Sunday, January 27, 2013

ഭൗതികവദികളുടെ ആതമീയാചാര്യന്‍തിരുവനന്തപുരം: വിരസമായ നാസ്തികത മാത്രമാണ് വിപ്ളവ വഴിയെന്ന് കരുതിയിരുന്ന കേരളത്തിലെ വൈരുദ്ധ്യാത്മക ഭൗതിക വിശ്വാസികളെ പലവട്ടം അങ്കലാപ്പിലാഴ്ത്തിയ ‘ആത്മീയാചാര്യനാ’യിരുന്നു പി. ഗോവിന്ദ പിള്ള. പ്രതിലോമകരമെന്ന് പാര്‍ട്ടി വിധിയെഴുതിയ വിശ്വാസാചാരങ്ങളെ പിന്തുണച്ചും പാര്‍ട്ടി സ്വീകാര്യമെന്ന് ന്യായീകരിച്ച മതാചാര്യരെ വര്‍ഗീയവാദികളെന്ന് സമര്‍ഥിച്ചും ‘ആത്മീയ വഴികളിലും’ പി.ജി അസാധാരണമായ ധീരതയോടെ വേറിട്ടുനടന്നു.
ഫാദര്‍ കമിലോ തോറെയുടെ മരണത്തെ മുന്‍നിര്‍ത്തിയാണ് ദൈവ വിശ്വാസവും വിപ്ളവവും ശത്രുക്കളല്ളെന്ന ആദ്യകാല വ്യാഖ്യാനം വരുന്നത്. പി.ജി എഴുതി: ‘നാസ്തികവും സാര്‍വത്രിക കലാപവും പ്രസംഗിച്ച് ഫലത്തില്‍ നിഷ്കൃയരായി നില്‍ക്കുകയോ ശത്രുപക്ഷത്ത് അഭയം തേടുകയോ ചെയ്യുന്ന കപട വിപ്ളവകാരികളേക്കാള്‍ എന്തുകൊണ്ടും മാക്സിസ്റ്റുകള്‍ക്ക് സ്വീകാര്യന്‍ ഫാദര്‍ കമിലോയെപ്പോലുള്ളവരാണ്.’ ഇന്ത്യന്‍ ഇടതുരാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഈ നിലപാട് പിന്നീട് ആള്‍ദൈവാചാര പരിസരത്തോളം പി.ജി വികസിപ്പിക്കുകയും ചെയ്തു. പാര്‍ട്ടിക്ക് പലതും അച്ചടക്ക പ്രശ്നങ്ങള്‍ മാത്രമായപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് അത് പുതിയ വഴികള്‍ തുറന്ന സംവാദങ്ങളായി മാറി.
1985ല്‍, ഭാര്യയുടെ നേര്‍ച്ച വീട്ടാന്‍ ശബരിമല കയറിയ പി.ജി നേരിട്ടത് വലിയ കോലാഹലങ്ങളായിരുന്നു. ചലച്ചിത്ര വികസന കോര്‍പറേഷന്‍ മേധാവിയായിരുന്ന അന്ന് പി.ജി. ഒടുവില്‍ ലൊക്കേഷന്‍ നോക്കാന്‍ പോയിയെന്ന സാങ്കേതികത്വത്തിലാണ് ആ വിവാദം അവസാനിപ്പിച്ചത്. മലയാലപ്പുഴ ക്ഷേത്രത്തിലും മലയാറ്റൂര്‍ പള്ളിയിലും പുട്ടപര്‍ത്തിയിലും ആത്മീയാന്വേഷണ സന്ദര്‍ശനങ്ങള്‍  നടത്തിയ പി.ജി കുരിശുമല കയറാനും മടിച്ചില്ല. മനുഷ്യനില്‍ അന്തര്‍ലീനമായ ആത്മീയതയുടെ സ്വാഭാവികാംശങ്ങളെ തൃപ്തിപ്പെടുത്താന്‍ മാക്സിസത്തിന് കഴിയുന്നില്ളെന്ന് നിരീക്ഷിച്ച പി.ജി പക്ഷെ, താനൊരിക്കലും ആത്മീയവാദിയല്ളെന്ന് തീര്‍ത്ത് പറയാനും മടിച്ചില്ല.
