Tuesday, September 11, 2012

കൂടങ്കുളം: കിഴക്കന്‍ തീരം നാട്ടുകാര്‍ വളഞ്ഞു


തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കൂടങ്കുളം ആണവ നിലയത്തില്‍ ഇന്ധനം നിറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം തടയാന്‍ തീരുമാനിച്ച നാട്ടുകാര്‍ നിലയത്തിന്റെ കിഴക്കന്‍ ഭാഗം വളഞ്ഞു. പോലിസ് നടപടി മറികടക്കാന്‍ കടല്‍ തീരം വഴി പ്രകടനം നടത്തിയും കടലിലൂടെ യാത്ര ചെയ്തും തീരത്തെത്തിയ പ്രതിഷേധക്കാര്‍ ആണവ നിലയത്തിന്റെ പിന്‍ഭാഗത്തെ തീരം പൂര്‍ണമായി കൈയ്യടക്കി. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ഇരുപതിനായിരത്തോളം വരുന്ന ജനക്കൂട്ടം രാത്രിയും തീരത്ത് തുടരുകയാണ്. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും വരെ ഈ ഉല്‍രോധം തുടരുമെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു. പ്രതിഷേധം നേരിടാന്‍ വന്‍ പോലിസ് സന്നാഹം സജ്ജമാക്കിയിരുന്നെങ്കിലും ബലപ്രയോഗമോ മറ്റ് നടപടികളോ ഉണ്ടായില്ല. ബലം പ്രയോഗിക്കരുതെന്ന് മുഖ്യമന്ത്രി ജയലളിത നിര്‍ദേശം നല്‍കിയിട്ടുണ്ടെത്രെ.

ദീര്‍ഘകാലമായി നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ അവഗണിച്ച് ആണവ നിലയം പ്രവര്‍ത്തിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെയാണ് സമരം വീണ്ടും ശക്തിപ്രാപിച്ചത്. കേന്ദ്ര നിലപാടിനെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണക്കുകയും ചെയ്തു. സെപ്തംബര്‍ 11 മുതല്‍ റിയക്ടറുകളില്‍ ഇന്ധനം നിറയ്ക്കല്‍ ആരംഭിക്കുമെന്ന അറിയിപ്പിനെത്തുടര്‍ന്നാണ് അവസാന ഘട്ട സമരത്തിന് ജനങ്ങള്‍ തയാറെടുത്തത്. ഇതിന്റെ ഭാഗമായി ഇടിന്തകരൈയില്‍ നിന്ന് കൂടങ്കുളത്തെ ആണവ നിലയത്തിന് മുന്നിലേക്ക് സമരം മാറ്റുകയായിരുന്നു.

ഇടിന്തകരൈയില്‍ നിന്ന് പ്രകടനമായി ആണവ നിലയത്തിന് മുന്നിലെത്തി ഉപരോധം ആരംഭിക്കാനായിരുന്നു തീരുമാനം. പ്രകടനത്തെ നേരിടാനും സമരക്കാരെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞ ദിവസം പോലിസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പതിനായിരത്തോളം പോലിസുകാരെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. ഈ വിവരമറിഞ്ഞ സമരക്കാര്‍ പ്രകടനത്തിനെറ രീതിയും വഴിയും മാറ്റുകയായിരുന്നു. ഇടിന്തകരൈയില്‍ നിന്ന് മുവ്വായിരത്തോളം പേരടങ്ങിയ സംഘം പ്രകടനമായി തീരദേശം വഴി ആണവ നിലയത്തിന്റെ പിന്‍ഭാഗത്തേക്ക് നീങ്ങി. ഇതിന് സമാന്തരമായി സമീപ ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങള്‍ കടല്‍ വഴി തീരത്തെത്തി. ഇരുപതിനായിരത്തോളം പേര്‍ ഇപ്പോള്‍ തീരത്തുണ്ട്.

രാവിലെ 11ന് ആരംഭിച്ച പ്രകടനം കിഴക്കന്‍ ഭാഗത്തെ ആണവ നിലയ മതിലിനോട് ചേര്‍ന്ന് പിന്‍ ഗേറ്റിലേക്ക് നീങ്ങി. ഏതാണ്ട് അഞ്ഞൂറ് മീറ്റര്‍ അകലെ പ്രകടനം പോലിസ് തടഞ്ഞു. അതോടെ കുത്തിയയിരപ്പ് സമരം തുടങ്ങി. കടുത്ത ചൂട് വകവക്കാതെ പകല്‍ മുഴുവന്‍ തീരത്ത് നടന്ന സമരത്തോട് വൈകുന്നേരം വരെയും സര്‍ക്കാര്‍ പ്രതികരിച്ചില്ല. ഇതോടെയാണ് രാത്രിയും അവിടെത്തന്നെ കഴിയാന്‍ സമരക്കാര്‍ തീരുമാനിച്ചത്. സമരക്കാര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ നേതാക്കള്‍ ഏറെ പ്രയാസപ്പെട്ടു. കുടിവെള്ളവും പച്ചക്കറിയുമായി വന്ന വാഹനം പോലിസ് വഴിയില്‍ തടഞ്ഞു. മറ്റ് വാഹനങ്ങളെയും പലയിടത്തും പോലിസ് തടയുന്നുണ്ട്. രാവിലെ മുതല്‍ വീടൊഴിഞ്ഞുവന്നവര്‍ക്ക് രാത്രിയോടെ വളണ്ടിയര്‍മാര്‍ കഞ്ഞി വിതരണം ചെയ്തു. എസ്.പിയുമായും കലക്ടറുമായും സംസാരിക്കാന്‍ സമര സമിതി നേക്കള്‍ തയാറായിട്ടില്ല. കേന്ദ്ര^സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധകള്‍ ചര്‍ച്ചക്ക് തയാറാകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തൂത്തുക്കുടി അടക്കം വിവിധ മേഖലകളില്‍ നിരാഹാര^ഉപവാസ സമരങ്ങള്‍ നടന്നു.

(09/09/12)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...