Friday, March 9, 2012

രാഷ്ട്രീയത്തിലെ ഏകകോശ ജീവി സങ്കല്‍പങ്ങള്‍


അമീബ ഏകകോശ ജീവിയാണെന്ന കാര്യത്തില്‍ ഇതുവരെ എതിരഭിപ്രായമുണ്ടായിട്ടില്ല. എന്നാല്‍ നിലവിലെ സര്‍ക്കാറും അങ്ങനെതന്നെയാണ് എന്നാണ് വി.എസ് സുനില്‍കുമാറിന്റെ പക്ഷം: 'എല്ലാകാര്യത്തിനും മുഖ്യമന്ത്രി മാത്രമേയുള്ളൂ. ഏത് വകുപ്പില്‍ അടിയന്തിര പ്രമേയം വന്നാലും മറുപടി പറയുന്നത് ഉമ്മന്‍ചാണ്ടി. മന്ത്രിമാര്‍ക്ക് അതിന് കഴിയില്ല എന്ന് മുഖ്യമന്ത്രിക്ക് തന്നെ മനസ്സിലായിരിക്കുന്നു. അമീബയെപ്പോലെ ഏകകോശ ജീവിയാണ് ഈ സര്‍ക്കാര്‍.' സുനില്‍കുമാറിന്റെ നിരീക്ഷണം ഒട്ടും തെറ്റിയില്ലെന്ന് സഭക്കിന്നലെ ബോധ്യപ്പെടുകയും ചെയ്തു. രണ്ടുവട്ടം ഇറങ്ങിപ്പോക്കും സൂര്യനെല്ലിക്കേസില്‍ ഭാഗിക സ്തംഭനവും അരുണ്‍കുമാര്‍ നിയമന അന്വേഷണ റിപ്പോര്‍ട്ട് സമര്‍പണത്തിലെ നെടുങ്കന്‍ ചര്‍ച്ചയും അതിന് പിന്നാലെ സഭക്കകത്തും പുറത്തും നേതാക്കള്‍ നടത്തിയ വാഗ് യുദ്ധങ്ങളുമെല്ലാം ചേര്‍ന്ന് ഉപതെരഞ്ഞെടുപ്പിന്റെ ഇടവേളക്ക് പിരിയുന്ന അംഗങ്ങള്‍ക്ക് സമൃദ്ധമായ വിഭവമൊരുക്കിയ ദിവസം രാഷ്ട്രീയ ഏകകോശ ജീവികള്‍ ആദ്യാവസാനം സഭയില്‍ പ്രത്യക്ഷപ്പെട്ടു.

രണ്ടാള്‍ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന സര്‍ക്കാറിനെ പിന്തുണക്കുന്നവരെല്ലാം ഒറ്റക്കൊറ്റക്ക് ഇരപിടിക്കാവുന്നവരാണെന്ന് സുനില്‍കുമാറും പറിഞ്ഞിരുന്നില്ല. പക്ഷെ ചോദ്യോത്തര സമയത്തുതന്നെ സഭയില്‍ അത് ദൃശ്യമായി. മുല്ലപ്പെരിയാറിന്റെ പേരില്‍ എം.എ വാഹിദും എ.പി അബ്ദുല്ലക്കുട്ടിയുമാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ചോദ്യം സ്വന്തം പാര്‍ട്ടി മന്ത്രി തിരുവഞ്ചൂരിന് പോലും പിടിച്ചില്ല. അപ്പോള്‍ പിന്നെ പി.ജെ ജോസഫിന്റെ കാര്യം പറയേണ്ടല്ലോ? ഉപതെരഞ്ഞെടുപ്പിന്റെ തലേന്നാണോ ഇമ്മാതിരി ചോദ്യങ്ങളെന്ന് വിഷ്ണുനാഥ് പരിഭവം പറഞ്ഞത് മിച്ചം. വൈകുന്നേരം ബാബു എം. പാലിശ്ശേരി മറ്റൊരാളെക്കൂടി ഇക്കൂട്ടത്തില്‍ നിന്ന് പിടികൂടി: വി.ടി ബാലറാം.നിയമസഭാ പ്രമേയത്തിന് വിരുദ്ധമായി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഫേസ്ബുക്കില്‍ എഴുതിയതാണ് തെളിവ്. മുസ്‌ലിം ലീഗ് ഒരുപാട് ഭാരവാഹികളുള്ള പാര്‍ട്ടിയാണെങ്കിലും പ്രവര്‍ത്തന രീതി പ്രകാരം ഏകകോശ ജീവിയാണ്. ജനറല്‍ സെക്രട്ടറി ആയാലും അല്ലെങ്കിലും കുഞ്ഞാലിക്കുട്ടിയാണതില്‍ അതികായന്‍. അക്കാര്യമറിയാവുന്ന കെ.എം ഷാജി യുവജന സംഘടനയിലെ അതികായനും. അതുകൊണ്ട് ഷാജി ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞു: 'കണ്ണൂരില്‍ അക്രമം കാട്ടുന്നവരെയല്ല, അത് ആസൂത്രണം ചെയ്യുന്ന നേതാക്കളെ പിടികൂടണം. രാഷ്ട്രീയ നേതാക്കള്‍ അറിഞ്ഞിട്ടാണ് അവിടെ അക്രമം നടക്കുന്നത്. മുസ്‌ലിം ലീഗുകാര്‍ അക്രമം കാട്ടിയാല്‍ അതിന്റെ നേതാക്കളെ പിടിക്കണം. മറ്റ് പാര്‍ട്ടികളിലും അതുതന്നെ വേണം.' അച്യുതാനന്ദന്‍ വിചാരിച്ചിട്ട് നടക്കാത്തത് ഉമ്മന്‍ചാണ്ടിയെക്കൊണ്ടാകുമെന്ന് ഷാജിക്ക് തോന്നിയിരിക്കണം.

ഏകകോശ രാഷ്ട്രീയ ജീവികളില്‍ കേരളകോണ്‍ഗ്രസിന് സവിശേഷമായ ചരിത്രമുണ്ട്. സഭയിലിന്നലെ രണ്ടുവട്ടം ഈ ചരിത്ര സാക്ഷ്യമുണ്ടായി. അതിവേഗ റയില്‍വേ ഇടനാഴി പദ്ധതിയുടെ പിതൃത്വമായിരുന്നു ഒരുവിഷയം. തോമസ് ഐസകും എളമരം കരീമും അവരവര്‍ക്കുവേണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും സര്‍ക്കാറിന് വേണ്ടിയും ഡി.എന്‍.എ തെളിവുകള്‍ ഹാജരാക്കുന്നതിനിടെ പി.ജെ ജോസഫ് പ്രത്യക്ഷപ്പെട്ടു: മുംബെ-കന്യാകുമാരി അതിവേഗ റയില്‍വേ വേണമെന്ന് ആവശ്യപ്പെട്ട് ഇവരേക്കാളൊക്കെ മുമ്പ് ഞാന്‍ അത്രയും ദൂരം പദയാത്ര നടത്തിയിട്ടുണ്ട്.' ജോസഫ് കഴിവുതെളിയിച്ചാല്‍ കെ.എം മാണിക്ക് അടങ്ങിയിരിക്കാനാവില്ലെന്നത് പ്രകൃതി നിയമമാണ്. അവസരം പാര്‍ത്തിരുന്ന മാണിക്ക് കിട്ടിയത് സൂര്യനെല്ലി.  പെണ്‍കുട്ടിയെ വീണ്ടും പോലിസ് പീഡിപ്പിക്കുന്നുവെന്ന ഇ.എസ് ബിജിമോളുടെ പരാതിക്ക് മുഖ്യമന്ത്രി മറുപടിഞ്ഞ സന്ദര്‍ഭം: 'ആ പെണ്‍കുട്ടിക്കെതിരെ കഴിഞ്ഞ സര്‍ക്കാര്‍ കേസെടുത്തത് അന്നത്തെ മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് തോമസ് ഐസക് പറഞ്ഞിരിക്കുന്നു. അപ്പോള്‍ ഇതുവരെ അച്യുതാനന്ദന്‍ സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.' ആ പെണ്‍കുട്ടിയെ ചില ഉദ്യോഗസ്ഥര്‍ സസ്‌പെന്റ് ചെയ്യാന്‍ നീക്കമുണ്ട് എന്ന് വി.എസ് അറിയിച്ചുവെന്നായിരുന്നു ഐസക് പറഞ്ഞത്. ഇതിന്റെ കെ.എം മാണി വ്യാഖ്യാനം കേട്ടവരെല്ലാം ഞെട്ടി. ഈ പറഞ്ഞത് പിന്‍വലിക്കാതെ പറ്റില്ലെന്നായി പ്രതിപക്ഷം. ബഹളം. മുദ്രാവാക്യം വിളി. നടുത്തളത്തോളമെത്തിയ പ്രതിഷേധവും. നിര്‍വാഹമില്ലാതെ ഭാഗികമായി മാണി പിന്‍വലിച്ചു. പിന്‍വലിക്കല്‍ നിരുപാധികം വേണമെന്നായി പ്രതിപക്ഷം. അവിടെവച്ച് അടിച്ചുപിരിഞ്ഞു.

അല്ലെങ്കിലും സഭ ഇന്നലെയാകെ ഏറ്റുമുട്ടല്‍ മൂഡിലായിരുന്നു. കോലിയക്കോട് കൃഷ്ണന്‍ നായരുടെ അടിയന്തിര പ്രമേയം ചീറ്റിപ്പോയെങ്കിലും അതിന്റെ കുറവ് ഇ.പി ജയരാജന്റെ ശ്രദ്ധക്ഷണിക്കലില്‍ പ്രതിപക്ഷം പരിഹരിച്ചു. സഹകരണ ഓര്‍ഡിനന്‍സിന്റെ പേരില്‍. തിരിച്ചുവന്നത് വി.എസ് അച്യുതാനന്ദനെതിരെ മകന്റെ പേരില്‍ തയാറാക്കിയ സഭാസമിതി റിപ്പോര്‍ട്ടിന്റെ തീച്ചൂളയിലേക്ക്. ഉപക്ഷേപം തീര്‍ന്നയുടന്‍ എതിര്‍പ്പുമായി കോടിയേരി ബാലകൃഷ്ണന്‍ ചട്ടം പറഞ്ഞ് ചാടിയെഴുനേറ്റു. സമയമാകട്ടെയെന്ന് സ്പീക്കര്‍ ഇരുത്തി. ഈ ആവേശം പലവട്ടം കണ്ടു. കമ്മിറ്റിക്കെതിരെ എസ്.ശര്‍മയും ഗുരുദാസനും മുല്ലക്കരയും ആളിക്കത്തി. അതേയളവില്‍ സമിതി ചെയര്‍മാന്‍ വി.ഡി സതീശനും കെ. ശിവദാസന്‍ നായരും. മണിക്കൂറുകള്‍ നീണ്ട തീപാറിയ ചര്‍ച്ചക്കൊടുവില്‍ അപ്രതീക്ഷിതമായൊന്നും സംഭവിച്ചുമില്ല. ഈ സംഭവങ്ങള്‍ക്കെല്ലാമിടയിലും ചര്‍ച്ചയിലും മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും മറുപടികളിലും നിറഞ്ഞുനിന്നത് പിറവം തന്നെ. എ.കെ ബാലനും എന്‍. ജയരാജും ബെന്നിബഹനാനും വി.എസ് അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയുമെല്ലാം അതാവര്‍ത്തിച്ചു. യു.ഡി.എഫുകാര്‍ക്കായിരുന്നു ഇക്കാര്യത്തില്‍ അമിതാവേശം. അവര്‍ക്കതുണ്ടാകും. കാരണം യു.ഡി.എഫിലെ പുതിയൊരു ഏകകോശ രാഷ്ട്രീയ ചരിത്ര പിറവിയുടെ നിര്‍ണായക മുഹൂര്‍ത്തമാണ് പിറവം.
(9/03/12)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...