‘എനിക്ക് വാസ്തവത്തില്‍ അമൃതാനന്ദമയിയുടെ അവിടെയൊന്ന് പോയല്‍ കൊള്ളാമെന്നുണ്ട്. ആളുകള്‍ പറഞ്ഞുകേട്ടത് മതിയോ നമുക്ക് ഈ ലോകത്തുള്ളതിനെ പറ്റി അഭിപ്രായം രൂപവല്‍കരിക്കാന്‍? അമൃതാനന്ദ മയിയില്‍ നിന്ന് ആശ്വാസം കിട്ടുമ്പോള്‍ ഭാരമൊന്ന് ഇറക്കി വക്കണമെന്ന് തോന്നിയാല്‍ അതൊരു ലോവര്‍ ലവല്‍ ഇന്‍റലിജന്‍സ് ആണെന്ന് നമുക്ക് വേണമെങ്കില്‍ ആക്ഷേപിക്കാം. എന്നല്ലാതെ അതൊരു അപകടമാണെന്നോ പാപമാണെന്നോ എനിക്കഭിപ്രായമില്ല.’ -വിവാദമായ ഒരു അഭിമുഖത്തില്‍ പി.ജി പറഞ്ഞു. അതവിടെയും അവസാനിപ്പിച്ചില്ല: ‘ക്ഷേത്രങ്ങളോട് അന്ധമായ എതിര്‍പ്പ് പാടില്ല. പാര്‍ട്ടി അനുഭാവികള്‍ക്ക് ക്ഷേത്രത്തില്‍ പോകാം. മാത്രമല്ല, അങ്ങിനെ പോകുന്നതാണ് നല്ലത്.’ പി.ജിയുടെ ഈ നിലപാടുകള്‍ കണ്ട് പി.പരമേശ്വരന്‍ പോലുള്ള ഹിന്ദുത്വ ബുദ്ധിജീവികള്‍ ആവേശംകൊണ്ടെങ്കിലും കേരളം അവരുട ആവേശങ്ങള്‍ തിരസ്കരിച്ചു. മൗലിക ചിന്തയുടെ വേറിട്ട വഴികളിലൂടെ സ്വയം ബോധ്യങ്ങളാല്‍ നടന്നുപോകുന്ന ഒറ്റയാനാണ് പി.ജിയെന്ന കേരളീയരുടെ ഉത്തമ വിശ്വാസമായിരുന്നു ആ തിരസ്കാരങ്ങള്‍. പേരെടുത്ത പല വിപ്ളവകാരികള്‍ക്കും സംഭവിച്ചപേലെ വാര്‍ധക്യകാലത്തുണ്ടായ വേവലാതികള്‍ ആയിരുന്നില്ല പി.ജിയുടെ ഈ നിലപാടുകള്‍. മറിച്ച്, മാക്സിസത്തില്‍ ആത്മീയതയുടെ കുറവുണ്ടെന്ന ചരിത്രപരമായ ബോധ്യങ്ങളില്‍ നിന്ന് രൂപപ്പെടുത്തിയ സൂക്ഷ്മ നിരീക്ഷണങ്ങള്‍ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് വേണ്ടി തിരുത്താനും മറിച്ചും തിരിച്ചും പറഞ്ഞ് പാര്‍ട്ടിക്കൊപ്പമെന്ന് വരുത്തി തീര്‍ക്കാനും പി.ജി മെനക്കെട്ടില്ല. അതായിരുന്നു പി.ഗോവിന്ദ പിള്ള.

(madhyamam)

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND) തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ...