Sunday, January 27, 2013

അധികാരം മതം മാധ്യമം: വ്യാജ നിര്‍മിതിയുടെ ഗൂഡ വഴികള്‍മതരഹിതമായ മതേതര സങ്കല്‍പത്തെകുറിച്ച സ്വപ്ന പദ്ധതിയാണ് ഇന്ത്യന്‍ ജനാധിപത്യം. കേരളത്തില്‍ വിശേഷിച്ചും. മതം/മത താല്‍പര്യം ഒഴിച്ചുനിര്‍ത്തിയുള്ള ജനാധിപത്യ പ്രകൃയ ഇന്നുവരെ പ്രയോഗത്തില്‍ സാധ്യമായിട്ടില്ളെങ്കിലും മതരഹിത രാഷ്ട്രീയ സ്വപ്നം കേരളീയ പൊതുബോധത്തില്‍ നിന്ന് ഒഴിഞ്ഞുപോയിട്ടില്ല. സമൂഹ നിര്‍മിതിയുടെ വിവിധ തലങ്ങളില്‍ മതവും അധികാരവും ഒന്നിച്ചുപ്രവര്‍ത്തിക്കുന്നുമുണ്ട്. പല താല്‍പര്യങ്ങളാണ് ഈ സഹവര്‍ത്തിത്വത്തെ നിര്‍ണയിക്കുന്നത്. മതം അധികാരത്തെ ഉപയോഗിക്കുംപോലെ തന്നെ തിരിച്ചും സംഭവിക്കുന്നു. മതവും അധികാരവും പോലെ തന്നെയാണ് അധികാരവും മാധ്യമങ്ങളും തമ്മില്‍.
കേരളത്തിലെ മാധ്യമങ്ങള്‍ പൊതുവെ ഇടത്-ദലിത്-മുസ്ലിം വിരുദ്ധ സമീപനത്തില്‍ കുപ്രസിദ്ധമാണ്. കേരളത്തിന്‍െറ വലതു-സവര്‍ണ പൊതു ബോധമാണ് ഇത്തരമൊരു മാധ്യമ സമീപനത്തിലേക്ക് നയിക്കുന്നത്. ഇടതുപക്ഷ വാര്‍ത്തകളായി മാധ്യമങ്ങളില്‍ നിറയുന്നത് സവര്‍ണ-വലതു താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ചര്‍ച്ചകള്‍ മാത്രമാണ്. ഇസ്ലാമിക മൂല്യങ്ങളെ നിഷേധാത്മക ചിഹ്നങ്ങളോട് ചേര്‍ത്തുവക്കുകയും പകരം മുസ്ലിം എന്ന വിവക്ഷയില്‍ വ്യാജ ഇസ്ലാമികതകളെ അവ മുന്നോട്ടുവക്കുകയും ചെയ്യുന്നു. ദലിത് വിഷയങ്ങളിലും കാണാം ഈ കാപട്യം. ഇതില്‍ ഇടതുവിരുദ്ധ മാധ്യമ സമീപനത്തെ ‘സിന്‍റിക്കേറ്റ്’ വിമര്‍ശം ഉന്നയിച്ച് പ്രതിരോധിക്കാനോ സംശയ നിഴലിലാക്കാനോ അവരുടെ സംഘടിത ശേഷിക്കു കഴിഞ്ഞു. എന്നാല്‍ അതേയളവില്‍ മാധ്യമ ആക്രമണത്തിന് വിധേയരാകുന്ന മറ്റ് വിഭാഗങ്ങള്‍ക്ക് ഇത്തരമൊരു പ്രതിരോധം പോലുമുയര്‍ത്താന്‍ കഴിയുന്നില്ല.
സംഘടിത സ്വഭാവ വിശേഷങ്ങളോടെ പ്രവര്‍ത്തിക്കുന്ന ‘അസംഘടിത കൂട്ടായ്മ’യാണ് കേരളത്തിലെ മാധ്യമങ്ങള്‍. ഈ സംഘടിത സ്വഭാവങ്ങളാണ് അതിനോടെതിരിടാന്‍ ശേഷിയില്ലാത്ത ദുര്‍ബല വിഭാഗങ്ങളെ നിസ്സഹായരാക്കുന്നത്. രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ വൈവിധ്യം പുലര്‍ത്തുമ്പോള്‍ തന്നെ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന പൊതുബോധത്തില്‍ ഏറെ സമാനതകളുണ്ട്. വലതുപക്ഷവും സവര്‍ണതയും അതില്‍ സുപ്രധാനമാണ്. പല സവിശേഷ സന്ദര്‍ഭങ്ങളിലും അവ ഈ പൊതുസ്വഭാവം പ്രകടിപ്പിക്കാറുണ്ട്. ദുര്‍ബലവിഭാഗങ്ങളുടെ സാമൂഹ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വിശേഷിച്ചും. എന്നാല്‍ മാധ്യമ സ്ഥാപനങ്ങളുടെ ധാരാളിത്തം സൃഷ്ടിച്ച കടുത്ത മല്‍സരം ഇത്തരം ചില ഒത്തുതീര്‍പ്പുകളെ തകിടം മറിക്കുന്നതായി സമീപകാലത്ത് അനുഭവപ്പെട്ടിരുന്നു. മാധ്യമ സംസ്കാരത്തിലെ പൊളിച്ചെഴുത്തായി ഇത് വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
അധികാരത്തിന് അതിന്‍െറ വഴികള്‍ സുരക്ഷിതമാക്കുക എന്നത് സുപ്രധാനമാണ്. ഏത് ആശയത്തെ മുന്‍നിര്‍ത്തി സ്ഥാപിക്കപ്പെടുന്ന വ്യവസ്ഥാപിത സര്‍ക്കാരിനും പോലിസ് പോലുള്ള അധികാര സ്ഥാപനങ്ങള്‍ക്കും ഇതിനായി രഹസ്യാവിഷ്കാരങ്ങളുണ്ടാകാറുണ്ട്. മതങ്ങളും ഇക്കാര്യത്തില്‍ അപവാദമല്ല. എന്നാല്‍ മതവും അധികാരവും മാധ്യമങ്ങളും ഒന്നുചേര്‍ന്ന് വ്യാജ സാമൂഹ്യ ബോധ നിര്‍മിതികളിലൂടെ സാംസ്കാരിക അട്ടിമറി സാധിച്ചെടുത്ത കറുത്ത ചരിത്രമാണ് ബീമാപള്ളിയിലെ വെടിവെപ്പ്. ‘മാധ്യമ സമീപനത്തിലെ പൊളിച്ചെഴുത്ത്’ തുടങ്ങിയ ധാരണകളെയെല്ലാം തകര്‍ത്തുകളഞ്ഞ ഒത്തുതീര്‍പ്പായിരുന്നു അവിടെ കണ്ടത്. മല്‍സരത്തിന്‍െറ സാധ്യതകള്‍ പോലും മാറ്റിവച്ച് പാരസ്പര്യത്തിന്‍െറ സവിശേഷ തലത്തിലേക്ക് അവ ചുവടുമാറ്റി. ആറുപേരുടെ ജീവനെടുത്ത വെടിവെപ്പിന് സ്വാഭാവികമായി ലഭ്യമാകേണ്ട മാധ്യമ പരിഗണന ആദ്യ നാള്‍ തൊട്ടേയുണ്ടായിരുന്നില്ല. ഒരു കുട്ടിയടക്കം വെടിയേറ്റുമരിക്കുകയും മറ്റൊരാളെ തീരത്ത് വലിച്ചിഴക്കുകയും ചെയ്തതിലെ മനുഷ്യാവകാശ പ്രശ്നം പോലും ഉന്നയിക്കപ്പെട്ടില്ല. വര്‍ഗീയ സംഘര്‍ഷം എന്ന സങ്കീര്‍ണമായ വിശേഷണം ചാര്‍ത്തി അവ സ്വയം പിന്‍മാറുകയായിരുന്നു. പിന്നീട് അധികാരത്തിന് അതിന്‍െറ ഇരിപ്പിടം സുരക്ഷിതമാക്കാന്‍ എളുപ്പവഴിയൊരുക്കാന്‍ അവ രംഗത്തിറങ്ങി. അധികാരത്തോട് ചേര്‍ന്നുനിന്ന മതം മാധ്യമങ്ങള്‍ക്ക് കൈത്താങ്ങായി. മതം, അധികാരം, മാധ്യമം എന്നിവ ഇങ്ങനെ പരസ്പരം സഹകരിച്ച് സൃഷ്ടിച്ചെടുത്ത വ്യാജ പ്രതിച്ഛായകളിലൂടെ കേരളം കണ്ട ഏറ്റവും വലിയ വെടിവപ്പിനെ സമുഹ മധ്യത്തില്‍നിന്ന് അവ എടുത്തുകളഞ്ഞു.
മൂന്ന് തരത്തിലാണ് മാധ്യമങ്ങള്‍ ഈ സംഭവത്തെ സമീപിച്ചത്. വെടിവെപ്പ് നടന്നയുടന്‍ അത് വര്‍ഗീയ സംഘര്‍ഷമാണെന്ന തീര്‍പ്പിലേക്ക് ദൃശ്യമാധ്യമങ്ങളത്തെി. പിന്നീട് ഏറ്റവും വലിയ വാര്‍ത്താ തിരസ്കാരം സംഭവിച്ചതും ദൃശ്യമാധ്യമങ്ങളിലാണ്. പത്രമാധ്യമങ്ങള്‍ പക്ഷെ കുറച്ചുകൂടി വ്യത്യസ്തമായി തുടക്കത്തില്‍ വിഷയത്തെ സമീപിച്ചു. എന്നാലും പൊതുചര്‍ച്ചയാക്കി മാറ്റുന്നതില്‍ അവ വൈമുഖ്യം കാട്ടി. നഷ്ടപരിഹാരം, പോലിസിനെതിരായ നടപടി, പ്രതികരണങ്ങള്‍ തുടങ്ങിയ അനുബന്ധ വാര്‍ത്തകള്‍ പിന്തുടരാന്‍ അച്ചടി മാധ്യമങ്ങള്‍ താല്‍പര്യം കാട്ടിയതാണ് രണ്ടാമത്തെ തലം. ജുഡീഷ്യല്‍ അന്വേഷണം വെരയുള്ള നടപടികള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. എന്നാല്‍ വെടിവപ്പിലേക്ക് നയിച്ച കാരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലും അതിന്‍െറ ന്യായാന്യായതകള്‍ പൊതു സമൂഹത്തിന്  മുന്നിലത്തെിക്കുന്നതിലും അവ വലിയ വീഴ്ച വരുത്തി. എന്നുമാത്രമല്ല, പ്രശ്നത്തെ അധികാര കേന്ദ്രങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിമറിക്കുകയും ഒരു സമൂഹത്തെ അപഹസിക്കുകയും ചെയ്യുന്നതിലേക്ക് അവ നീങ്ങുകയും ചെയ്തു.
സവിശേഷ സ്വഭാവങ്ങളുള്ള പ്രദേശമെന്ന നിലയില്‍ ‘ബീമാപള്ളി’ പുറംലോകത്തിന് നല്‍കുന്ന സന്ദേശവും അത് ബീമാപിള്ളിയേതര സമൂഹ മനസ്സില്‍ രൂപപ്പെടുത്തുന്ന ചിത്രവും ഈ സംഭവത്തിലെ മാധ്യമ സമീപനം നിര്‍ണയിച്ചതില്‍ സുപ്രധാനമാണ്. നാല് തരം വിശേഷണങ്ങളാണ് പൊതുസമൂഹം ബീമാപള്ളിക്ക് നല്‍കിയിരിക്കുന്നത്. 1. അപരിഷ്കൃതരായ തീരവാസികള്‍ 2. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കമായ സങ്കുചിതരും യാഥാസ്തിതികരുമായ മുസ്ലിംകള്‍. 3. വ്യാജ/ബ്ളാക് വിപണിയുടെ ഉല്‍പാദകരും നടത്തിപ്പുകാരും 4. രാജ്യത്തെ നിയമ സംവിധാനത്തെ നിരാകരിച്ച് നാട്ടുകാര്‍ സ്വയം നിര്‍മിച്ച നിയമം നടപ്പാക്കുന്ന പ്രാകൃത ദേശം. ഇതില്‍ തീരവാസികളോടുള്ള നിലപാട് കേരളത്തില്‍ പൊതുവെ കാണപ്പെടുന്നതാണ്. മുസ്ലിം, തീരദേശ മുസ്ലിം എന്നിവയില്‍ പ്രകടമാകുന്ന മുന്‍വിധിയും കേരളത്തിന്‍െറ പൊതു സ്വഭാവമാണ്. മറ്റ് ധാരണകള്‍ ബീമാപള്ളിക്ക് മാത്രം അവകാശപ്പെട്ടതാണ്. പൊതുസമൂഹത്തില്‍ ഈ  ധാരണ സൃഷ്ടിക്കുന്നതില്‍ അന്നാടും നാട്ടുകാരും വലിയ സംഭാവന ചെയ്തിട്ടുണ്ട്.
ഈ പ്രദേശം രൂപപ്പെട്ട പശ്ചാത്തലമാണ് കുപ്രസിദ്ധമായ ‘ബീമാപള്ളി ദേശീയത’ സംഷ്ടിച്ചത്. അത്ഭുത സിദ്ധികള്‍ ആരോപിക്കപ്പെട്ട രണ്ട് വിശിഷ്ട വ്യക്തികളുടെ സംസ്കാര സ്ഥലത്തെയും അതിനൊപ്പമുള്ള മുസ്ലിം പള്ളിയെയും ചുറ്റിപ്പറ്റി വളര്‍ന്ന വിശ്വാസങ്ങളുടെ ചുവട്ടില്‍ രൂപപ്പെട്ടതാണ് ബീമാപള്ളി ഗ്രാമം. ഏതൊരു കടല്‍തീരത്തുമെന്ന പോലെ ജനങ്ങളത്രയും മല്‍സ്യബന്ധനം ഉപജീവനമായി സ്വീകരിച്ചവര്‍. നൂറ്റാണ്ടുകളുടെ പ്രായവും പാരമ്പര്യവും ഈ ഗ്രാമം അവകാശപ്പെടുന്നു. അറിയപ്പെടുന്ന ആഘോഷമായി മാറിയ ബീമാപള്ളി ഉറൂസിന്‍െറ വളര്‍ച്ച പ്രദേശത്തെ മാറ്റിമറിച്ചു. കൂറ്റന്‍ കെട്ടിടവും മനോഹരമായ മസ്ജിദും പണിതീര്‍ത്തതോടെ വളര്‍ച്ച പുതിയ ദിശയിലായി. മറ്റ് പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി ബീമാ പള്ളിയിലെ ആഘോഷം ഇന്നാട്ടുകാരുടെ ജീവിതമാണ്. ഓരോ വര്‍ഷവും സ്ഥലം ലേലത്തില്‍ വക്കും. ഇതിന് കിട്ടുന്ന പണം ജമാഅത്ത് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത ഓരോ അംഗത്തിനും വീതിച്ചുനല്‍കും. രണ്ടരക്കോടിയായിരുന്നു ഒടുവിലത്തെ വില. ജമാഅത്ത് കമ്മിറ്റിയാണ് ഇവിടെ അവസാന വാക്ക്. ജന ജീവിതത്തിന്‍െറ സകല മേഖലകളെയും നിയന്ത്രിക്കുന്ന അധികാര കേന്ദ്രമായാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ജമാഅത്തിന്‍െറ സാമ്പത്തിക അഭിവൃദ്ധി ഈ അധീശത്വം അരക്കിട്ടുറപ്പിക്കുകയും ചെയ്തു.
മല്‍സ്യബന്ധനത്തിനൊപ്പം ശ്രീലങ്ക, ഗള്‍ഫ് രാജ്യങ്ങളിലും ഇവര്‍ തൊഴില്‍ തേടി. പ്രവാസി പണം പുതിയ ചലനങ്ങള്‍ സൃഷ്ടിച്ചു. ഇവരുടെ വീടുകളില്‍ ചെന്ന് വിദേശ സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന ചെറുകിട വ്യാപാരികള്‍ വിദേശ തൊഴിലിന്‍െറ അനുബന്ധമായി ഇവിടെ രൂപപ്പെട്ടു. ക്രമേണ, ഉല്‍സവത്തിന്‍െറ വികാസത്തിനൊപ്പം പൊന്തിയ കെട്ടിടങ്ങളിലേക്ക് ഈ കച്ചവടം കേന്ദ്രീകരിച്ചു. വിമാനത്താവളത്തിന്‍െറ പരിസരത്ത് വിദേശ സാധങ്ങള്‍ ലഭ്യമാകുന്ന സമാന്തര വിപണിക്ക് വളരാന്‍ അധിക കാലം വേണ്ടിവന്നില്ല. മല്‍സ്യബന്ധനത്തില്‍നിന്ന് പുതിയ തലമുറ കച്ചവടത്തിലേക്ക് വഴിമാറിത്തുടങ്ങി. ദരിദ്രമായ കടല്‍ ജീവിതത്തില്‍നിന്ന് താരതമ്യേന മെച്ചപ്പെട്ട കച്ചവട ജീവിതത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെട്ടു. അത് കൂടുതല്‍ ലാഭകരമായ അന്വേഷണങ്ങളിലേക്ക് വഴിതുറന്നു. വിപണിയുടെ സ്വഭാവവും അതിനൊപ്പം മാറിത്തുടങ്ങി. 18,000 പേരുള്ള ഈ ഗ്രാമത്തില്‍ പതിനായിരത്തോളം പേരാണിപ്പോള്‍ മല്‍സ്യബന്ധനത്തെ ആശ്രയിച്ചു കഴിയുന്നത്. 3,000 പേര്‍ക്ക് കച്ചവടമാണ് ആശ്രയം. ജമാഅത്ത് കമ്മിറ്റിയുടെ കെട്ടിടത്തിലുള്‍പെടെ 100 കടകള്‍ പ്രവര്‍ത്തിക്കുന്നു.
ഇവിടയെുള്ള കെട്ടിടങ്ങളിലെ കടമുറികളില്‍ നാട്ടുകാര്‍ക്ക് മാത്രമാണ് കച്ചവടത്തിന് അനുമതി. തദ്ദേശീയരുടെ സാമൂഹിക വികാസം ലക്ഷ്യമിടുന്ന പ്രാദേശി നിയന്ത്രണമാണിതെങ്കിലും പില്‍ക്കാല വളര്‍ച്ചയില്‍ അത് സങ്കുചിതമായ പ്രാദേശികതക്ക് വഴിയൊരുക്കി. ബീമാപള്ളി വിപണിയുടെ ഉള്ളടക്കപരമായ പരിണാമം ഈ ഘട്ടത്തില്‍ സുപ്രധാനാമണ്. പ്രദേശത്തെ പ്രസിദ്ധമാക്കിയ സി.ഡി വ്യാപാരം വ്യാപകമാകുന്നത് ഈ സമയത്താണ്. സി.ഡിയുടെ വ്യാജ/ഒറിജിനല്‍ സ്വഭാവം നിര്‍ണയിക്കുക എന്ന സാങ്കേതിക പ്രകൃയ സ്വന്തം ജീവിതത്തിനുനേരെയുള്ള വെല്ലുവിളിയും ഉപജീവനമാര്‍ഗം അടക്കാനുള്ള ഭരണകൂട കുതന്ത്രവുമായി ഇവര്‍ സ്വയം വ്യാഖ്യാനിച്ചു. സി.ഡി വ്യാപാരത്തിന് അനിവാര്യമായ ഗോഡൗണുകളുടെ രഹസ്യാത്മകത നിലനിര്‍ത്തുകയും ഇവര്‍ക്ക് പ്രധാനമായി. സുസംഘടിത പ്രാദേശിക ശക്തിയായി നിലനിന്ന് നിയമപരമായ പരിശോധനകള്‍ തടയുക എന്ന എളുപ്പവഴിയിലേക്കണ് ഇവര്‍ നീങ്ങിയത്. നാട്ടുകാരൊന്നടങ്കം ബന്ധപ്പെട്ടു നില്‍ക്കുന്ന കച്ചവട മേഖലയായതിനാല്‍ അവിടുത്തെ പ്രതിരോധത്തിന് പിന്നില്‍ അത്രതന്നെ സംഘടിത സ്വാഭാവവമുണ്ടായി. പ്രദേശത്തിന്‍െറ സാമൂഹിക പിന്നാക്കാവസ്ഥ ഇതിന് സ്വാഭാവിക ദുരന്തങ്ങള്‍ക്ക് ആഘാതം വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. അതോടെ നിയമ സംവിധാനങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ട, കവലച്ചട്ടമ്പികള്‍ നിയന്ത്രിക്കുന്ന സ്വയം ഭരണ പ്രദേശമായി ബീമാപള്ളി പൊതുസമൂഹത്തില്‍ ചിത്രീകരിക്കപ്പെട്ടു. നികുതി ഉദ്യോഗസ്ഥരെ കടയില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞ് തിരച്ചയച്ച കേരളത്തിലെ സംഘടിത വ്യാപാരി സമൂഹം സ്വീകരിച്ച അതേ പ്രതിരോധ മാര്‍ഗം തന്നെയായിരുന്നു ബീമാപള്ളിക്കാരും പരീക്ഷിച്ചത്. പക്ഷെ, നാട്ടിലെ വന്‍കിട കച്ചവടക്കാരുടെ പ്രതിരോധത്തെ അവകാശ പോരാട്ടമായി പരിഗണിച്ച പൊതുസമൂഹം തീരഗ്രാമത്തെ അതിന്‍െറ പേരില്‍ കുരിശിലേറ്റി. വ്യാപാരികളുടെ നിയമവിരുദ്ധ സംഘടിത ചെറുത്തുനില്‍പിനെതിരെ മൗനം പാലിക്കുന്ന മാധ്യമങ്ങള്‍ ബീമാപള്ളി പ്രതിരോധത്തെ ഗുണ്ടായിസമായി വിധിയെഴുതി.
സ്വീകരിച്ച വഴിയേതുമാകട്ടെ, മല്‍സ്യബന്ധനത്തേക്കാള്‍ സാമൂഹ്യ പദവിയും സാമ്പത്തിക നേട്ടവുമുള്ള പുതിയ തൊഴില്‍ മേഖല സംരക്ഷിക്കുകയായിരുന്നു അവരുടെ പ്രാഥമിക ലക്ഷ്യം.  ഇങ്ങനെ ചരിത്രപരമായ കാരണങ്ങളാലാണ് ബീമാപള്ളിയുടെ പേരില്‍ ഉന്നയിക്കപ്പെടുന്ന ആക്ഷേപങ്ങള്‍ക്ക് അവര്‍ വിധേയരായത് എന്ന് ആ ഗ്രാമതിന്‍െറ പിന്‍കഥകള്‍ വ്യക്തമാക്കുന്നു. ഓരോ സമൂഹവും അവരവരുടെ ജീവിത പരിസരങ്ങളും അതിജീവന വഴികളും രൂപപ്പെടുത്തുന്ന സാഹചര്യങ്ങളില്‍ നിന്നാണ് സ്വയം അടയാളപ്പെടുന്നതും പുറംലോകത്ത് പ്രതിനിധീകരിക്കപ്പെടുന്നതും. ജനാധിപത്യ പ്രകൃയയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന മാധ്യമങ്ങള്‍ ഈ ചരിത്ര പശ്ചാത്തലം തിരിച്ചറിയാതെ വിഷയങ്ങളെ സമീപിക്കാവതായിരുന്നില്ല. ബീമാപള്ളി വെടിവെപ്പ് വാര്‍ത്തയാക്കാന്‍ പോയ മാധ്യമങ്ങള്‍ക്ക് സംഭവിച്ച ആദ്യ പിഴവ് ഈ ചരിത്ര ബോധമില്ലായ്മയായിരുന്നു. പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാരണകളെയും ധാരണാപിഴവുകളെയും വിമര്‍ശനാത്മകമായി വിലയിരുത്താതെ, അവയെല്ലാം അപ്പടി വിശ്വസിച്ച് ആ വിശ്വാസത്തില്‍നിന്ന് റിപ്പോര്‍ട്ടിംഗ് തുടങ്ങുകയായിരുന്നു അവ. തീരദേശം, മുസ്ലിം എന്നിവയിലെ പൊതുധാരണകളും ഇതുപോലെതന്നെ ആവര്‍ത്തിക്കപ്പെട്ടു.
