Wednesday, March 7, 2012

കേരള മേളയില്‍ സര്‍ക്കാര്‍ വെട്ടിനിരത്തിയ സിനിമക്ക് ദേശീയാംഗീകാരം


തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്ന് സിനിമാ മന്ത്രിയും പരിവാരങ്ങളും ചേര്‍ന്ന് വെട്ടിനിരത്തിയ മലയാള സിനിമക്ക് ദേശീയ അംഗീകാരം. കേരളത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഷെറി സംവിധാനം ചെയ്ത 'ആദിമധ്യാന്തം' ദേശീയ പുരസ്‌കാര സമിതിയുടെ മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം നേടി. ചലച്ചിത്ര അക്കാദമിക്കകത്തെ ചേരിപ്പോരും വ്യകതിവിരോധം തീര്‍ക്കാന്‍ സിനിമാ മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ നടത്തിയ നീക്കങ്ങളും ചേര്‍ന്നാണ് മേളയുടെ മല്‍സര വിഭാഗത്തില്‍ നിന്ന് ഈ സിനിമയെ പുറന്തള്ളിയത്. അപൂര്‍ണമെന്നായിരുന്നു കാരണം പറഞ്ഞത്. നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് ഒടുവില്‍ സര്‍ക്കാറിന് ചലച്ചിത്ര മേളയില്‍ ഈ സിനിമക്ക് പ്രത്യേക പ്രദര്‍ശനം ഒരുക്കേണ്ടിവന്നു. 

അന്താരാഷ്ട്ര മേളയില്‍ നിന്ന് സിനിമയെ പുറത്താക്കാന്‍ നീക്കം നടത്തിയവര്‍ക്കുള്ള തിരിച്ചടിയാണ് ഈ അംഗീകാരമെന്ന് ഷെറി 'മാധ്യമ'ത്തോട് പറഞ്ഞു. ആ അന്യായത്തിനെതിരെ പ്രതിഷേധിക്കാനും പിന്തുണക്കാനും തയാറായ എല്ലാ സഹൃദയര്‍ക്കും അംഗീകാരം സമര്‍പിക്കുന്നു. ഒരുപാട് കഷ്ടപ്പാടും നഷ്ടവും സഹിച്ച് എടുത്ത സിനിമയാണ്. എന്നിട്ടും ഒരുപാട് ആക്ഷേപങ്ങള്‍ കേട്ടു. അപമാനിക്കപ്പെട്ടു. ഒരു മന്ത്രി തന്നെ അധിക്ഷേപിക്കാന്‍ രംഗത്തിറങ്ങി. ഇനിയൊരു സിനിമാപ്രവര്‍ത്തകനും ഈ ദുരനുഭവം ഉണ്ടാകരുത്. ഈ അംഗീകാരം മന്ത്രി ഗണേഷ്‌കുമാറിനുള്ള മറുപടിയാണ്' -ഷെറി പറഞ്ഞു. 

അന്താരാഷ്ട്ര മേളയുടെ മല്‍സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമ അപൂര്‍ണമാണെന്ന് വരുത്തിത്തീര്‍ത്താണ് മന്ത്രിയും സംഘവും ചേര്‍ന്ന് മേളയില്‍ നിന്ന് സിനിമ പുറന്തള്ളിയത്. മേള തുടങ്ങുന്നതിന്റെ ദുവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. അപൂര്‍ണ ഡി.വി.ഡിയാണ് സമര്‍പിക്കപ്പെട്ടത് എന്ന് മലയാളമനോരമ ചാനലില്‍ ഒരുദിവസം വാര്‍ത്ത പ്രത്യക്ഷപ്പെടുകയായിരുന്നു. ഉടന്‍ അത് ശരിവച്ച മന്ത്രി നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിവാദങ്ങള്‍ക്കൊടുവില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനെക്കൊണ്ട് സിനിമ ഒഴിവാക്കിപ്പിച്ചു. ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു ഈ പുറത്താക്കല്‍. 

മന്ത്രിയുടെ വാദം തെറ്റാണെന്നും സിനിമയുടെ ആദ്യഭാഗം നിശബ്ദ ചിത്രീകരണമാണെന്നുമുള്ള വിവരം 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തതോടെ സര്‍ക്കാര്‍ നടപടി വിവാദമായി. ദൂരദര്‍ശന്‍ ഡപ്യുട്ടിഡയറക്ടറായിരുന്ന കെ. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സമിതിയാണ് മലയാള ചിത്രങ്ങള്‍ മേളയിലേക്ക് തെരഞ്ഞെടുത്തത്. സിനിമ അപൂര്‍ണമാണെന്ന മന്ത്രിയുടെ പ്രസ്താവനയെ സമിതി അധ്യക്ഷനും കമ്മിറ്റി അംഗങ്ങളും പരസ്യമായി ചോദ്യം ചെയ്തു. മന്ത്രിയുടെ കൈവശം അപൂര്‍ണ ഡി.വി.ഡിയുണ്ടെങ്കില്‍ അത് മറ്റാരെങ്കിലും മാറ്റിയതാകാമെന്നും കമ്മിറ്റി പ്രസതാവനയിറക്കി. ഇതോടെ മന്ത്രിയും അക്കാദമിയും വെട്ടിലായി. മന്ത്രിയുടെ സമ്മര്‍ദത്തിന് വഴങ്ങി സിനിമ ഒഴിവാക്കിയെങ്കിലും പ്രതിപക്ഷ നേതാവ് മുതല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ വരെ രംഗത്തെത്തി. ചലച്ചിത്രമേളയുടെ ആദ്യ മൂന്ന് ദിവസവും മന്ത്രിക്കെതിരായ പ്രതിഷേധങ്ങളാല്‍ മേള പ്രക്ഷുബ്ദമായി. അതിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. ഒടുവില്‍ മേളയില്‍ ഉള്‍പെടുത്തി സിനിമക്ക് പ്രത്യേക പ്രദര്‍ശനം ഒരുക്കിയാണ് സര്‍ക്കാര്‍ തടിയൂരിയത്. മികച്ച സിനിമയാണെന്ന് മേളയില്‍തന്നെ പേരെടുത്ത ആദിമധ്യാന്തം ഇപ്പോള്‍ ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. 
(7/3/12)

ഇരട്ടച്ചങ്കില്‍ ഓട്ട വീഴ്ത്തുന്ന സ്വാശ്രയം

സ്വാശ്രയ വിരുദ്ധ ഇടത് പോരാളികളുടെ മിശിഹയായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്തിയായിരുന്ന കാലത്താണ്. ഒരു അധ്യയന വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ...