Monday, September 10, 2012

വെടിമരുന്ന് നിറച്ച ഉടലുകള്‍ (part 1)


മുതലപ്പെട്ടിയിലെ പടക്ക നിര്‍മാണ ശാല സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായവുമായി ശിവകാശി ജനറല്‍ ആശുപത്രിയില്‍ ഒരു മധ്യവയസ്‌കന്‍ ഓടി നടക്കുന്നുണ്ടായിരുന്നു. പേര് കനകദാസ്. ഇരുകവിളുകളും പൊള്ളിപ്പറിഞ്ഞ് വികൃതമായ മുഖം. തീ കവര്‍ന്ന തൊലിയില്‍ ബാക്കിയായ പാടുകള്‍ മുടി കിളിര്‍ക്കാത്ത നെറുകിന്‍ തലയോളം പടര്‍ന്നു കിടന്നു. ആ പാടുകളെ പറ്റി ചോദിച്ചപ്പോള്‍ കനകദാസ് നിസ്സഹായമായി ചിരിച്ചു: 'മുപ്പത് വര്‍ഷം മുമ്പുണ്ടായ അപകടം. വര്‍ഷങ്ങള്‍ നീണ്ട ചികില്‍സക്കൊടുവില്‍ ഇങ്ങനെയൊക്കെ ബാക്കിയായി. എനിക്ക് മാത്രമേ പരിക്കുണ്ടായുള്ളൂ. അതിനാല്‍ വാര്‍ത്തയൊന്നുമുണ്ടാവില്ലല്ലോ? അങ്ങനെ ദിനംപപ്രതി ഇവിടെ ആളുകള്‍ അപകടത്തില്‍ പെടുന്നുണ്ട്. ആര്‍ക്കും കണക്കില്ല.' കനകദാസ് മൂന്ന് പതിറ്റാണ്ടുപഴയ കഥ പറയുന്നതിനിടെ മറ്റൊരാള്‍ അവിടേക്ക് കയറി വന്നു. വലതുകൈ വിരല്‍ തുമ്പ് മുതല്‍ കഴുത്തിലൂടെ പടര്‍ന്ന് വലത്തേ കവിളും ചെവിയും പിന്നിട് തലയിലേക്ക് നീളുന്നു അയാളുടെ ചുരുണ്ടികയറിയ തൊലി. അയാളെ അടുത്തേക്ക് നിറുത്തി കനകദാസ് തന്നെ പറഞ്ഞു: 'പത്ത് കൊല്ലം മുമ്പായിരുന്നു ആ അപകടം. തൊട്ടരികെയിരുന്ന് ജോലി ചെയ്തിരുന്നയാള്‍ തല്‍ക്ഷണം മരിച്ചു. ചിന്നിച്ചിതറിയ ശരീരം മുഴുവന്‍ പെറുക്കിച്ചേര്‍ക്കാന്‍ പോലും കിട്ടിയില്ല. മരിച്ചുവെന്ന് കരുതിയ ഒരു ജന്മം എങ്ങനെയോ തിരിച്ചുവന്നതാണിത്. ഇപ്പോള്‍ വീണ്ടും അതേ തൊഴിലെടുക്കുന്നു.' 