എന്തുകൊണ്ട് മാധ്യമങ്ങള്‍ ഈ പൊതുധാരണയെ പിന്തുടര്‍ന്നു എന്നത് പ്രസക്തമാണ്. മാധ്യമ നിലപാടുകളെ സാമ്പത്തികമായോ സാമൂഹികമായോ സ്വാധീനിക്കാന്‍ കഴിയാത്ത ദുര്‍ബല വിഭാഗങ്ങളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മിക്കപ്പോഴും അവ ഈ സൂക്ഷ്മതക്കുറവ് കാണിക്കാറുണ്ട്. മറ്റൊന്ന് മുസ്ലിം വിരുദ്ധതയാണ്. പ്രത്യക്ഷ വര്‍ഗീയത എന്ന അര്‍ഥത്തിലല്ല ഇതുപയോഗിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ പൊതുവെ അങ്ങനെയുമല്ല. എന്നാല്‍ സൂക്ഷ്മ സമീപനങ്ങളില്‍ മുസ്ലിം വിരുദ്ധമായി മാറുന്ന നിലാപടുകളിലേക്ക് നയിക്കുന്ന -ഒരുപക്ഷെ അവര്‍ പോലുമറിയാതെ- ധൈഷണിക സ്വാധീനം മാധ്യമ പ്രവര്‍ത്തകരില്‍ അനുഭവപ്പെടാറുണ്ട്. സവര്‍ണ പൊതുബോധമെന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സാംസ്കാരികാവസ്ഥ അതില്‍ മുഖ്യ ഘടകമാണ്. ഇതെല്ലാം ചേര്‍ന്നായിരുന്നു ബീമാപള്ളി വെടിവെപ്പിനെ സമ്പൂര്‍ണ വര്‍ഗീയ സംഘര്‍ഷമായി ചിത്രീകരിച്ചതും അതിന്‍െറ മനുഷ്യാവകാശ-സാമൂഹ്യ പ്രസക്തി മറച്ചുപിടിച്ചതും. അതേസമയം തന്നെ, മാധ്യമങ്ങളുടെ കച്ചവട താല്‍പര്യം, അനുബന്ധ വാര്‍ത്തകളുടെ ധാരാളിത്തം സൃഷ്ടിച്ചു. ഒരുസംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന ലേഖകന്‍െറ നിലപാട്/സമീപനം പുറത്തത്തെുന്ന വാര്‍ത്തയില്‍ നിര്‍ണായകമാണ്. അതിന്‍െറ തുടര്‍വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ പക്ഷെ മാധ്യമ സ്ഥാപനത്തിന്‍െറ രാഷ്ട്രീയവും അത്രതന്നെ നിര്‍ണായകമാകും. ബീമാപള്ളി സംഭവത്തിന്‍െറ വാര്‍ത്തകള്‍ വിശകലനം ചെയ്യുമ്പോള്‍ ഈ വ്യത്യാസം വളരെ പെട്ടെന്ന് ബോധ്യപ്പെടും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ തോല്‍വി ഏറ്റുവാങ്ങിയ വിവരം പുറത്തുവന്ന അന്നുരാത്രിയാണ് വെടിവെപ്പിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് തുടക്കമിട്ട സംഘര്‍ഷമുണ്ടായത്. പിറ്റേന്നിറങ്ങിയ മലയാള മനോരമ സംഘര്‍ഷ കാരണം പറഞ്ഞു: ‘ഫിഷര്‍മെന്‍ കോളനിയിലലെ ഗുണ്ട ബീമാപള്ളി ഭാഗത്തുവന്ന് ഗുണ്ടാപിരിവ് നടത്തിയതാണ് സംഘര്‍ഷത്തിന് തുടക്കമെന്നറിയുന്നു...തല്ലുകൊണ്ട ഗുണ്ട മറ്റുള്ളവരെ സംഘടിപ്പിച്ച് പകരം വീട്ടാന്‍ രാത്രി ഒമ്പത് മണിക്ക് എത്തിയതോടെ സംഘര്‍ഷം തുടങ്ങി’ (പേജ് 2, മേയ് 17 2009). മറ്റ് പത്രങ്ങളെല്ലാം ഇതേ വിവരമാണ് 17ലെ പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. പിറ്റേന്ന് വൈകീട്ട് വെടിവപ്പുനടന്നു. ആ വാര്‍ത്തയിലും സംഘര്‍ഷ കാരണം ഇതുതന്നെയായിരുന്നു: ‘കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന്‍െറ തുടര്‍ച്ചയാണ് ഇന്നലെ ഉച്ചയോടെ മൂര്‍ധന്യത്തിലത്തെിയത്’ (മനോരമ പേജ് ഒന്ന്, മേയ് 18). ‘കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി ഞായറാഴ്ച ചെറിയ തുറയില്‍ (ബീമാപള്ളി ഭാഗത്തേക്കുള്ള) ബസ് തടഞ്ഞു’ (ദീപിക മേയ് 18). എന്നാല്‍ ഒരു പത്രവും നാല് പേര്‍ പോലിസ് വെടിയേറ്റ് മരിച്ച സംഭവം അന്ന് പ്രധാന വാര്‍ത്തയാക്കാന്‍ തയാറായില്ല. പിന്നീട് സംഭവം പൊതുചര്‍ച്ചയാക്കാന്‍ ഏറെ യത്നിച്ച ‘മാധ്യമം’ പോലും തീര്‍ത്തും അപ്രസക്തമായ രാഷ്ട്രീയ വാര്‍ത്തക്കാണ് (വാര്‍ത്ത: മന്ത്രിസഭയിലേക്ക് കൂടുതല്‍ യുവനിര) അന്ന് മുഖ്യ പരിഗണന കൊടുത്തത്. മാധ്യമങ്ങള്‍ ബീമാപള്ളിയെ ഏറെ മുന്‍വിധിയോടെയാണ് സമീപിച്ചത് എന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ചാനലുകള്‍ അതിലേറെ മുന്‍വിധി പ്രകടിപ്പിച്ചു. വാര്‍ത്താ മൂല്യം നിര്‍ണയിക്കുന്ന പതിവ് ഘടകങ്ങള്‍ക്കൊന്നും ഒരുകുറവുമില്ലാത്ത ഈ വാര്‍ത്തയെ മുഖ്യവാര്‍ത്തയാക്കാത്തതിന്‍െറ കാരണം പത്രപ്രവര്‍ത്തക വിദ്യാര്‍ഥികള്‍ക്ക് മികച്ച ഗവേഷണ വിഷയമാണ്. കേരളത്തിലെ ഏറ്റവും വലിയ പോലിസ് വെടിവപ്പ്, സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി വമ്പന്‍ തെരഞ്ഞെടുപ്പ് തോല്‍വി ഏറ്റുവാങ്ങിയതിന്‍െറ പിറ്റേന്ന് നടന്ന വെടിവെപ്പ്, ഒരു മതവിഭാഗത്തിലെ ആളുകള്‍ മാത്രം കൊല്ലപ്പെട്ട വെടിവെപ്പ്, തലേദിവസ സംഘര്‍ഷത്തില്‍ നടപടിയെടുക്കാത്ത പോലിസ് നടത്തിയ വെടിവെപ്പ്... അങ്ങനെ ഒരുപാട് സെന്‍സേഷനല്‍ കാരണങ്ങള്‍ വേറെയുമുണ്ട്. എന്നിട്ടും മലയാള പത്രങ്ങള്‍ക്ക് അതിന്‍െറ പ്രാമുഖ്യം ബോധ്യപ്പെട്ടില്ളെന്ന് കരുതാനാവില്ല. ചാനലുകള്‍ക്ക് പിറകേ പോകുന്ന പത്ര ഡസ്ക്കുകളുടെ ദുരന്തവും ഇതില്‍ പ്രകടമായിരുന്നു. വെടിയേറ്റ് മരിക്കാന്‍ എല്ലാതരം യോഗ്യതകളുമുള്ള ഒരു വിഭാഗമാണ് ബീമാപള്ളിക്കാര്‍ എന്ന ധാരണ മാധ്യമങ്ങളെ നിയന്ത്രിച്ചിരുന്നതുപോലെയാണ് അക്കാലത്തെ വാര്‍ത്തകള്‍ അനുഭവപ്പെട്ടിരുന്നത്. പോലിസ് വെടിവെപ്പിലെ ആറുപേരുടെ മരണം നന്നേചുരുങ്ങിയത് ചിലമനുഷ്യാവകശാ പ്രശ്നമെങ്കിലും ഉയര്‍ത്തേണ്ടതായിരുന്നു. അതുമുണ്ടായില്ല. അസാധാരണമായ നിശ്ശബ്ദതയായിരുന്നു മാധ്യമങ്ങള്‍ക്ക്.
സംഘര്‍ഷ കാരണത്തെ ഏശറക്കുറെ ഒരുപോലെ റിപ്പോര്‍ട്ട് ചെയ്ത മറ്റ് പത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി വാര്‍ത്തയെഴുതിയത് ഭരണകക്ഷി മുഖപത്രമായ ദേശാഭിമാനി മാത്രമാണ്. ആദ്യ സംഭവവം മറ്റു പത്രങ്ങളെ പോലെ റിപ്പോര്‍ട്ട് ചെയ്ത ദേശാഭിമാനി, പിന്നീട്, വലിയ കലാപ സാധ്യതയും ഏറ്റുമുട്ടലും നടന്നതിനാലാണ് വെടിവക്കേണ്ടി വന്നത് എന്ന തരത്തിലുള്ള ഭരണകൂടാനകൂല വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ സൃഷ്ടിച്ചുകൊണ്ടിരുന്നത്. വെടിവെപ്പിനെ വരികള്‍ക്കിടയില്‍ ന്യായീകരിക്കുകയായിരുന്നു ആ വാര്‍ത്തകള്‍. ഭരണകൂടത്തിന് വേണ്ടി പാര്‍ട്ടി പത്രം ആ ദൗത്യം ഏറ്റെടുത്തപ്പോള്‍ വെടിവെപ്പിന്‍െറ പാപഭാരം കഴുകിക്കളയാന്‍ പോലിസും മാധ്യമങ്ങളെ തേടി നടക്കുകയായിരുന്നു.
നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ജനക്കൂട്ടത്തെ പിന്തുടര്‍ന്ന് വെടിവെച്ച പോലിസ് അതുകൊണ്ട് തന്നെ മുഖം രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കൂട്ടുപിടിച്ചതും മാധ്യമങ്ങളെ തന്നെയായിരുന്നു. കെട്ടുകഥകള്‍ സൃഷ്ടിക്കുന്നതിലെ പോലിസ് വൈദഗ്ദ്യം കേരളത്തിനും പുതുമയായിരുന്നില്ല. അതില്‍ മതവും മാധ്യമങ്ങളും ഒരുപോലെ കൂട്ടുചേര്‍ന്നതാണ് ബീമാപള്ളിയില്‍ കണ്ടത്. നേരത്തേ തന്നെ ദേശാഭിമാനി സ്വീകരിച്ച വന്‍ കലാപ സാധ്യതയുടെ വഴികള്‍ തന്നെയായിരുന്നു പോലിസ് ഇതിന് സ്വീകരിച്ചത്. ക്രിസ്ത്യന്‍ മത നേൃത്വം പോലിസിനും ഭരണകൂടത്തിനും അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ ഈ വഴികള്‍ എളുപ്പം തുറക്കപ്പെട്ടു. മാധ്യമങ്ങളുടെ ഈ നിലപാട് മാറ്റം അവയില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകളില്‍ നിന്ന് തന്നെ നേരില്‍ വായിച്ചെടുക്കാന്‍ കഴിയും.
സംഭവത്തിന്‍െറ തൊട്ടടുത്ത ദിവസം നടന്ന സമാധാന യോഗത്തിന്‍െറ വാര്‍ത്ത മേയ് 19നുണ്ട്: ‘സാമുദായിക സ്പര്‍ദയല്ല ആക്രമണത്തിന് പിന്നിലെന്നും ഏതാനും ഗുണ്ടകള്‍ രംഗം കൈയ്യടക്കുകയായിരുന്നെന്നും വ്യക്തമായിട്ടുണ്ട്. ഗുണ്ടകളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലിസ് പരാജയപ്പെട്ടതാണ് അഞ്ചുപേര്‍ മരിക്കാന്‍ കാരണമായതെന്നും സമാധാന യോഗത്തില്‍ ഇരുവിഭാഗവും ചൂണ്ടിക്കാട്ടി. ഗുണ്ടയും സുഹൃത്തുക്കളായ ക്രിമിനലുകളും ഞായറാഴ്ച രാവിലെ പോലിസിനെ വെല്ലുവിളിച്ച് റോഡിലിറങ്ങി. ബീമാപള്ളിയിലേക്കുള്ള വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞ് കലാപത്തിന് ഒരുക്കംകൂട്ടി. ഇക്കാര്യം പോലിസിനെ അറിയിച്ചെങ്കിലും തടയാന്‍ പോലിസിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്’ (മലയളാ മനോരമ). മറ്റ് പത്രങ്ങളും സംഘര്‍ഷത്തില്‍ സാമുദായികത ഇല്ളെന്ന മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നിലപാട് പ്രത്യേകം എടുത്തുപറയുന്നുണ്ട്. സര്‍വകക്ഷി യോഗ വാര്‍ത്ത അപൂര്‍ണ വിവരങ്ങളോടെ പ്രസിദ്ധീകരിച്ച ദേശാഭിമാനി മേയ്19ന്,  വന്‍ ആക്രമണം പദ്ധതിയിട്ടിരുന്നെങ്കിലും പോലിസ് വെടിവച്ചതിനാല്‍ എല്ലാം വിഫലമായി എന്ന മറ്റൊരു വാര്‍ത്തകൂടി നല്‍കി.
ഭരണകൂട-പോലിസ് വീഴ്ചയാണ് വെടവെപ്പിലത്തെിയതെന്ന് രണ്ട് മത വിഭാഗങ്ങളും വാദിച്ചതോടെയാകണം പോലിസ് അപകടം മണത്തത്. അവിടം മുതലാണ് പത്ര വാര്‍ത്തകളില്‍ പുതിയ സാധ്യതകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതും. ഒരുഭാഗത്ത് ക്രിസ്ത്യന്‍ മത നേതൃത്വവും മറുഭാഗത്ത് മാധ്യമങ്ങളും അപ്പോള്‍ പോലിസിന് തുണയായി. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെ കണ്ട പാരിഷ് കൗണ്‍സില്‍ നേതാക്കളുടെ അഭ്യര്‍ഥന മേയ് 21ന് മലയാള മനോരമ പ്രസിദ്ധീകരിച്ചു: ‘...വീണ്ടും ചിലര്‍ സംഘര്‍ഷത്തിന് ശ്രമിക്കുന്നുണ്ട്. ആയുധങ്ങള്‍ ശേഖരിച്ചുവച്ചിട്ടുണ്ട്. അവിടെ മിന്നല്‍ പരിശോധന നടത്തണം. കൊമ്പ് ഷിബുവും നിസാമുദ്ദീനും അടങ്ങുന്ന സംഘമാണ് പ്രശ്നത്തിന് തുടക്കം കുറിച്ചത്. കഞ്ചാവ് അടക്കം ഒന്നിച്ച് അവിഹിത കച്ചവടം നടത്തിയ ഇവര്‍ പിന്നെ തെറ്റിപ്പിരിഞ്ഞു. ഇവര്‍ തമ്മിലെ വ്യക്തി വിദ്വേഷത്തിന്‍െറ മറവില്‍ ചിലര്‍ ബോധപൂര്‍വം വര്‍ഗീയ കലാപത്തിന് ശ്രമിക്കുകയായിരുന്നു. പോലിസ് യഥാസമയം വെടിവെപ്പ് നടത്തിയില്ലായിരുന്നെങ്കില്‍ അതൊരു കൂട്ടക്കൊലയില്‍ കലാശിച്ചേനേ. കൊമ്പ് ഷിബുവിന്‍െറ സംഭവം ബീമാപള്ളി അിര്‍ത്തിയില്‍ നടന്നതാണ്. അതില്‍ ഇടവക അംഗങ്ങളാരും ഉള്‍പെട്ടിട്ടില്ല. സംഭവമറിഞ്ഞ് പോലിസത്തെുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. വൈകുന്നേരം ഇവര്‍ വീണ്ടും എറ്റുമുട്ടി. രാത്രി ഒമ്പത് മണിയോടെ നിസാമുദ്ദീന്‍െറ നേതൃത്വത്തില്‍ 300ഓളം ചെറുപ്പക്കാര്‍ പോലിസിന് നേരെ കല്ളെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഞായറാഴ്ച മൂന്ന് മണിയോടെ കടപ്പുറം ഭാഗത്തുകൂടി നൂറുകണക്കിന് ചെറുപ്പക്കാര്‍ ചെിയതുറയില്‍ അതിക്രമിച്ചുകയറി....ദേവാലയത്തിന് നേര്‍ക്ക് ബോംബെറിഞ്ഞു. ദേവാലയം തകര്‍ക്കാന്‍ ശ്രമിച്ചു. അപ്പോള്‍ ശംഖുമുഖം എ.സിയുടെ നേതൃത്വത്തില്‍ പോലിസ് സേന എത്തി രംഗം നിയന്ത്രിക്കാന്‍ ശ്രമിച്ചു. എ.സിയുടെ നേതൃത്വത്തിലുള്ള പോലിസ് സേന ഇടപെട്ടില്ലായിരുന്നെങ്കില്‍ ചെറിയതുറ പ്രദേശം പൂര്‍ണമായി കത്തിച്ചുനശിപ്പിക്കപ്പെടുകയും ജനങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്യുമായിരുന്നു. ഞായറാഴ്ച ആളാഴിഞ്ഞ സമയം നോക്കി കടല്‍തീരത്തുകൂടി ആസൂത്രിതമായി നടത്തിയ ബോംബാക്രമണത്തിന്‍െറയും തീവപ്പിന്‍െറയും പിന്നില്‍ ആരാണെന്ന് കണ്ടത്തെി പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കണം’. സംഭവത്തില്‍ തുടക്കം മുതല്‍ പരാമര്‍ശിക്കപ്പെടുന്ന ഗുണ്ടയാണ് കൊമ്പ് ഷിബു. എന്നാല്‍ സംഘര്‍ഷ കാരണത്തിലേക്ക് ആദ്യമായി ‘നിസാമുദ്ദീന്‍’ എന്നൊരാളുടെ സാന്നിധ്യം ഇവിടെ കൊണ്ടുവന്നു പാരിഷ്കൗണ്‍സില്‍. സംഭവത്തിന്‍െറ ആദ്യ ദിവസങ്ങളിലും സമാധാന യോഗങ്ങളിലും സാധാരണ ക്രൈസ്തവരും മത നേതൃത്വവും ഉന്നയിക്കാത്ത വാദങ്ങളാണ് പിന്നീട് മൊത്തം ചര്‍ച്ചകളെ വഴിതിരിച്ചുവിട്ട ഈ ഇടപെടലിലൂടെ പാരിഷ് കൗണ്‍സില്‍ നടത്തിയത്. ഈ പ്രസ്താവന പത്രാപ്പീസുകളിലത്തെിയ അന്ന് രാത്രി മലയാള മനോരമ ബ്യൂറൊ തറാക്കിയ റിപ്പോര്‍ട്ട് മറ്റൊരു ഭാഷയില്‍ പാരിഷ് കൗണ്‍സില്‍ വാദങ്ങള്‍ ഏറ്റുപിടിച്ചു: ‘...ഷിബുവിനൊപ്പം കൂട്ടുപ്രതിയായ മറ്റൊരു പ്രധാനി രാജ്യം വിട്ടതായി സൂചനയുണ്ട്...വെടിവപ്പ് നടത്തിയില്ലായിരുന്നെങ്കില്‍ ചെറിയതുറയില്‍ ഇതിലേറെ ആളുകള്‍ കൊല്ലപ്പെടുമായിരുന്നുവെന്ന പോലിസ് വാദത്തില്‍ കഴമ്പില്ലാതില്ല. വെടിവെപ്പ് നടന്നില്ലായിരുന്നെങ്കില്‍ ചെറിയതുറയില്‍ വന്‍ നാശനഷ്ടം സംഭവിക്കുമായിരുന്നുവെന്ന് പോലിസ് കണ്ടത്തെി...’ (മേയ് 21, മലയാള മനോരമ, പേജ് 9). ക്രൈസ്തവ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന മലയാള മനോരമ ഒറ്റ ദിവസംകൊണ്ട് അതുവരെ സ്വന്തം നിലയില്‍ നടത്തിയ കണ്ടത്തെലുകളെല്ലാം സ്വയം തള്ളിപ്പറഞ്ഞ് പാരിഷ് കൗണ്‍സിലിനൊപ്പം ചേരുകയായിരുന്നു.
