Tuesday, September 11, 2012

ദാരിദ്ര്യം വിലക്കെടുത്ത മരണ വ്യാപാരികള്‍ (part-2)

അപകട സമയത്ത് ഉപേക്ഷിച്ചപോയ ചോറ്റുപാത്രമെടുക്കാന്‍ പിറ്റേന്ന് ഫാക്ടറിയിലിത്തെിയ മൂന്ന് മക്കളുടെ അമ്മയായ ശെല്‍വി അടിക്കടി പറഞ്ഞുകൊണ്ടിരുന്നത് ഒരേ കാര്യം: പതിമൂന്നുവയസ്സുള്ള മകളെ ഇവിടേക്ക് കൊണ്ടുവരാതിരുന്നത് ഭാഗ്യം. പലരും പറഞ്ഞിട്ടും അവളെ ജോലിക്ക് അയച്ചില്ല. പകരം 20,000 രൂപ ഉടമയില്‍ നിന്ന് പലിശക്ക് വാങ്ങി കോയമ്പത്തൂരില്‍ തുണി മില്ലിലേക്കയച്ചു. അവളുടെ ജീവന്‍ ബാക്കി കിട്ടിയത് ഭാഗ്യം. ' ശെല്‍വിക്കൊപ്പം 16 വയസ്സുള്ള മകനുമുണ്ടായിരുന്നു. അവന്റെ കൈയ്യിലുമുണ്ട്, മണ്ണും ചാരവും പുരണ്ട മറ്റൊരു ചോറ്റുപാത്രം. ശെല്‍വിയുടെ കഥയിലുണ്ട് ശിവകാശിയിലെ തൊഴിലാളികളുടെ ദൈന്യത.

അതി ദരിദ്രരായ ഗ്രാമീണ ജനതായണ് പടക്ക ശാലകളില്‍ തൊഴിലാളികളായെത്തുന്നത്. പത്ത് വയസ് പിന്നിട്ടാല്‍ കുട്ടികള്‍ പടക്കക്കളങ്ങിലെത്തും. സ്‌കൂളില്‍ ചേര്‍ത്താല്‍ പോലും കൂടുതല്‍ സമയം അവര്‍ തൊഴിലാളികള്‍ തന്നെയായിരിക്കും. തുച്ഛമായ കൂലി കാരണം പരമാവധി കുടുംബാംഗങ്ങള്‍ തൊഴിലിനിറങ്ങുകയാണ്. അവസാന അപകടത്തില്‍ മരിച്ചവരില്‍ പോലും പതിനാറുകാരന്‍ മുതല്‍ 70 കാരന്‍ വരെയുണ്ട്. തൊഴിലാളികളില്‍ മഹാ ഭൂരിഭാഗവും ദലിതരാണ്. അതില്‍ തന്നെ ഈ മേഖലയില്‍ ഏറ്റവും കടുത്ത ദാരിദ്ര്യവും സാമൂഹിക വിവേചനവും അനുഭവിക്കുന്ന പല്ലര്, പയറര്‍, അരുന്ധതിയാര്‍ വിഭാഗങ്ങളില്‍ പെട്ടവര്‍. നാടാര്‍, ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങളിലെ പരമ ദരിദ്രരും എത്തിപ്പെടുന്നത് ഇതേ തൊഴിലിടങ്ങളില്‍ തന്നെയാണ്. നടന്നെത്താവുന്നത്ര മാത്രം വ്യാപ്തിയുള്ള കുഞ്ഞുനഗരമാണ് ശിവകാശി. പടക്ക നിര്‍മാണങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നതാകട്ടെ സമീപ ഗ്രാമങ്ങളിലും. ഏതാണ്ട് അമ്പത് കിലോമീറ്റര്‍ ചുറ്റളവില്‍ പടക്ക ഫാക്ടറികളുണ്ട്. കഴിഞ്ഞ ദിവസം അപകടമുണ്ടായ ഓം ശക്തി ഫാക്ടറി ശിവകാശിയില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെയാണ്. നഗര പരിധിയില്‍ തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. ഗ്രാമങ്ങളിലേക്ക് നീങ്ങുംതോറും അത് ഭീകരമായ അപര്യാപ്തയായി മാറും. നിരന്തരം വലിയ വാഹനങ്ങള്‍ വന്നുപോകുന്ന പടക്ക നിര്‍മാണ ഗ്രാമങ്ങളിലേക്ക് ശരിയായ റോഡുപോലുമില്ല. പണ്ടെങ്ങോ പണിത റോഡിന്റെ അവശേഷിപ്പുകള്‍ക്ക് മുകളിലൂടെ അതി സാഹസികമായാണ് യാത്രകള്‍. ആശുപത്രി, സ്‌കൂള്‍, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായെങ്കിലും ലഭിക്കുന്നത് നഗരത്തോട് ചേര്‍ന്ന സ്ഥലങ്ങളില്‍ മാത്രം. അതുതന്നെ പടക്ക മേഖലയിലെ തൊഴിലാളികള്‍ക്ക് അപ്രാപ്യവുമാണ്.