ശിവകാശിയിലങ്ങനെയാണ്. കണ്ടുമുട്ടുന്നവരില്‍ നാലിലൊന്ന് പേര്‍ക്കുമുണ്ട് ഇങ്ങനെ അടയാളങ്ങള്‍. അതിനൊപ്പം തീ പിടിപ്പിക്കുന്ന തൊഴിലനുഭവങ്ങളുടെ നിരവധി കഥകളും. അവരുടെ തൊഴില്‍ സ്വ്പനം ജീവിതമല്ല, മരണമാണ്. ഏതുനിമിഷാര്‍ധത്തിലും പൊട്ടിത്തെറിക്കാവുന്ന ഉടലുകളാണെന്ന ഓര്‍മയില്‍ ജീവിക്കുന്നവര്‍. മഹാദുരന്തങ്ങളെപ്പോലും നിസ്സംഗമായി അവര്‍ നേരിടുന്നു. ഓരോ ദുരന്തത്തിനും പിന്നാലെ ഒരിടവേളപോലുമില്ലാതെ അവര്‍ വീണ്ടും മരണം തേടി തൊഴിലിടങ്ങളില്‍ തിരിച്ചെത്തും. ജീവിതത്തെക്കുറിച്ച് അവര്‍ക്ക് പറയാനേറെയില്ല. പക്ഷെ, മരണത്തെപ്പറ്റി അവര്‍ വാചാലരാകും. അച്ചന്റെ, അമ്മയുടെ, മകന്റെ, മകളുടെ, സുഹൃത്തിന്റെ, പ്രണയിനിയുടെയെല്ലാം മരണം അടുത്തിരുന്ന് കണ്ടവര്‍ക്ക് പിന്നെ ജീവിതത്തെപ്പറ്റി പറയാനധികമുണ്ടാകില്ലല്ലോ? ഓരോ ജീവിതം പറഞ്ഞുതുടങ്ങുമ്പോഴും ഉടന്‍ അത് ഏതെങ്കിലും ദുരന്തത്തില്‍ ചെന്നുനില്‍ക്കും. അടുത്തപൊട്ടിത്തെറിയില്‍ തന്റെ ഊഴണ്ടെന്നുറപ്പിച്ചാണ് ഓരോരുത്തരും വെടിമരുന്നിന് മുന്നിലിരിക്കുന്നത്. അതല്ലാതെ അവരുടെ മുന്നില്‍ വഴിയില്ല. ദരിദ്രമായ ജീവിതുറ്റുപാടുകളില്‍ എളുപ്പം കിട്ടാവുന്ന തൊഴില്‍ തേടിയാണ് അവര്‍ പടക്കക്കളങ്ങളിലെത്തുന്നത്. നൂറ്റാണ്ടടുക്കാറായ വ്യവസായത്തിന്റെ രസതന്ത്രം അവര്‍ക്കിപ്പോള്‍ പാരമ്പര്യ തൊഴിലറിവാണ്. ശിവകാശിയില്‍ ലക്ഷത്തോളം തൊഴിലാളികള്‍ പടക്ക നിര്‍മാണ വ്യവസായത്തിലുണ്ട്. അനുബന്ധ തൊഴിലാളികള്‍ അതിന്റെ ആറിരട്ടി വരും. മഹാഭൂരിഭാഗവും ദലിതര്‍. അതില്‍ തന്നെ ഏറ്റവും താഴെക്കിടയിലുള്ളവര്‍. എപ്പോഴും പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ ഉടല്‍ ചേര്‍ത്തുവച്ച ആ വെടിമരുന്നല്ലാതെ അവര്‍ക്കന്നമില്ല. കൊടുംദുരിതങ്ങളുടെ തീക്കനലുകളിലാണ് അവരുടെ ഊണും ഉറക്കവും തൊഴിലും ജീവിതവുമെല്ലാം.

പടക്കം, തീപ്പെട്ടി, അച്ചടി വ്യവസായങ്ങളുടെ കേന്ദ്രമാണ് ശിവകാശി. 1920കളില്‍ കൊല്‍ക്കൊത്തയില്‍നിന്ന് അയ്യ നാടാര്‍ കൊണ്ടുവന്നതാണ് തീപ്പെട്ടി വ്യവസായം. അതിന്റെ ചുവടുപിടിച്ച് തൊട്ടുടനെ പടക്ക നിര്‍മാണവുമെത്തി. ഒപ്പം അച്ചടിയും. അച്ചടി വ്യവസായം വലിയ തോതില്‍ ആധുനീകവല്‍കരണത്തിന് വിധേയമായി. ലോകോത്തര നിലവാരമുള്ള പ്രിന്റിംഗ് ഉപകരണങ്ങള്‍ കാലകാലങ്ങളില്‍ ശിവകാശിയിലെത്തുന്നുണ്ട്. ഈ വികാസം നേരില്‍ കണ്ട നെഹ്‌റു ശിവകാശിക്ക് 'ലിറ്റില്‍ ജപ്പാനെ'ന്ന് പേരിട്ടു. വ്യവസായങ്ങള്‍ പിന്നെയും വളര്‍ന്നു, ആകാശത്തോളം. ജനസംഖ്യയുടെ പകുതിയോളം ദാരിദ്ര്യ രേഖക്ക് താഴെ കഴിയുമ്പോഴും ഇന്ത്യയില്‍ ഏറ്റവുമധികം നികുതി നല്‍കുന്ന വ്യവസായ നഗരങ്ങളിലൊന്നായി ഇത് മാറി. മറ്റ് വ്യവസായങ്ങളെ കവച്ചുവച്ച് വളരെപെട്ടെന്നാണ് പടക്ക നിര്‍മാണം ശിവകാശിയുടെ മുഖ്യ തൊഴിലുപാധിയായി മാറിയത്. അച്ചടിയും തീപ്പെട്ടിയും നഗര പരിധിയില്‍ ഒതുങ്ങിയപ്പോള്‍ പടക്ക നിര്‍മാണം സമീപ ഗ്രാമങ്ങളിലേക്ക് തീപോലെ പടര്‍ന്നു. നഗരത്തില്‍ ഷോറൂമുകളും ഗ്രാമത്തില്‍ നിര്‍മാണ കേന്ദ്രങ്ങളുമായി അത് വികസിച്ചു. ശിവകാശിയോട് ചേര്‍ന്നു കിടക്കുന്ന പതിനെട്ട് ഗ്രാമങ്ങള്‍ പടക്ക നിര്‍മാണത്തില്‍ പേരെടുത്തു. ഇവ പതിനെട്ട് പെട്ടി എന്നറിയപ്പെട്ടു. ഇവയോട് ചേര്‍ന്ന 38 ഗ്രാമങ്ങളിലേക്ക് പിന്നെയും അത് വളര്‍ന്നു. ഇക്കൂട്ടത്തില്‍ പെടാത്ത മുതലപ്പെട്ടി, കിച്ചനായകംപെട്ടി, ശെല്‍വാര്‍, മീനംപെട്ടി, മേട്ടുമലൈ, ചൊക്കലിംഗാപുരം തുടങ്ങിയ സമീപസ്ഥ ഗ്രാമങ്ങളും പടക്ക നിര്‍മാണ കേന്ദ്രങ്ങളായി. ഏകദേശം 8,000 ഫാക്ടറികളും 450-ാളം നിര്‍മാതാക്കളുമായി അത് വ്യാപിച്ചു. നന്നേ ചെറിയ പടക്ക നിര്‍മാതാക്കളും കുടിലുകളില്‍ സ്വയം നിര്‍മിച്ച് വില്‍ക്കുന്നവരും ഇവര്‍ക്ക് പുറമേയുണ്ട്. 

ഏതെങ്കിലുമൊരാളുടെ നേരിയൊരു പിഴവുപോലും മഹാ ദുരന്തങ്ങള്‍ക്ക് വഴിവക്കാവുന്ന അത്യന്തം അപകടകരമായ തൊഴില്‍ സാഹചര്യമാണ് പടക്ക നിര്‍മാണ കേന്ദ്രങ്ങളിലുള്ളത്. മരുന്നുപെട്ടി അല്‍പം ശക്തിയില്‍ താഴെ വക്കുന്നത് തൊട്ട് കടുകുമണിയോളം മരുന്നുകൂട്ട് ഉപേക്ഷിക്കുന്നതില്‍ വരെ മരണം പതിയിരിക്കുന്നുണ്ട്. അപകടങ്ങളില്ലാത്ത ഒരു വര്‍ഷവും ശിവകാശിയുടെ ചരിത്രത്തിലില്ല. ഉല്‍സവ കാലത്ത് വിശേഷിച്ചും. എല്ലാ ദീപാവലിയും ഇന്നാട്ടുകാര്‍ക്ക് മരണപ്പെട്ടവര്‍ക്കായി കരയാനുള്ള സങ്കടക്കാലമാണ്. മരണസംഖ്യയുടെ വലിപ്പക്കുറവ് കാരണം പുറത്തറിയാത്ത മരണങ്ങള്‍ക്ക് കണക്കില്ല. രേഖപ്പെടുത്തപ്പെടുന്ന മരണങ്ങളാകട്ടെ തൊഴിലുടമയുടെ കാര്യണ്യമനുസരിച്ചാണ് തൊഴിലപകടമായി പരിഗണിക്കപ്പെടുക. ഒറ്റപ്പെട്ട മരണങ്ങള്‍ പുറംലോകം അറിയാറില്ല. കൂട്ടമരണങ്ങള്‍ മാത്രമാണ് പൊതുശ്രദ്ധയിലെത്തുന്നത്. അപകട സ്ഥലത്തേക്ക് മാധ്യമങ്ങളെ കടത്തിയത് തന്നെ സമീപ ചരിത്രത്തില്‍ ആദ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. കാരണം അവിടെ എല്ലാം നിയന്ത്രിക്കുന്നത് കമ്പനി ഉടമകളാണ്. 

(10/09/12)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...