ഉന്നത വിദ്യാഭ്യാസത്തില്‍ സമ്പൂര്‍ണ സ്വാശ്രയവല്‍കരണം വരുന്നു


ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ശിപാര്‍ശ

* നിലവാരം നോക്കാതെ കോളജ് എണ്ണം കൂട്ടണം
* ഗവ.കോളജുകള്‍ക്കും സാമ്പത്തിക സ്വയംഭരണം
* മാനവിക വിഷയങ്ങളില്‍ പഠനം കുറക്കണം

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ  സ്വാശ്രയവല്‍കരണം യാഥാര്‍ഥ്യമാക്കുന്ന പരിഷ്കരണങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ശിപാര്‍ശ ചെയ്തു. കൗണ്‍സില്‍ നിയോഗിച്ച വിദഗ്ദ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് നടപ്പാകുന്നതോടെ കേരളത്തില്‍ സര്‍ക്കാര്‍ കോളജുകളും പൊതു കലാലയങ്ങളും സര്‍വകലാശാലകളും സ്വാശ്രയ സ്ഥാപനങ്ങളായി മാറും. നിലവില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തികവും ഭരണപരവും അക്കാദമികവുമായ അധികാരങ്ങള്‍ സംരക്ഷിക്കുകയും സര്‍ക്കാര്‍ കോളജുകളെയും സര്‍വകലാശാലകളെയും ഇതേരീതിയില്‍ ശാക്തീകരിക്കുകയുമാണ് പരിഷ്കരണ ശിപാര്‍ശകളുടെ താല്‍പര്യം എന്ന ആമുഖത്തോടെയാണ് 33 പേജുള്ള റിപ്പോര്‍ട്ട് കമ്മിറ്റി തയാറാക്കിയിരിക്കുന്നത്. കൗണ്‍സില്‍ അംഗീകരിച്ച റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാറിന് കൈമാറും.
പൊതു സ്വകാര്യ വ്യത്യാസമില്ലാതെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അക്കാദമികവും ഭരണപരവും സാമ്പത്തികവുമായ സമ്പൂര്‍ണ സ്വയം ഭരണം നല്‍കണമെന്നതാണ് റിപ്പോര്‍ട്ടിന്‍െറ മര്‍മം. ഇത് ഇല്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങള്‍ക്ക് പ്രധാന തടസ്സമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മികച്ച കോളജുകള്‍ക്ക് ഒറ്റക്കൊറ്റക്ക് സ്വയംഭരണം നല്‍കണം. അല്ളെങ്കില്‍ കോളജ് ക്ളസ്റ്ററുകളുണ്ടാക്കി, ക്രമേണ എല്ലാ കാമ്പസുകളെയും പ്രത്യേകം പ്രത്യേകം സ്വയംഭരണ സര്‍വകലാശാലാ കാമ്പസുകളാക്കി മാറ്റണം.  ഇപ്പോഴുള്ള അഫിലിയേഷന്‍ സമ്പ്രദായം അവസാനിപ്പിക്കണം. ഇതിനാവശ്യമായ നിയമ നിര്‍മാണം നടത്തണം. ഫീസും സിലബസും നിശ്ചയിക്കാനടക്കമുള്ള ഭരണപരവും അക്കാദമികവുമായ പൂര്‍ണാധികാരം നല്‍കണം. അഫിലിയേഷന്‍ അവസാനിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടം ഫീസ് വര്‍ധന, വിദൂര പഠന കോഴ്സുകള്‍, യു.ജി.സി-സര്‍ക്കാര്‍ ഗ്രാന്‍റുകള്‍ എന്നിവ വഴി പരിഹരിക്കണം. അക്കാദമിക-സാമ്പത്തിക സ്വയം ഭരണം അനുവദിക്കുന്നതിനൊപ്പം ഫീസ്, സ്ഥാപനങ്ങളുടെ വരുമാനമാര്‍ഗമാക്കി മാറ്റുകയും അത് നിശ്ചയിക്കാനുള്ള അധികാരം ‘ഭരണപരമായ സ്വയംഭരണം വഴി’ അവര്‍ക്ക് തന്നെ നല്‍കുകയും ചെയ്യുന്നതോടെ സ്വാശ്രയവല്‍കരണം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കപ്പെടും.
സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും ഗുണനിലവാരം നോക്കാതെ കോളജുകളുടെ എണ്ണം വന്‍ തോതില്‍ വര്‍ധിപ്പിക്കണമെന്നതാണ് മറ്റൊരു പ്രധാന ശിപാര്‍ശ. കോളജുകളുടെ എണ്ണം കൂടുമ്പോള്‍ നിലവാരം താനേ വരും. കുളത്തിലും സമുദ്രത്തിലും മല്‍സ്യബന്ധനം നടത്തുന്നതിന്‍െറ ഉദാഹരണവും ഉദ്ദരിച്ചിട്ടുണ്ട്. കുളത്തില്‍ നിന്ന് എപ്പോഴും ചെറിയ മീന്‍ കിട്ടും. എന്നാല്‍ സമുദ്രത്തില്‍ നിന്ന് ചെറുതിനൊപ്പം ഭീമന്‍ മല്‍സ്യങ്ങള്‍കൂടി കിട്ടാന്‍ സദാ സാധ്യതയുണ്ട്. ക്വാളിറ്റി x ക്വാണ്ടിറ്റി എന്ന തര്‍ക്കം ലോകം തള്ളിക്കളഞ്ഞതാണ്. അതിനാല്‍ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കണം. ഇത് വിദ്യാഭ്യാസ ചിലവ് കുറക്കും. സ്വാശ്രയ സ്ഥാപനങ്ങള്‍ വര്‍ധിച്ചത് വിദ്യാഭ്യാസ ചിലവ് കുത്തനെ ഉയര്‍ത്തിയതായി ഇതേ റിപ്പോര്‍ട്ടില്‍ മറ്റൊരിടത്ത് പറയുന്നുണ്ട്. അത് പരിഹരിക്കുന്നത് എയിഡഡ്-സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഫീസാണെന്ന് പറയുന്ന റിപ്പോര്‍ട്ട് പക്ഷെ, അവയെക്കൂടി പൊതു ഭരണത്തില്‍നിന്ന് മാറ്റണമെന്നാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.
മാനവിക വിഷയങ്ങളില്‍ പഠന സൗകര്യം കുറക്കണമെന്ന് റിപ്പോര്‍ട്ട് പരോക്ഷമായി ശിപാര്‍ശ ചെയ്യുന്നു. ആവശ്യക്കാര്‍ കുറവുള്ള കോഴ്സുകള്‍ തുടരുന്നതിന്‍െറ പ്രായോഗികത സംബന്ധിച്ച് കോളജുകളും സര്‍വകലാശാലകളും പുനരാലോചന നടത്തണമെന്നാണ് നിര്‍ദേശം. ‘രക്ഷപ്പെടാത്ത’ ഇത്തരം കോഴ്സുകള്‍ അവസാനിപ്പിച്ച്, തെരഞ്ഞെടുത്ത ഏതാനും കേന്ദ്രങ്ങളില്‍ മാത്രം പഠനം പരിമിതപ്പെടുത്തണം. ഏതെല്ലാം കോഴ്സുകളാണ് ഇങ്ങനെ മാറ്റേണ്ടതെന്ന് ശിപാര്‍ശകള്‍ക്കൊപ്പം പറയുന്നില്ല. എന്നാല്‍, ‘സ്വാശ്രയ സ്ഥാപനങ്ങളുടെ വരവോടെ സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ആട്സ്, സയന്‍സ് കോഴ്സുകള്‍ കുട്ടികള്‍ തെരഞ്ഞെടുക്കാതായി’ എന്ന് റിപ്പോര്‍ട്ടില്‍ മറ്റൊരിടത്ത് പറയുന്നുണ്ട്. കുട്ടികളില്ലാത്ത കോഴ്സുകളായി പരിഗണിക്കപ്പെടുക ഈ വിഷയങ്ങള്‍ തന്നെയാകുമെന്ന് ഇത് വ്യക്തമാക്കുന്നു.
വന്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ളെന്ന് ആസൂത്രണ കമീഷന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്വയംഭരണമെന്ന പേരില്‍ സ്വാശ്രയ കോളജുകള്‍ വ്യാപകമായി സ്ഥാപിക്കണമെന്ന ശിപാര്‍ശ വരുന്നത്. സ്വയംഭരണത്തിന്‍െറ മറവില്‍ സ്വാശ്രയവല്‍കരണം നടപ്പാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ പദ്ധതിക്ക് വേണ്ടി കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തും കൗണ്‍സില്‍ വക വിദഗ്ദ സമിതി റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ക്ളസ്റ്ററുകള്‍ ഏര്‍പെടുത്തിയെങ്കിലും വിമര്‍ശങ്ങളെ തുടര്‍ന്ന് മറ്റ് ശിപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ല. ഏറെക്കുറെ അതേ സ്വഭാവമുള്ള നിര്‍ദേശങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലില്‍നിന്ന് ഉണ്ടായിരിക്കുന്നത്.

(12....11....12)

Comments

Popular posts from this blog

രവീന്ദ്രനാഥിന്റെ കാലത്തെ ചോദ്യങ്ങളും അബ്ദുര്‍റബ്ബിന്റെ കാലത്തെ ഉത്തരങ്ങളും

സ്വാശ്രയ എഞ്ചിനീയറിങ്: ഇങ്ങിനെ പഠിച്ചാല്‍ കേരളം എവിടെയെത്തും?

മതമില്ലാത്ത വോട്ടിന്റെ മതവും ജാതിയും