ഈ ദാരിദ്ര്യവും അരക്ഷിതത്വവുമാണ് കമ്പനി ഉടമകളുടെ കരുത്ത്. നീതിയും നിയമവുമെല്ലാം സ്വയം നിശ്ചയിക്കുന്ന വ്യവസായികളുടെ കൊടിയ ചൂഷണത്തിന് തുച്ഛമായ കൂലിക്ക് തൊഴിലാളി ജീവിതം അടിയറവക്കേണ്ടിവരുന്നു. കൂലി നിശ്ചയിക്കുന്നതും ദിവസവും അതുകൊടുക്കണോ എന്ന് തീരുമാനിക്കുന്നതുമെല്ലാം ഉടമകള്‍ തന്നെ. മറുചോദ്യമില്ല. പുതിയൊരാളെ കമ്പനിയിലെടുക്കാന്‍ 20,000 മുതല്‍ 30,000 രൂപ വരെ ഉടമക്ക് നല്‍കണം. തൊഴില്‍ സമയത്തിന് ഒരു കൃത്യതയുമില്ല. രാവിലെ 7 മുതല്‍ വൈകുന്നേരം ആറു വരെ ജോലി ചെയ്യേണ്ടി വരുന്നവരുണ്ട്. ഉല്‍സവകാലമായല്‍ രാപകലില്ലാത്ത പണിയാണ്. പടക്കത്തിന്റെ ഇനം തിരിച്ചാണ് കൂലി നിശ്ചയിച്ചിരിക്കുന്നത്. 30 പൈസ മുതല്‍ അത് തുടങ്ങുന്നുണ്ട്. കേരളത്തില്‍ ഗുണ്ട് എന്ന പേരില്‍ എത്തുന്ന പടക്കത്തിന്റെ ഉള്ളില്‍ വയ്ക്കുന്ന മരുന്ന് പെട്ടി 140 എണ്ണം ഒട്ടിച്ചാല്‍ കൂലി 75 പൈസയാണ്. ഇത്തരം ജോലികള്‍ അനുബന്ധ മേഖലയിലാണ് നടക്കുന്നത്. അവസാന വട്ട ജോലികളാണ് ഫാക്ടറിയില്‍ നടക്കുക. അവിടെ സ്ഥിരം ജോലിക്കാരും കരാറുകാരമുണ്ട്. സ്ഥിരം ജോലിക്കാര്‍ക്ക് ദിവസ വേതനം 100 രൂപ മുതല്‍ 150 വരെ. കരാറുകാര്‍ക്ക് അത് 300-350 രൂപയാണ്. അപകടമുണ്ടായാല്‍ നഷ്ട പരിഹാരമോ ചികില്‍സയോ കരാറുകാര്‍ക്ക് ലഭിക്കില്ല. എന്നാലും താല്‍ക്കാലികമായ ലാഭം കണ്ട് തൊഴിലാളികള്‍ കരാര്‍ ജോലിയിലേക്കാണ് കൂടുതല്‍ നീങ്ങുന്നത്. ഉടമകള്‍ക്കും താല്‍പര്യം ഇതുതന്നെ.

തൊഴിലാളികളുടെ എണ്ണമോ, ഹാജര്‍ രജിസ്റ്റര്‍ പോലുള്ള സംവിധാനമോ ഇവിടെയില്ല. ഉടമക്ക് ഇഷ്മുള്ളവരെ ഇഷ്ടമുള്ള സമയത്ത് വിളിച്ചുവരുത്തി പണിയെടുപ്പിക്കും. ഇഷ്ടമുള്ള കൂലി കൊടുക്കും. ഉല്‍സവ കാലത്ത് ഇത് എല്ലാ നിയന്ത്രണങ്ങള്‍ക്കും അപ്പുറത്താണ്. മറുചോദ്യമോ എതിര്‍ വാദമോ ഇല്ല. ഗുണ്ടായിസം, ബ്ലേഡ് പലിശ തുടങ്ങിയ ക്രിമിനല്‍ സംവിധാനങ്ങളും പല കമ്പനി ഉടമകള്‍ക്കും സ്വന്തമായുണ്ട്. അതിനാല്‍ എതിര്‍ക്കാന്‍ ആരും ധൈര്യപ്പെടാറില്ല. തൊഴിലാളി യൂണിയന്‍ എന്ന പരിപാടിയേയില്ല. ഒരു ലക്ഷം പേര്‍ പ്രത്യക്ഷത്തില്‍ ജോലി ചെയ്യുന്ന പടക്ക നിര്‍മാണ മേഖലയില്‍ അല്‍പമെങ്കിലും പ്രത്യക്ഷപ്പെടുന്നത് സി.ഐ.ടി.യു ആണ്. അതിലാകട്ടെ അംഗ സംഖ്യ അയ്യായിരത്തില്‍ താഴെ മാത്രം: 'പോലിസ്, കോടതി, നിയമം, ഭരണം, ഉദ്യോഗസ്ഥര്‍ എല്ലാം നിയന്ത്രിക്കുന്നത് പടക്കമ്പനി ഉടമകളാണ്. അവര്‍ പറയുന്നതിനപ്പുറം ഇവിടെ നിയമമില്ല. ഒരു കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ മറ്റൊരിടത്ത് ജോലി കിട്ടില്ല. അതിനാല്‍ തൊഴിലാളികള്‍ എല്ലായിടത്തും നിശ്ശബ്ദരാക്കപ്പെടുന്നു. സംഘടനയില്‍ ചേരാന്‍ അവര്‍ തയാറല്ല. അതും തൊഴിലിന് ഭീഷണിയാണ്. എന്നാല്‍ വളരെ വലിയ കമ്പനികളില്‍ കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചമാണ്. അവിടെ അപകടങ്ങളും കുറവാണ്. ഇടത്തരം കമ്പനികളിലാണ് കൊടിയ ചൂഷണം അരങ്ങേറുന്നത്.' -സി.പി.എം ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയായി ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഷണ്‍മുഖന്‍ പറയുന്നു. യൂണിയനുകളെ വളരാന്‍ ഉടമകള്‍ അനുവദിക്കില്ല. ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും അവരുടെ ചൊല്‍പടിയിലാണ്.

