Monday, March 26, 2012

മാന്ദ്യകാലത്തും കേരള പ്രവാസി വരുമാനത്തില്‍ 6000 കോടിയുടെ വര്‍ധന

തിരുവനന്തപുരം: ആഗോള സാമ്പത്തിക മാന്ദ്യം ലോക തൊഴില്‍ വിപണിയില്‍ വന്‍ ആഘാതങ്ങള്‍ സൃഷ്ടിച്ച കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കേരളത്തിലേക്കുള്ള വിദേശ വരുമാന വരവില്‍ ആറായിരം കോടി രൂപയുടെ വര്‍ധന. ഗള്‍ഫ് രാജ്യങ്ങളിലടക്കം മലയാളികള്‍ക്ക് വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇക്കാലയളവിലും മാന്ദ്യം കേരളത്തിലെ മൊത്തം പ്രവാസി വരുമാനത്തെയും വിദേശ കുടിയേറ്റത്തെയും കാര്യമായി ബാധിച്ചില്ലെന്നാണ് പുതിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. മലയാളികളുടെ തിരിച്ചുവരവും ഈ വര്‍ഷങ്ങളില്‍ കാര്യമായി സംഭവിച്ചില്ല. എന്നാല്‍ മൂന്ന് വര്‍ഷത്തിനിടെ യു.എ.ഇയിലേക്കുള്ള മലയാളി കുടിയേറ്റം കുറഞ്ഞു. പകരം അതേയളവില്‍ സൗദി അറേബ്യന്‍ കുടിയേറ്റം വര്‍ധിച്ചു. മലപ്പുറം-പാലക്കാട് പ്രദേശം സംസ്ഥാനത്ത് ഏറ്റവും കുടിയേറ്റ പ്രവണതയുള്ള മേഖലയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

വിദേശ മലയാളികളിള്‍ നിന്നുള്ള പണം വരവ് 2008ല്‍ 43,288 കോടി രൂപയായിരുന്നു. 2011ല്‍ അത് 49,695 കോടിയായി. 6,407 കോടിയുടെ വര്‍ധന. വിദേശ തൊഴില്‍ വഴി ഒരു കുടുംബത്തിന് ലഭിക്കുന്ന ശരാശരി വരുമാനം 57,227 രൂപയില്‍ നിന്ന് 63,315 രൂപയായി വര്‍ധിച്ചു. പ്രവാസികളില്‍ പകുതിയോളം മുസ്‌ലിംകളാണ്- 45 ശതമാനം. ഹിന്ദു മത വിശ്വാസികള്‍ 37.5 ശതമാനവും ക്രൈസ്തവര്‍ 17.9 ശതമാനവുമുണ്ട്. ഹിന്ദുക്കളില്‍ പ്രവാസികള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും (1998ല്‍ 29.5 ശതമാനം) ക്രൈസ്തവരില്‍ അതിന്റെ നിരക്ക് കുറയുകയാണ് (2003ല്‍ 25.1 ശതമാനം). മൊത്തം വരുമാനത്തിന്റെ 46.5 ശതമാനം മുസ്‌ലിംകളില്‍ നിന്നാണ്. ഹിന്ദു -36.4 ശതമാനം. ക്രിസ്ത്യന്‍ -17.1 ശതമാനം.

ഒരു പ്രവാസി മുസ്‌ലിം കുടുംബത്തിന് ശരാശരി 1.35 ലക്ഷം വാര്‍ഷിക വരുമാനമുണ്ട്. ഹിന്ദുക്കളില്‍ ഇത് 59,175 രൂപയും ക്രൈസ്തവരില്‍ 38,489 രൂപയും ആണ്. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് മലപ്പുറം ജില്ലയില്‍ നിന്നാണ്. എന്നാല്‍ ഇവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍. 12 വര്‍ഷത്തിനിടെ അഞ്ച് ശതമാനത്തോളം കുറഞ്ഞു. കേരള പ്രവാസികളില്‍ 90 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണ്. ഇതില്‍ ഏറ്റവും മുന്നിലുള്ള യു.എ.എയില്‍ മൂന്ന് വര്‍ഷത്തിനിടെ രണ്ട് ശതമാനത്തിന്റെ കുറവുണ്ടായി. സൗദിയില്‍ രണ്ട് ശതാമനം പ്രവാസികള്‍ കൂടുകയും ചെയ്തു.

സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും വിദേശ തൊഴില്‍ വിപണിയിലേക്കുള്ള കേരളീയരുടെ കുടിയേറ്റം വര്‍ധിക്കുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2008ല്‍ 21.9 ലക്ഷയിരുന്ന പ്രവാസികള്‍ 2011ല്‍ 22.8 ലക്ഷമായി. 12 വര്‍ഷത്തിനിടെ ഏതാണ്ട് 10 ലക്ഷത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. തിരിച്ചുവരുന്ന പ്രവാസികളുടെ എണ്ണത്തിലും മുന്‍ വര്‍ഷങ്ങളേക്കാന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2008ല്‍ 11.6 ലക്ഷം പേര്‍ തിരിച്ചുവന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് 11.5 ലക്ഷമായി കുറഞ്ഞു. 2003-2007 കാലത്ത് എണ്ണം മാറ്റമില്ലാതെ തുടര്‍ന്നെങ്കിലും 2007-08ല്‍ വന്‍ തോതില്‍ മടങ്ങിവരവ് സംഭവിച്ചിരുന്നു. ഇതില്‍ നിന്നുള്ള മാറ്റമാണ് ഇപ്പോള്‍ പ്രകടമാകുന്നത്.

എന്നാല്‍ ഇന്ത്യക്കകത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റത്തില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ല. മൂന്ന് വര്‍ഷത്തിനിടെ വെറും 17,000 പേരാണ് കൂടിയത്. ഹൈന്ദവരാണ് ഇതില്‍ കൂടുതല്‍ -59.7 ശതമാനം. ക്രൈസ്തവര്‍ -26.7 ശതമാനം. മുസ്‌ലിംകള്‍ -13.7 ശതമാനം. ഇതില്‍ മൂന്ന് വര്‍ഷത്തിനിടെ ഹിന്ദു കുടിയേറ്റം രണ്ട് ശതമാനവും ക്രിസ്ത്യന്‍ കുടിയേറ്റം 4.2 ശതമാനവും കുറഞ്ഞു. എന്നാല്‍ മുസ്‌ലിം കുടിയേറ്റം ഏതാണ്ട് ഇരട്ടി വര്‍ധിച്ചു. 6.3 (2008ല്‍ 7.4) ശതമാനം. പാലക്കാട് ജില്ലയില്‍ നിന്നാണ് അന്യ സംസ്ഥാന കുടിയേറ്റം കൂടുതല്‍. കോട്ടയം, കണ്ണൂര്‍ ജില്ലകളാണ് തൊട്ടുപിന്നില്‍. ഏറെക്കാലം മുന്നിലായിരുന്ന പത്തനംതിട്ട ഇപ്പോള്‍ പട്ടികയില്‍ ഏറെ പിന്നിലാണ്. ഈ കണക്കുകളനുസരിച്ചാണ് മലപ്പുറം-പാലക്കാട് പ്രദേശത്തെ കുടിയേറ്റ പ്രവണത കുടുതലുള്ള മേഖലയെന്ന് റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നത്.
(26....03....12)

1 comment:

  1. ഓരോ പ്രവാസിയും വായിച്ചിരിക്കേണ്ട പോസ്റ്റ്‌!,!
    നന്നായി ഭയ്യാ.
    ഇനിയും വരും!

    ReplyDelete

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...