Saturday, September 8, 2012

മരണം പൊട്ടിത്തെറിച്ചു, ദൂരേക്ക്; ഭൂമി പിളര്‍ത്തി, ആകാശ വിസ്മയം


ശിവകാശി: വലിയ ശബ്ദം കേട്ട് പടക്ക നിര്‍മാണ ശാലക്കരികിലേക്ക് ഓടിയെത്തിയതാണ് സമീപവാസിയായ സാന്തിജരാജ്. കിലോമീറ്റകറകലെ പൊട്ടിത്തെറിക്കുന്ന വെടിമരുന്നിന്റെ ഭീകരതയോട് സുരക്ഷിതമായ അകലം അയാള്‍ അപ്പോഴും സൂക്ഷിച്ചിരുന്നു. ഏക്കറുകള്‍ പരന്നുകിടക്കുന്ന നിര്‍മാണ യൂണിറ്റിനെ ചുറ്റിവരിഞ്ഞ് കെട്ടിയ മുള്‍വേലിക്കുമപ്പുറം. ഏറ്റവും അടുത്തുള്ള ഗോഡൗണില്‍ നിന്ന് തന്നെ  ഏതാണ്ട് അര കിലോമീറ്റര്‍ അകലം. ചുറ്റും നാട്ടുകാരൊരുപാട് കൂടിയിട്ടുണ്ട്. ചിലര്‍ വേലികടന്ന് അകത്തേക്ക് തള്ളിക്കയറാനൊരുങ്ങി. സ്ഥലത്തുണ്ടായിരുന്ന ഒരു പോലിസുദ്യോഗസ്ഥനും ഒരു പൊതു പ്രവര്‍ത്തകനും ചേര്‍ന്ന് ആള്‍കൂട്ടത്തെ തടഞ്ഞു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരായ ജനം അവരെ തടഞ്ഞ ഇരുവരെയും അവിടെവച്ച് തന്നെ 'കൈകാര്യം' ചെയ്തു. എന്നിട്ടും അവര്‍ പിന്മാറിയില്ല. അവരുടെ എതിര്‍പ്പാണ് സാന്തിരാജിനെയടക്കം നൂറുകണക്കിനാളുകളെ വേലിക്ക് പുറത്ത് തന്നെ നിര്‍ത്തിയത്.

പെട്ടെന്നാണ് ആള്‍ക്കൂട്ടത്തിനേറ്റവുമടുത്തുള്ള ഗോഡൗണില്‍ തീയാളിയത്. പിന്നെയെല്ലാം നിമിഷ നേരം കൊണ്ടവസാനിച്ചു. ശിവകാശി ഗവണ്‍മെന്റാശുപത്രിയില്‍ പരിക്കേറ്റ് കിടക്കുന്ന സാന്തിരാജ് പറയുന്നു: കാതടപ്പിക്കുന്ന ശബ്ദം. കനത്ത പുക. ചുറ്റും ഒന്നും കാണാതായി. ഏങ്ങും നിലവിളി. പെട്ടെന്ന് കല്ലുകളും മറ്റും ശരീരത്തില്‍ വന്നു പതിച്ചു. തിരിഞ്ഞോടുന്നതിനടയില്‍ തട്ടി വീണു. പരിസരം തെളിഞ്ഞപ്പോള്‍ കണ്ടത് സമീപത്ത് കാല്‍പാദമറ്റ് കരിഞ്ഞുപോയ ഒരു ശരീരം. ഇത്രയും ദൂരേക്ക് സ്‌ഫോടനത്തിന്റെ പ്രഹരമെത്തുമെന്ന് വിചാരിച്ചേയില്ല.' ഈ ആള്‍ക്കൂട്ടമാണ് സ്‌ഫോടനത്തില്‍ മരിച്ചവരിലേറെയും. കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഏഴ് പേര്‍ മാത്രമാണ് നിര്‍മാണ യൂണിറ്റിലെ തൊഴിലാളികള്‍. ബാക്കിയെല്ലാം നാട്ടുകാരാണ്. സ്‌ഫോടനം കാണാന്‍ ഓടിക്കൂടി സുരക്ഷിതമായ അകലത്തില്‍ നിന്നവര്‍. പോലിസുകാരനും സുഹൃത്തും ചേര്‍ന്ന് ആളകുകെള തടഞ്ഞില്ലായിരുന്നുവെങ്കില്‍ മരണം 200 കവിയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

ശബ്ദമുണ്ടാക്കുന്ന പാരമ്പര്യ പടക്കങ്ങള്‍ക്ക് പകരം ആകാശത്ത് വര്‍ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പുതിയ തരം ഫാന്‍സി പടക്കങ്ങളാണ് ഭീകരമായ സ്‌ഫോടനം സൃഷ്ടിച്ചത്. പഴയ തരം പടക്കങ്ങള്‍ക്ക് ആശവ്യമായതിനേക്കാള്‍ കൂടുതല്‍ വെടിമരുന്ന് ഇവക്ക് വേണം. ഇവിടെ 'മണിമരുന്ന്' എന്ന പേരില്‍ അറിയപ്പെടുന്ന ഇതിന്റെ രാസവസ്തുവാണ് വന്‍ സ്‌ഫോടനത്തിന് കാരണം. കൂട്ടുണ്ടാക്കുന്നതിന്റെ അളവില്‍ നേരിയ പിഴവ് വന്നാല്‍ പോലും പൊട്ടിത്തെറിക്കും. പൊട്ടിത്തെറിച്ച നിര്‍മാണ കേന്ദ്രത്തില്‍ നിര്‍മിച്ചിരുന്നതും ആകാശ വിസ്മയങ്ങളാണ്. അതിലെ പിഴവ് തന്നെയാകാം അപകട കാരണമെന്നാണ് നാട്ടുകാരുടെ നിഗമനം. ഇരുപതോളം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന അമ്പുതോളം ഒറ്റമുറി നിര്‍മാണ കേന്ദ്രങ്ങളും നിരവധി ഗോഡൗണുകളും അക്ഷരാര്‍ഥത്തില്‍ തകര്‍ന്നടിഞ്ഞു. മരങ്ങള്‍ കരിഞ്ഞുണങ്ങി. ആകാശത്തേക്ക് കരുതിവച്ച വിസ്മയങ്ങള്‍ ഭൂമിയെ പിളര്‍ത്തിയ ഭീകരതയാണ് മുതലപ്പെട്ടിയില്‍ ഇപ്പോള്‍ ബാക്കിയുള്ളത്.

(7/09/12, madhyamam)

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND) തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ...