Wednesday, March 7, 2012

മിതാവദ ലീഗിന്റെ ചില സമാധാന പ്രകടനങ്ങള്‍


മുസ്‌ലിം ലീഗെന്നാല്‍ മിതവാദികളുടെ തറവാട് എന്നാണ് കേരളത്തില്‍ പ്രചാരത്തിലുള്ള വിശ്വാസം. സമാധാനവാദത്തിലെ അങ്ങേയറ്റത്തെ തീവ്രതയാണ് പ്രഖ്യാപിത പാര്‍ട്ടിലൈന്‍. മുസ്‌ലിംകളെ അപ്പാടെ ഭീകരവാദ ലേബലടിക്കാന്‍ കരാറെടുത്ത തീവ്രഹിന്ദുത്വര്‍ പോലും ഇളവ് നല്‍കിയ പാര്‍ട്ടി. അത്രക്ക് ബലപ്പെട്ടുപോയ വിശ്വാസമാണത്. കൈയ്യൂക്കുള്ളിടത്ത് അല്ലറചില്ലറ കാര്യങ്ങള്‍ പതിവുണ്ടെങ്കിലും കേരളീയരുടെ പൊതുവിശ്വാസത്തിന്റെ പുറത്ത് സ്വസ്ഥമായി കഴിഞ്ഞുകൂടാമെന്നതാണ് ഇതിന്റെ മെച്ചം. എന്നാല്‍ ഈ ധാരണ കേരളത്തിന്റെ അന്ധവിശ്വാസമാണെന്ന് തെളിയിക്കാന്‍ തീരുമാനിച്ചാണ് സി.പി.എം ഇക്കുറി സഭയില്‍ എത്തിയിരിക്കുന്നത്. തിങ്കളാഴ്ച തന്നെ അതിന്റെ സൂചനയുണ്ടായിരുന്നു. വിപ്ലവ പ്രവര്‍ത്തനമായ അന്ധവിശ്വാസ വിരുദ്ധ പോരാട്ടം സൂചനയില്‍ ഒതുക്കാനാകാത്തതിനാല്‍ ഇന്നലെയത് ബഹളമയവും പ്രക്ഷുബ്ദവുമായി മാറി. ലീഗ് തീവ്രവാദികളുടെയും വര്‍ഗീയവാദികളുടെയും തറാവാടാണെന്ന് സി.പി.എം സമര്‍ഥിച്ചു. പ്രതിപക്ഷ ഉപനേതാവ് അതിന് അടവരിയിട്ടു. ഈ വിമര്‍ശങ്ങളെയെല്ലാം ഒച്ചയിട്ടും ഡസ്‌കിലടിച്ച് തടസ്സപ്പെടുത്തിയും കൂവിവിളിച്ചും ആഭാസകരമായ പരാമര്‍ശങ്ങള്‍ സഹിതം പ്രതികരിച്ചും വളരെ 'സമാധാനപരമായാണ്' ലീഗ് അംഗങ്ങള്‍ നേരിട്ടത്. 

കണ്ണൂരില്‍ ലീഗ് തീവ്രവാദികളുടെ അഴിഞ്ഞാട്ടം കാരണം ജീവിക്കാന്‍ കഴിയാതായി എന്ന് കെ.കെ ലതികയാണ് ആദ്യം പറഞ്ഞത്. ടി.വി രാജേഷ് ശാസ്ത്രീയമായി അതിനെ വികസിപ്പിച്ചു: 'ഉത്തര കേരളത്തില്‍ ലീഗ് അക്രമത്തിന് വിധേയരാകുന്നവരെല്ലാം ഒരേ സമുദായക്കാരാണ്. അവരുടെ മാത്രം സ്ഥാപനങ്ങളും വാഹനങ്ങളും തകര്‍ക്കപ്പെടുന്നു. മതം നോക്കി അക്രമിക്കുന്നുവെന്ന് വാര്‍ത്തകളുണ്ട്. സി.പി.എം-ലീഗ് സംഘര്‍ഷം എന്നതിനപ്പുറത്തേക്ക് അത് വളര്‍ന്നിക്കുന്നു. മുസ്‌ലിം സമുദായത്തിലെ തീവ്രവാദികള്‍ ലീഗില്‍ സുരക്ഷിതരാണ്. നരിക്കാട്ടേരിയില്‍ സ്വന്തം ബോംബ് പൊട്ടി ലീഗുകാര്‍ മരിച്ചതിലെ അന്വേഷണം അട്ടിമറിച്ചു.' ഇത്രയുമായപ്പോഴേക്ക് ലീഗിലെ സമാധാനവാദികളുടെ നിയന്ത്രണം പൊട്ടി. യുവ മിതവാദികളുടെ നേതാവ് കെ.എം ഷാജി ചാടിയെഴുന്നേറ്റ് അലറിവിളിച്ചു. കേരളത്തിലെ മുഴുവന്‍ മുസ്‌ലിം തീവ്രവാദികളുടെയും പട്ടിക സദാ പോക്കറ്റില്‍ സൂക്ഷിക്കുന്നത്ര വലിയ സമാധാനവാദിയാണ് കെ.എം ഷാജി. അതിനാല്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി, സി. മോയിന്‍കുട്ടി, സി. മമ്മൂട്ടി, എം. ഉമ്മര്‍, പി.കെ ബഷീര്‍ തുടങ്ങി എന്‍.എ നെല്ലിക്കുന്ന് വരെ ഉടന്‍ കൂടെച്ചേര്‍ന്നു. രാഷ്ട്രീയ സംഘര്‍ഷത്തെ വര്‍ഗീയമാക്കി ചിത്രീകരിക്കരുതെന്ന് ക്രമപ്രശ്‌നവും ഉന്നയിച്ചു. ഒടുവില്‍ രാജേഷിന് പ്രസംഗിക്കാന്‍ സംരക്ഷണം കൊടുക്കണമെന്ന് കോടിയരി ബാലകൃഷ്ണന് ആവശ്യപ്പെടേണ്ടിവന്നു. 

തീവ്രവാദ വിമര്‍ശമുയര്‍ത്തിയാല്‍ അതിന് എതിര്‍ വാദങ്ങളുന്നയിച്ച് മറുപടി പറയണമെന്ന് അറിയാത്തവരല്ല ലീഗുകാര്‍. എതിര്‍പാര്‍ട്ടി യോഗത്തില്‍ കാറ് കയറ്റിയും എതിരുപറഞ്ഞാല്‍ തട്ടിക്കളയുമെന്ന് മൈക്ക് കെട്ടിപ്പറഞ്ഞും ഒത്താല്‍ ചവിട്ടിക്കൊന്നും മറുപടിക്കലയില്‍ പേരെടുത്ത ഈ സമാധാന വാദകിള്‍ പക്ഷെ, വാക്കാല്‍ പോലും പ്രതിരോധിക്കാന്‍ കാര്യമായി മെനക്കെട്ടില്ല. അതിനാല്‍ രാജേഷ് പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് തൊട്ടുടനെ പ്രസംഗിച്ച എം. ഉമ്മര്‍ സമാധാനിച്ചു. എന്നിട്ട് എല്ലാവര്‍ക്കും വിശ്വസിക്കാവുന്ന ഒരു പ്രഖ്യാപനവും നടത്തി: 'കേരളം ഉടന്‍ മദ്യവിമുക്തമാകും'. തീവ്രവാദം പ്രത്യയാശസ്ത്ര പ്രശ്‌നമാക്കി ഇടക്കിടെ ചേരിതിരിയുന്ന ലീഗില്‍ ഷാജിയുടെ മറുവശത്താണ് എന്‍. ഷംസുദ്ദീന്റെ സീറ്റ്. അതിനാലാകണം, മറുപടിക്ക് പകരം സി.പി.എം ആക്രമണത്തിലാണ് ഷംസുദ്ദീന്‍ ശ്രദ്ധിച്ചത്. മാറാട് കമീഷന്‍ റിപ്പോര്‍ട്ടായിരുന്നു മുഖ്യ ആയുധം. പറഞ്ഞുപറഞ്ഞ് പി.കെ ശ്രീമതിയുടെ തൃശൂര്‍ നൃത്തത്തിലെത്തിയപ്പോള്‍ ആവേശമായി. നാടന്‍ പാട്ടിനൊപ്പം ശ്രമതിക്കെതിരെ പറഞ്ഞ കമന്റില്‍ അശ്ലീലതയുടെ ദുരര്‍ഥം വന്നപ്പോള്‍ പ്രതിപക്ഷം എതിര്‍ത്തു. ആദ്യം ന്യായീകരിച്ചെങ്കിലും ഒടുവില്‍ പിന്‍വലിച്ചു. 

തുടക്കം തൊട്ടുയര്‍ന്ന സാമുദായിക വിഷയങ്ങള്‍ ഇന്നലെ സഭയിലുടനീളം നിറഞ്ഞു. തിരുവനന്തപുരത്ത് ഒരു സമുദായത്തെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്നും കള്ളക്കേസുകളെടുക്കുന്നുവെന്നും ജമീല പ്രകാശം ആരോപിച്ചു. പക്ഷെ സമുദായമേതെന്ന് അവര്‍ പറഞ്ഞില്ല. പകരം താന്‍ പറഞ്ഞതില്‍ സംശയമുണ്ടെങ്കില്‍ ഡപ്യൂട്ടിസ്പീക്കര്‍ എന്‍. ശക്തനോടും എ.ടി ജോര്‍ജിനോടും ചോദിക്കണമെന്ന് നിര്‍ദേശിച്ചു. ടി.വി രാജേഷ് ഇതുകണ്ട് പ~ിക്കണം. സാമുദായിക പ്രശ്‌നങ്ങള്‍ അവിടെയും തീര്‍ന്നില്ല. തെരഞ്ഞെടുപ്പായതിനാല്‍ അരമനകള്‍ നിരങ്ങുന്ന സി.പി.എം നേതാക്കളെ ഭരണപക്ഷം ആവര്‍ത്തിച്ച് പരിഹസിച്ചു. പാപം തീര്‍ക്കാന്‍ ഇടതുനേതാക്കള്‍ പൊങ്കാലയിടണമെന്ന് തോമസ് ഉണ്ണിയാടന്‍ ഉപദേശിച്ചു. 

തിങ്കളാഴ്ച എമ്പാടും ആക്രമിക്കപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വേണ്ടി ഇന്നലെ എസ്. ശര്‍മ രംഗത്തിറങ്ങി. അത്യന്തം രോഷാകുലനായി വി.എസ് വിമര്‍ശങ്ങള്‍ക്ക് മറുപടി പറഞ്ഞ ശര്‍മയെ സഭ ഇലയനങ്ങാത്ത നിശ്ശബ്ദതയോടെ കേട്ടിരുന്നു. ബന്ധുവിന് ഭുമി പതിച്ചുകൊടുത്ത കേസിന്റെ ചരിത്രവും വര്‍ത്തമാനവും വസ്തുനിഷ്ടമായി സമര്‍ഥിച്ച ശര്‍മ ഈ കേസ് രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് ആരോപിച്ചു. തിരുവഞ്ചൂര്‍ ചെറുപ്രതിരോധം ഉയര്‍ത്തിയെങ്കിലും ഫലപ്രദമായില്ല. ഇരുവരും തമ്മില്‍ ഇതേചൊല്ലി വാക്കുതര്‍ക്കവുമായി. ഇറ്റാലിയന്‍ സൈനികര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളില്‍ കെ.ടി ജലീല്‍ ക്ഷുഭിതനായപ്പോള്‍ കെ. രാജുവിന്റെ രോഷമത്രയും കെ.എന്‍.എ ഖാദറിനോടായിരുന്നു. ജോസഫ് വാഴക്കനും പി.എ മാധവനും രോഷം ടി.വി രാജേഷിനോടും. 

ചര്‍ച്ച തുടങ്ങിയ കോണ്‍ഗ്രസ് അംഗം സണ്ണി ജോസഫ് ഉമ്മന്‍ചാണ്ടിയെ വാഴ്ത്താന്‍ പ്രാസത്തിലൊരു രാഷ്ട്രീയ വിശകലനം നടത്തി: 'കുഞ്ഞൂഞ്ഞ്-കുഞ്ഞാലി-കുഞ്ഞുമാണി അച്ചുതണ്ടാണ് കേരളം ഭരിക്കുന്നത്'. സഭാ ചര്‍ച്ചയുടെ പൊതു സ്വാഭാവത്തിനിണങ്ങും വിധം കോടിയേരി അവസാനം അതിങ്ങനെ ഉപസംഹരിച്ചു: 'സര്‍ക്കാര്‍ വന്നത് മുതല്‍ ചില സമ്മര്‍ദ ശക്തികളെപ്പറ്റി ഭരണത്തിനകത്തും പുറത്തും പറഞ്ഞുകേള്‍ക്കുന്നുണ്ടായിരുന്നു. സണ്ണിജോസഫ് അത് തുറന്നുസമ്മതിച്ചത് നന്നായി'. വിശ്വാസം, അതല്ലേ എല്ലാം? 
(7/3/12)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...