Tuesday, September 11, 2012

കൂടങ്കുളത്ത് പോലിസ് വേട്ട; തൂത്തുക്കിടിയില്‍ വെടി


* ഒരാള്‍ കൊല്ലപ്പെട്ടു; സമരം പടരുന്നു  

തിരുവനന്തപുരം: കൂടങ്കുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്ന ഗ്രാമീണര്‍ക്കുനേരെ പോലിസ് വേട്ട. ഞായറാഴ്ച ഉച്ചമുതല്‍ നിലയത്തിന്റെ കിഴക്കന്‍ ഭാഗത്തെ കടല്‍ തീരത്ത് തമ്പടിച്ച പതിനായിരത്തോളം പ്രതിഷേധകരെ പോലിസ് തുരത്തി. ഒരു മണിക്കൂറിലേറെ നീണ്ട ലാത്തിച്ചാര്‍ജ് നടത്തിയ പോലിസ് വ്യാപകമായി ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റും. പോലിസ് വേട്ടയില്‍ പ്രതിഷേധിച്ച് വൈകീട്ട് തൂത്തുക്കുടിയിലെ മണപ്പാട് നടന്ന പ്രകടനത്തിന് നേരെ പോലിസ് നടത്തിയ വെടിവെപ്പില്‍ മല്‍സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. മണപ്പാട് സ്വദേശി ജോണ്‍ (50) ആണ് മരിച്ചത്. കൂടങ്കുളത്തെ പോലിസ് നടപടിക്കിടെ കൈക്കുഞ്ഞ് കൊല്ലപ്പെട്ടതായി പ്രചാരണമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സമരം തമിഴ്‌നാടിന്റെ വിവിധ മേഖലകളിലേക്ക് ആളിപ്പടരുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നത തല യോഗം ചേര്‍ന്നു.

ഞായറാഴ്ച പകല്‍ കടല്‍ തീരത്തെത്തിയ സമരക്കാര്‍ രാത്രിയും അവിടെത്തന്നെ കഴിച്ചുകൂട്ടി. ഇന്നലെ രാവിലെയും സമാധാനപരമായി തുടര്‍ന്ന സമരക്കാരെ തുരത്താന്‍ പതിനൊന്ന് മണിയോടെയാണ് വന്‍ പോലിസ് സന്നാഹമെത്തിയത്. 200^300 പേരടങ്ങിയ സംഘമായി തിരിഞ്ഞ് പല സ്ഥലങ്ങളില്‍ ഒരേസമയം പോലിസ് സമരക്കാര്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. നിരായുധരായിരുന്ന ജനങ്ങള്‍ മണ്ണും കല്ലും ചുള്ളിക്കമ്പുകളുമെറിഞ്ഞ് നടത്തിയ പ്രതിരോധം വിഫലമായി. കനത്ത ലാത്തിച്ചാര്‍ജിനെത്തുടര്‍ന്ന് പിന്തിരിഞ്ഞോടിയ സമരക്കാരെ പോലിസ് പിന്തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് സമരമിതി നേതാക്കള്‍ 'മാധ്യമ'ത്തോട് പറഞ്ഞു. പോലിസില്‍ നിന്ന് രക്ഷപ്പെടാന്‍ ജനങ്ങള്‍ കൂട്ടത്തോടെ കടലിലേക്ക് ഇറങ്ങി. തിരിച്ചുകയറാന്‍ അനുവദിക്കാത്ത വിധം പോലിസ് കര ഉപരോധിച്ചതോടെ സമരക്കാര്‍ ബോട്ടുവഴി രക്ഷപ്പെട്ടു. ഇതിനിടെ കടലില്‍ ഇറങ്ങിയവരെ പിടികൂടാന്‍ നേവി രംഗത്തിറങ്ങുന്നതായി പോലിസ് പ്രചരിപ്പിച്ചത് സംഘര്‍ഷാവസ്ഥ രൂക്ഷമാക്കി.

തീരത്തുനിന്ന് പിന്‍മാറിയ നാട്ടുകാര്‍ ഇടിന്തകരൈ ചര്‍ച്ചില്‍ കേന്ദ്രീകരിച്ച് ഉപവാസം നടത്തുകയാണ്. ഉച്ചയോടെ ചര്‍ച്ച് നില്‍ക്കുന്ന പ്രദേശവും പോലിസ് വളഞ്ഞു. തീരത്തുനിന്ന് ആളൊഴിഞ്ഞതോടെ പോലിസ് നടപടികള്‍ അവസാനിപ്പിച്ചു. എന്നാല്‍ തീരത്തുനിന്ന് രക്ഷപ്പെട്ടു വന്നവരെ കണ്ടിടത്തുവച്ചെല്ലാം പോലിസ് ലാത്തിച്ചാര്‍ജ് ചെയ്തതായി പരാതിയുണ്ട്. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷം പ്രദേശത്ത് യുദ്ധസമാനമായ സ്ഥിതി വിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ആയിരക്കണക്കിനാളുകള്‍ പ്രാണരക്ഷാര്‍ഥം നെട്ടോട്ടമോടുകയായിരുന്നു. കൈയ്യില്‍ കിട്ടിയവരെയെല്ലാം പോലിസ് അറസ്റ്റ് ചെയ്തു. റോഡുകളില്‍ തീയിട്ടും കല്ലെറിഞ്ഞും വഴി മുടക്കിയും പോലിസിനെ തടഞ്ഞ് നാട്ടുകാര്‍ ഉള്‍ഗ്രാമങ്ങളില്‍ തങ്ങുകയാണ്. പരിക്കേറ്റവരുടെയും അറസ്റ്റിലായവരുടെയും യഥാര്‍ഥ കണക്ക് രാത്രിയും ലഭ്യമായിട്ടില്ല. പെരിയതാഴെ ചെക്‌പോസ്റ്റിലെ പോലിസുകാരെ തട്ടിക്കൊണ്ടുപോയതാണ് പോലിസ് നടപടിക്ക് കാരണമെന്നാണ് പോലിസ് വിശദീകരണം. ഇത് സമരക്കാര്‍ നിഷേധിച്ചു.

അതേസമയം ആണവ നിലയ വിരുദ്ധ സമരക്കാര്‍ക്കുനേരെ പോലിസ് നടപടിയുണ്ടായതോടെ പ്രതിഷേധം തമിഴ്‌നാട്ടില്‍ പടരുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ തന്നെ തൂത്തുക്കുടി, തിരുനെല്‍വേലി, നാഗര്‍കോവില്‍, കന്യാകുമാരി, ചെന്നെ, കോയമ്പത്തൂര്‍ മേഖലകളില്‍ സമരം നടന്നു. തൂത്തുക്കുടി, തിരുനെല്‍വേലി, നാഗര്‍കോവില്‍ ഭാഗത്ത് ദേശീയ പാത ഉപരോധിച്ചു. തൂത്തുക്കുടിയില്‍ പ്രകനക്കാര്‍ക്കുനേരെ നടന്ന വെടിവപ്പിലാണ് മല്‍സ്യത്തൊഴിലാളി കൊല്ലപ്പെട്ടത്.

(10/09/12)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...