തിത്വങ്ങളെയും ഇതിലൂടെ പി.ജി മുന്നോട്ടുവച്ചു. എംഗല്‍സ്, ഇ.എം.എസ്, കെ. ദാമോദരന്‍, മാര്‍ ഗ്രിഗോറിയസ് എന്നിവരുടെ ജീവചരിത്രവും പി.ജിയെഴുതി. ജീവല്‍സാഹിത്യ പ്രസ്ഥാനം മുതല്‍ പുരോഗമന സാഹിത്യ പ്രസ്ഥാനം വരെ ഇടതുസാഹിത്യ പ്രവര്‍ത്തനങ്ങളെ നവീകരിക്കുകയും ചലനാത്മകമാക്കുകയും ചെയ്ത കൂട്ടായ്മയെ ഏറെക്കാലം കേരളത്തില്‍ നയിച്ചതും പി.ജിയായിരുന്നു. ആഗോളവല്‍കരണം, സാര്‍വദേശീയത തുടങ്ങി രാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം നിരവധി സാഹിത്യ പഠനങ്ങളും ഇക്കാലയളവിലുണ്ടായി. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ‘വൈഞ്ജാനിക വിപ്ളവം -ഒരു സാംസ്കാരിക ചരിത്രം’. നടപ്പിലും ഇരിപ്പിലുമെല്ലാം സ്വയം മറന്ന് പുസ്തകം വായിക്കുന്ന പി.ജിയുടെ ഏറ്റവും വലിയ ശേഖരവും പുസ്തകങ്ങള്‍ തന്നെ. ഇടങ്ങളെല്ലാം പുസ്തക കെട്ടുകള്‍ ആക്രമിച്ചുകീഴടക്കിയ വീട്ടില്‍ ഒടുവില്‍ മുപ്പതിനായിരുത്തിലേറെ പുസ്തകങ്ങള്‍ അടുക്കിവച്ച ലൈബ്രറി കൂടി പിന്‍തലമുറക്കായി ബാക്കിവച്ചിട്ടുണ്ട്.
എഴുതിയും വായിച്ചും ബാക്കിവച്ച പുസ്തകങ്ങള്‍ പോലെ തന്നെ ചരിത്രത്തിലിടം നേടിയ പ്രസ്താവനകളാലും സമൃദ്ധമായിരുന്നു പി.ജിയുടെ ബൗദ്ധിക ജീവിതം. ആരെയും വെറുതെ വിട്ടില്ളെന്ന് പറയാനാകും വിധമുള്ള വൈവിധ്യവും വൈപുല്യവും അതിലുമുണ്ട്. കേവല വിവാദങ്ങള്‍ക്കപ്പുറമുള്ള ആധികാരിക വിമര്‍ശങ്ങളായിരുന്നു അവയെല്ലാം. ഇടിത്തീ പോലെ വന്നുവീണ അത്തരം വിമര്‍ശങ്ങളിലൂടെ പല വിഗ്രഹങ്ങളും വീണുടഞ്ഞു. ചൈന മുതല്‍ ഇ.എം.എസ് വരെ അതിനിരയായി. പാര്‍ട്ടിയിലെ മികച്ചവരെയെല്ലാം ഇ.എം.എസ് ഇല്ലാതാക്കി എന്ന വിമര്‍ശം ഏറെ ഒച്ചപ്പാടുണ്ടാക്കി. എം.എന്‍ വിജയന്‍ മാക്സിസ്റ്റുകാരനേയല്ളെന്ന് തുറന്നടിച്ചു. ക്രിസ്റ്റഫര്‍ സനൂസി മുതല്‍ ജോസഫ് മുണ്ടശ്ശേരി വരെ പി.ജിയുടെ വാക്കുകള്‍ക്കിരയായി. ആര്‍ക്കും പ്രതിരോധിക്കാനാകാത്ത വിമര്‍ശങ്ങളായി അതെല്ലാം ചരിത്രത്തില്‍ ബാക്കിയായി. ആത്മീയാനുഭവങ്ങളെയും വിശ്വാസാചാരങ്ങളെയും അപനിര്‍മിച്ച് അത് കമ്യൂണിസ്റ്റുകാരനിണങ്ങും വിധം വ്യാഖ്യാനിച്ചത് കേരളത്തിലെ ഇടതുപക്ഷത്തെ തന്നെ ഞെട്ടിച്ചു. പാര്‍ട്ടി, പരിഷ്കര്‍ത്താവായി വാഴ്ത്തുന്ന മന്നത്ത് പത്മനാഭന്‍ പ്രഖ്യാപിത വര്‍ഗീയ വാദിയാണെന്ന് സമര്‍ഥിച്ചപ്പോള്‍ എന്‍.എസ്.എസും സി.പി.എമ്മും ഒരുപോലെ വിയര്‍ത്തു. സമൂഹത്തിലുറച്ചുപോയ മൂല്യബോധങ്ങളെ അട്ടിമറിച്ച് പുതിയ വീക്ഷണങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ പാര്‍ട്ടിപോലും വെട്ടിലായി. അടങ്ങാത്ത വൈഞ്ജാനികാന്വേഷണ തൃഷ്ണയാല്‍ വായിച്ചും പിന്‍മുറക്കാര്‍ക്കായി ഓര്‍മയില്‍ സൂക്ഷിച്ചും കൊണ്ടുനടന്ന പുതുചിന്തകളുടെ എഴുതിത്തീരാത്ത പുസ്തകമായിരുന്നു ആ ജീവിതം. ഒപ്പം വിഗ്രഹങ്ങള്‍ തച്ചുടച്ച വാക്കുകളുടെ സമാഹാരവും. ഇതുരണ്ടും ചേര്‍ന്നാലേ പി.ജി പൂര്‍ണമാകൂ.

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...