എന്നാല്‍ പാരിഷ് കൗണ്‍സിലും അവരുടെ മത പശ്ചാത്തലമുള്ള ഒരുപത്രവും ഒരുപോലെ വാദിക്കുന്നുവെന്ന സ്വാഭാവികത മാത്രമായിരുന്നില്ല ആ വാര്‍ത്ത. അതിന് പിന്നില്‍ ഭരണകൂടവും പോലിസുമുണ്ടായിരുന്നുവെന്ന സംശയം ബലപ്പെടുത്തുന്നതായിരുന്നു തൊട്ടടുത്ത ദിവസം വന്ന വാര്‍ത്ത. സംഭവത്തെപ്പറ്റി ഡി.ജി.പി തയാറാക്കി ആഭ്യന്തര മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്‍െറ വാര്‍ത്തയിങ്ങനെ: തലക്കെട്ട്: വെടിവപ്പ് നടന്നില്ലായിരുന്നെങ്കില്‍ വന്‍ ദുരന്തം -ഡി.ജി.പി ‘....വെടിവെപ്പ് നടന്നില്ലായിരുന്നെങ്കില്‍ ഇരുവിഭാഗം തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ വന്‍ ദുരന്തമുണ്ടാകുമായിരുന്നുവെന്നും മരണ സംഖ്യ വര്‍ധിക്കുമായിരുന്നുവെന്നും ഡി.ജി.പി റിപ്പോര്‍ട്ട്. ആരാധനാലയത്തിന് നേരെ ആക്രമണം നടത്തുകയും പോലിസിനെ ബോംബെറിയുകയും ചെയതപ്പോഴാണ് മതിയായ മുന്നറിയിപ്പ് നല്‍കിയ പോലിസ് വെടിവച്ചത്്’. ഈ വാര്‍ത്തകള്‍ വന്നതിന് ശേഷം ബീമാപള്ളി പ്രശ്നം മുഖ്യധാര മാധ്യമങ്ങളില്‍നിന്ന് മെല്ളെ പുറത്താകുകയും ചെയ്തു. തുടക്കം മുതല്‍ ഭരണകൂടത്തിന് വേണ്ടി വാദിച്ച ദേശാഭിമാനി ഉന്നയിച്ച കലാപ പദ്ധതി മറ്റൊരു രീതിയില്‍ മതമേധാവികളെക്കൊണ്ട് ഏറ്റെടുപ്പിക്കുകയും അത് തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത് കൊണ്ടാണ് ചര്‍ച്ചകളില്‍ വലിയ അട്ടിമറി സാധിച്ചെടുത്തത്. ഡി.ജി.പി റിപ്പോര്‍ട്ടോടെ പോലിസ് രക്ഷപ്പെട്ടു. ഭരണകുടം കൈകഴുകി. അതിന് മാധ്യമ പിന്തുണ കിട്ടുകയും ചെയ്തു. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനത്തിന്‍െറയും ഭരണകൂട ഭീകരതയുടെയും കറുത്ത ചരിത്രത്തിനുമേല്‍ വെള്ളപ്പുതപ്പിടുകയായിരുന്നു അതുവഴി മതവും അധികാരവും മാധ്യമങ്ങളും ഒന്നിച്ചുചേര്‍ന്ന്. 
മാധ്യമ അട്ടിമറികളും വ്യാജ നിര്‍മിതികളും കേരളത്തില്‍ പുതുമയല്ല. ലൗജിഹാദിന്‍െറ പശ്ചാത്തലത്തില്‍ സൃഷ്ടിക്കപ്പെട്ട മുസ്ലിം വിരുദ്ധ വാര്‍ത്തകള്‍ ഇത്തരം നിര്‍മിതികളുടെ മികച്ച ഉദാഹരണങ്ങളായിരുന്നു. സ്വതന്ത്ര നിലപാടുകളും സാമൂഹ്യ വീക്ഷണവും പുലര്‍ത്തുന്നുവെന്ന വ്യാജ വിലാസത്തിലാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പൊതുസമൂഹത്തിലിടം നേടിയിരിക്കുന്നത്. അതുകൊണ്ടാണ് പെട്ടെന്നുള്ള ഇത്തരം നിലപാട് മാറ്റങ്ങളും വാര്‍ത്താ അട്ടിമറികളും സംഭവിക്കുന്നതും. സംരക്ഷിക്കപ്പെടേണ്ട താല്‍പര്യങ്ങളോട് നിര്‍ണായക ഘട്ടത്തില്‍ മുഖം തിരിക്കാന്‍ ഇവക്കാകില്ല. ഈ വ്യാജ പ്രതിച്ഛായ തിരിച്ചറിയാന്‍ വായനാ സമുഹത്തിന് കഴിയാത്തിടത്തോളം സ്വന്തം വിശ്വാസ്യത കളങ്കപ്പെടുമെന്ന ആശങ്കയും അവക്കുണ്ടാകുന്നില്ല. അധികാരത്തോടെതിരിടാനും വാണിജ്യതാല്‍പര്യപരമായ വയനാ വിഭാഗത്തെ അതൃപ്തരാക്കാനും അധീരരായ,  മുന്‍വിധികളാല്‍ നിയന്ത്രിക്കപ്പെടുന്ന അതിദുര്‍ബലമായ മാധ്യമ ലോകമാണ് മലയാളത്തിലുള്ളതെന്ന യാഥാര്‍ഥ്യവും ഇത് നമ്മോട് പറയുന്നുണ്ട്.

(ബീമാപള്ളി: മറയ്ക്കുന്നതും മറക്കുന്നതും എന്ന പുസ്തകത്തിന് വേണ്ടി എഴുതിയത്.)

ഇരട്ടച്ചങ്കില്‍ ഓട്ട വീഴ്ത്തുന്ന സ്വാശ്രയം

സ്വാശ്രയ വിരുദ്ധ ഇടത് പോരാളികളുടെ മിശിഹയായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്തിയായിരുന്ന കാലത്താണ്. ഒരു അധ്യയന വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ...