Tuesday, September 25, 2012

തന്തയ്ക്ക് പിറന്നവന്‍


തിരുവനന്തപുരം: തിലകന്‍ ഒരു കഥയായിരുന്നു. കഥയല്ല ജീവിതം എന്ന് പറയുന്നവരെ സ്വജീവിതം കൊണ്ട് വെല്ലുവിളിച്ച നീണ്ട കഥ. ആ കഥകളില്‍ പലതും തിരശ്ശീലയില്‍ സ്വയം ആടിത്തീര്‍ത്തു. നിഷേധിയുടെ നെഞ്ചൂക്കിനാല്‍ മലയാളത്തിന്റെ ഓര്‍മകളില്‍ കൊളുത്തിക്കിടക്കുന്ന അച്ചനും മകനുമെല്ലാമായി തിലകന്‍ വേഷമിട്ടിറങ്ങി വന്നത് സ്വന്തം ജീവിതത്തില്‍ നിന്നായിരുന്നു. താരശോഭയുടെ ഗരിമയില്‍ കയ്പുപിടയ്ക്കുന്ന പൂര്‍വകഥകള്‍ ഒളിപ്പിച്ചുവക്കാതെ എല്ലാം കാഴ്ചക്കാര്‍ക്കുമുന്നില്‍ തുറന്നിട്ടു. പല കഥകള്‍ കേട്ടവര്‍ ഞെട്ടി. കേരളത്തെയാകെ വിസ്മയിപ്പിച്ച ജീവിതത്തിലേക്ക് പെറ്റമ്മയോടെതിരിട്ട് വീടുവിട്ടിറങ്ങി വന്ന പയ്യന്‍ വാര്‍ധക്യത്തിലും 'അമ്മ'യെ തല്ലിത്തിരുത്തുന്ന ഒറ്റയാനായി.

അച്ഛന്റെ വാശിക്കുമുന്നില്‍ കോളജ് പ~നം വഴിമുട്ടിയ കാലം. നാട്ടില്‍ കണ്ടുകിട്ടിയ സൗഹൃദങ്ങള്‍ തിലകനെ കൊണ്ടെത്തിച്ചത് നാടകക്കളരിയില്‍. അഭിനയം അഭിനിവേശമായി ആ യൗവ്വനത്തിലേക്ക് പടര്‍ന്നു. മുണ്ടുമുറുക്കിയുടുത്തും കാതങ്ങള്‍ കാല്‍നടപോയും അരങ്ങിലെ ജീവതം. നാട്ടിലെ ഉല്‍സവത്തിന് നാടകം കളിക്കാന്‍ ചങ്ങനാശ്ശേരിയില്‍ നിന്ന് രണ്ട് നിസിമാ നടികളെ കൊണ്ടുവന്നു. നാടകം കഴിഞ്ഞ് പിരിച്ചയക്കാന്‍ പണമില്ലാതായതോടെ അവരെ രണ്ടുദിവസം നാട്ടില്‍ താമസിപ്പിച്ചു. അത് കരക്കഥകള്‍ക്ക് പറ്റിയ ലൊക്കേഷനായി. പട്ടിണി കടിച്ചിറക്കി മൂന്നാം നാള്‍ വീട്ടിലെത്തിയ തിലകന്റെ ഊണ്‍മേശക്ക് മുന്നിലെത്തിയ മീന്‍ കറിയെപ്പറ്റി അമ്മയോട് തര്‍ക്കിച്ചു. അമ്മ ഒറ്റ വരിയില്‍ അതിന് മറുപടി പറഞ്ഞു: 'ചങ്ങനാശ്ശേരിയില്‍ പൊയ്‌ക്കോ. അവിടെ നല്ല മീന്‍ കറികിട്ടും.' ആ മറുപടിയുടെ മുന കുത്തിയ നെഞ്ചില്‍ നിഷേധിയുടെ തീയാളി. ഒറ്റത്തട്ടിന് ചോറും കറിയും നിലത്തേക്ക് തൂവി തിലകന്‍ വീടുവിട്ടു. പിന്നെ കണ്ടിടത്തുവച്ചെല്ലാം ഇരുവരും മുഖം തിരിച്ച് നടന്നു.

ആ നടപ്പ് 40 കൊല്ലം നീണ്ടു. ഒരക്ഷരം മിണ്ടാതെ, ചെറുപുഞ്ചിരി പോലുമില്ലാതെ. ദാരിദ്ര്യത്തിന്റെയും കൊടും ദുരിതങ്ങളുടെയും നാടകീയ വഴികളിലൂടെ നീണ്ട ആ യാത്രയാണ് തിലകനെ രൂപപ്പെടുത്തിയത്. നിഷേധിയുടെ തന്‍േറടവും ധിക്കാരിയുടെ ആര്‍ജവവും ഉള്‍ചേര്‍ന്ന അപൂര്‍വ കലാകാരന്റെ പറിവിയായിരുന്നു അത്. വീട്ടിലും നാട്ടിലും സിനിമയിലും സിനിമക്ക് പിന്നിലെ ചതുരംഗക്കളിയിലുമെല്ലാം തിലകന്‍ അങ്ങനെ ഒറ്റയാനായി. അഹിതകരമായതെന്തിനെയും എതിര്‍ക്കുന്ന കലാകാരന്‍. ആദ്യ സിനിമയിലെ കഥാപാത്രം തന്നെ തിലകന്റെ തലവര നിശ്ചയിച്ചിരുന്നു. എന്നിട്ടും അടുത്ത മികച്ച സിനിമക്ക് വേണ്ടി ആറുവര്‍ഷം കാത്തു. എന്തുകൊണ്ട് ഈ ഇടവേളയെന്ന ചോദ്യത്തിന് ഒരിക്കല്‍ തിലകന്‍ പറഞ്ഞു: 'ആദ്യ സിനിമയോടെ തന്നെ എല്ലാവരും എന്നെ അംഗീകരിച്ചു. എന്നിട്ടും ആരും അടുത്ത സിനിമക്ക് വിളിച്ചില്ല. ആരുടെയും കാല്‍ക്കല്‍ വീണ് സിനിമ വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു.' 'കോലങ്ങളി'ലെ കള്ളുവര്‍ക്കി വന്നതോടെ ആ കാത്തിരിപ്പ് സഫലമായി.അത് നിര്‍ദേശിച്ചത് പി.ജെ ആന്റണി.

അസ്വാതന്ത്ര്യങ്ങളും കര്‍ക്കശമായ നിയന്ത്രണങ്ങളുമേര്‍പെടുത്തി അച്ഛന്‍ ഭരിച്ച വീട്ടകം തന്നെയാണ് നിഷേധിയാകാന്‍ തിലകനെ പരിശീലിപ്പിച്ചത്. അച്ചടക്കത്തിന്റെ ചൂരല്‍ വീശിയ അച്ചനും അത് വെല്ലുവിളിച്ച മകനും ഏറ്റുമുട്ടിയ ബാല്യവും കൗമാരവും. വീട്ടില്‍ നിന്ന് തിരസ്‌കൃതനായലയുന്ന തിലകന് ജോലിക്ക് അവസരം വന്നപ്പോള്‍ തൊഴിലുടമയോട് കോണ്‍ഗ്രസുകാരനായ അച്ഛന്‍ പറഞ്ഞു: 'അവന്‍ കമ്യൂണിസ്റ്റാണ്. സൂക്ഷിക്കണം.' കേരളമറിയുന്ന തിലകനെ രൂപപ്പെടുത്തിയ അച്ചനെ പറ്റി ഒരിക്കല്‍ പറഞ്ഞു: 'സ്ഫടികത്തിലെ ചാക്കോ മാഷെപ്പോലെയായിരുന്നു അച്ഛന്‍. ശരിക്കും ഡിറ്റോ.' ചാക്കോ മാഷുടെ ആ മകന്‍ പിന്നെ ഏറെക്കുറെ 'ഇരകളി'ല്‍ പുനരവതരിച്ചു. തിലകന്റെ അച്ഛന്‍ വേഷമായ 'മാത്തുക്കുട്ടി'യും ഗണേശന്‍ അവതരിപ്പിച്ച മകന്‍ ബേബിയും തിലകന്റെ ജീവിതത്തിലേക്ക് പലവഴികളിലൂടെ വിരല്‍ ചൂണ്ടി.