അപകടങ്ങളില്‍ പെടുന്നവരുടെ എണ്ണം പോലും ഒരിക്കലും കൃത്യമായി പുറത്തറിയാത്തതിന് കാരണം തൊഴില്‍ മേഖലയിലെ ഈ കുത്തഴിഞ്ഞ സംവിധാനങ്ങളാണ്. 'കൊല്ലപ്പെട്ടവര്‍ തൊഴിലാളി അല്ലെന്ന് ഉടമ പറഞ്ഞാല്‍ അതിനപ്പുറമില്ല. അവര്‍ കൊടുക്കുന്നതാണ് ഔദ്യോഗിക കണക്ക്. ഒരു അപകട സമയത്തും മാധ്യമങ്ങളെ കമ്പനികള്‍ക്കുള്ളിലേക്ക് കടത്താറില്ല. ഇത്തവണ അപകടം ദേശീയ ശ്രദ്ധയിലെത്തിയതിനാല്‍ മാത്രമാണ് നിങ്ങള്‍ക്ക് ഇവിടേക്ക് വരാന്‍ കഴിഞ്ഞത്' -ഷണ്‍മുഖന്‍ പറഞ്ഞു. ആദ്യ ദിവസം മാധ്യമങ്ങളെ പോലിസ് തന്നെ തടഞ്ഞ് തിരിച്ചയച്ചിരുന്നു. പിന്നീട് വലിയ സമ്മര്‍ദമുപയോഗിച്ചാണ് മാധ്യമങ്ങള്‍ അത് മറികടന്നത്.

പരിശോധനയും നടപടിയുമില്ലാത്തതിനാല്‍ അപകടങ്ങള്‍ക്കും ഒരു കുറവുമില്ല. കഴിഞ്ഞ ഏതാനും വര്‍ഷത്തെ കണക്ക് മാത്രം പരിശോധിച്ചാല്‍ അപകടങ്ങളുടെ വ്യാപ്തി ബോധ്യപ്പെടും. ചെറുതും വലുതുമായി 20,149 അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം ശിവകാശിയിലുണ്ടായതെന്ന് ഇത് സംബന്ധിച്ച് പ~നം നടത്തിയ മനുഷ്യാവകാശ സംഘടനയായ 'എവിഡന്‍സി'ന്റെ പ~നം പറയുന്നു. ഇതില്‍ 154 എണ്ണം വന്‍ അപകടങ്ങളാണ്. 478 എണ്ണം ഇടത്തരം അപകടങ്ങളും. ഇവയില്‍ കൊല്ലപ്പെട്ടത് 38 പേര്‍. എന്നാല്‍ 2010ല്‍ 75 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2009 -127 പേര്‍, 2008-69 പേര്‍, 2007-72 പേര്‍, 2006-65 പേര്‍, 2005-99 പേര്‍, 2004-249 പേര്‍, 2003-89 പേര്‍ എന്നിങ്ങനെ മരണങ്ങള്‍ സംഭവിച്ചു. സര്‍ക്കാര്‍ കണക്കില്‍ പക്ഷെ ഇത്രയുമുണ്ടാകില്ല. സാമ്പത്തിക-രാഷ്ട്രീയ സ്വാധീനത്താല്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് നിയമവിരുദ്ധമായി കമ്പനി ഉടമകള്‍ നടത്തുന്ന സ്വയം ഭരണമാണ് അവരെ മരണത്തിന്റെ വ്യാപാരികളാക്കി മാറ്റുന്നത്.

(11/09/12)


No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...