വീട്ടകത്തെ തിരസ്‌കാരങ്ങളിലൂടെ രൂപപ്പെട്ട നിഷേധിയുടെ ചരിത്രം സിനിമയിലൊതുങ്ങിയില്ല. വെള്ളിത്തിരക്ക് പിന്നിലെ ഇടവഴികളിലേക്കയാള്‍ നെഞ്ചുവിരിച്ച് നടന്നു. ആ നടത്തത്തില്‍ കരിമ്പടങ്ങള്‍ പലതും കത്തിച്ചാമ്പലായി. താര സംഘടനകളെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെട്ട ഒരെേയാരു നടനായി തിലകന്‍. സംഘടന മാഫിയയാണെന്ന് തിലകന്‍ പറഞ്ഞപ്പോള്‍ മലയാളികള്‍ അതുശരിവച്ചു. ആ ജനപിന്തുണ കണ്ട് 'അമ്മയും ഫെഫ്കയും' അന്തംവിട്ടു. മുന്‍നിര താരങ്ങളോട് പരസ്യമായി ഏറ്റുമുട്ടി. മോഹന്‍ലാല്‍, നെടുമുടി വേണു, ഗണേഷ് കുമാര്‍, ഇന്നസെന്റ്... ഇണങ്ങിയും പിണങ്ങിയും പലരും വന്നുപോയി. സിനമിയില്‍ നിന്ന് ബഹിഷ്‌കരിച്ചവരെ തോല്‍പിച്ച് ഇടക്കാലത്ത് നാടകക്കളത്തിലേക്ക് തിരിച്ചുപോയി തിലകന്‍. സിനിമാരംഗത്തെ മറ്റാരും കാണിച്ചിട്ടില്ലാത്ത ഈ ചങ്കൂറ്റം ആറു മാസത്തിനിടെ നുറു വേദികള്‍ കയറി. വിലക്കുമായി വന്നവര്‍ ഒടുവില്‍ കാല്‍ക്കല്‍ വിലങ്ങഴിച്ചുവച്ച് പിന്‍വാങ്ങി. മരണ വാര്‍ത്തയെഴുതാന്‍ തിരക്കുകൂട്ടിയ പത്രത്തിനെതിരെ 'എന്റെ മരണം ഞാന്‍ നിശ്ചയിക്കു'മെന്ന് പ്രഖ്യാപിച്ച് കലാപം നയിച്ചു. ചാനല്‍ സ്റ്റുഡിയോയില്‍ വന്നിരുന്ന് 'നിങ്ങളേയുള്ളൂ വിശ്വസിക്കാന്‍ കൊള്ളാത്തവരെന്ന്' കാമറയെ നോക്കിച്ചിരിച്ചു. മരണമുഖങ്ങളില്‍ നിന്നും ഇത്രതന്നെ ആത്മധൈര്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവന്നു, പലവട്ടം. തെന്ന ബഹിഷ്‌കരിച്ചതില്‍ നഷ്ടം പ്രേക്ഷകര്‍ക്കാണെന്ന് പറയാന്‍ മാത്രം വളര്‍ന്നു ആ തന്‍േറടം. അങ്ങനെയല്ലെന്ന് പറയാന്‍ മറ്റാരും ധൈര്യപ്പെട്ടുമില്ല.

ഈ ചങ്കൂറ്റത്തെ അഹങ്കാരമെന്ന് വിളിക്കുന്നവരെ തിലകന്‍ സ്‌നേഹപൂര്‍വം തിരുത്തി: 'എന്റെ സ്‌നേഹം ആരും കാണുന്നില്ല. കണ്ടവര്‍ കണ്ണടക്കുന്നു. വേണ്ടിടത്ത് ഞാന്‍ സ്‌നേഹം കൊടുക്കും. അര്‍ഹമായ പോലെ. എല്ലാ വികാരങ്ങളുമുള്ള മനുഷ്യനാണ് ഞാന്‍. പക്ഷെ പറയേണ്ടത് പറയും. ജീവിതത്തില്‍ എനിക്ക് അഭിനയിക്കാനറിയില്ല. നിര്‍ഭാഗ്യവശാല്‍ ചില പരദൂഷണ തല്‍പരര്‍ എന്നെ തലക്കനമുള്ളവനായി മുദ്രകുത്തുന്നു. അവരോടൊന്നേ പറയാനുള്ളൂ. സത്യത്തെ അടുത്തുനിന്ന് കണ്ടറിയുക. ഇതാണ് എന്റെ തലക്കനത്തിന്റെ രഹസ്യം. ഇനിയും മനസ്സിലാകാത്തവരുണ്ടോ? ഉണ്ടെങ്കില്‍ അറിഞ്ഞോളൂ, -ഞാന്‍ തന്തക്കുപിറന്നവനാണ്.' അത്രതന്നെ -തന്തക്ക് പിറന്നവന്‍.

(25...09...12)

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND) തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ...