Saturday, March 24, 2012

അവസാന ദിവസത്തെ ഉല്‍സവം


വികസനവും കരുതലുമാണ് ഉമ്മന്‍ചാണ്ടിയുടെ ട്രേഡ്മാര്‍ക്ക്. ഏതര്‍ധ രാത്രിയും ഇവ രണ്ടും വച്ചുവിളമ്പുന്നതില്‍ ഒരു കുറവും ഇന്നേവരെ വരുത്തിയിട്ടുമില്ല. ഭരണത്തിന്റെ മൂക്ക് കയര്‍ കയിലുള്ള പി.കെ കുഞ്ഞാലിക്കുട്ടിക്കും കെ.എം മാണിക്കുമാണ് വികസന ചുമതല. കരുതല്‍ മുഖ്യമന്ത്രി നേരിട്ട് വിതരണം ചെയ്യും. ഈ കരുതലില്‍ പക്ഷെ ചില മുന്‍കരുതലുകളുണ്ടെന്ന് സഭക്കിന്നലെ ബോധ്യമായി. ഉല്‍സവ കാലത്തെ ക്ലിയറന്‍സ് സെയില്‍ പോലെ ബജറ്റ് സെഷന്റെ അവസാന ദിവസം അംഗങ്ങള്‍ പദ്ധതികള്‍ വാരിക്കൂട്ടുന്ന തിക്കിനും തിരക്കിനുമിടയിലും ഈ മുന്‍കരുതല്‍ പ്രത്യക്ഷമായതാകും പത്ത് ദിവസ സമ്മേളനത്തിലെ ഏറ്റവും വലിയ നേട്ടം.

കെ. ദാസന്‍ എം.എല്‍.എയെ പോലസ് അടിച്ചുവീഴ്ത്തിയെന്ന പരാതി മൂന്ന് ദിവസം മുമ്പ് സഭയില്‍ വന്നതാണ്. സമ്മേളനം തീരും മുമ്പ് ഇതില്‍ തീരുമാനം പറയാമെന്ന് മുഖ്യമന്ത്രി ഉറപ്പും കൊടുത്തു. അതെന്തായി എന്ന് ഇന്നലെ ചോദിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു: 'രണ്ടാമത്തെ റിപ്പോര്‍ട്ടും എം.എല്‍.എ പറഞ്ഞതിന് വിരുദ്ധമാണ്. ഇനി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യും.' തല്ലിയത് പോലിസ്! അതേപറ്റി റിപ്പോര്‍ട്ട് കൊടുത്തത് പോലിസ്!! ചര്‍ച്ച ചെയ്യുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പോലിസ!!! ഇതാണ് മുന്‍കരുതല്‍. നടപടി വേണമെന്ന് പ്രതിപക്ഷം ആവുന്നത്ര ബഹളംവച്ചിട്ടും ഒരക്ഷരം മുഖ്യമന്ത്രി പറഞ്ഞില്ല. പറയുകയുമില്ല. അവസാനം പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. സ്വാശ്രയത്തില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയതിനെപ്പറ്റി ചോദിച്ചപ്പോഴും കണ്ടു ഈ മുന്‍കരുതല്‍. അപ്പോള്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി.

വെട്ടിക്കുറച്ച സമ്മേളനത്തിലെ അവസാന ദിവസം രണ്ടായി നിശ്ചയിച്ചിരുന്ന സഭ വീണ്ടും വെട്ടിക്കുറച്ച് ഉച്ചക്ക് മുമ്പെ പിരിയാന്‍ തീരുമാനിച്ചാണ് അംഗങ്ങളെത്തിയത്. പ്രതിപക്ഷം ബഹിഷ്‌കരിച്ചതിനാല്‍ പ്രതീക്ഷിച്ചതിലും അര മണിക്കൂര്‍ നേരത്തേ പിരിയാനുമായി. എതിരാളികള്‍ മുന്നിലില്ലാത്തതിനാല്‍ ഒഴിഞ്ഞ പോസ്റ്റില്‍ ഗോളടിക്കുന്നില്ലെന്ന് ജോസഫ് വാഴക്കന്‍ നിലപാട് വ്യക്തമാക്കി. ഏറ്റവും വേഗത്തില്‍ പ്രസംഗം അവസാനിപ്പിച്ച് സി.പി മുഹമ്മദ് മികച്ച മാതൃകയായി. ടി.എ അഹമ്മദ് കബീറും അബ്ദുറഹ്മാന്‍ രണ്ടത്താണിയും സമയം പാലിച്ചു. അനൂപ് ജേക്കബിന്റെ അരങ്ങേറ്റവും ഇതിനിടെ നടന്നു. കുടിവെള്ളം ചോദിച്ച അനൂപിന് കുളം നിറയെ കൊടുക്കുമെന്ന് പി.ജെ ജോസഫ് ഉറപ്പും കൊടുത്തു. പ്രതിപക്ഷമില്ലെങ്കിലും പി.സി ജോര്‍ജ് ഒരു വിട്ടുവീഴ്ചയും കാട്ടിയില്ല. ലോക കമ്യൂണിസം മുതല്‍ അതിന്റെ ഫാഷിസം വരെ വിഷയങ്ങള്‍. സ്വന്തമായി കേരളകോണ്‍ഗ്രസ് നടത്തി മുന്‍ പരിചയമുള്ളതിനാല്‍ ആളൊഴിഞ്ഞ കസേരകള്‍ നോക്കി രോഷംകൊള്ളുന്നതില്‍ ഒരമാന്തവുമുണ്ടായുമില്ല.

ബജറ്റിനും നയ പ്രഖ്യാപനത്തിനുമൊപ്പം ഒരംഗത്തിന്റെ രാജിയും മറ്റൊരാളുടെ സഭാപ്രവേശവും കണ്ടാണ് പത്ത് ദിവസത്തെ സമ്മേളനം അവസാനിക്കുന്നത്. ആര്‍. ശെല്‍വരാജ് പോയപ്പോള്‍ പകരം വന്നത് അനൂപ് ജേക്കബ്. എം.എല്‍.എമാരുടെ ശമ്പളവും പെന്‍ഷനും കൂട്ടാന്‍ നിയമം നിര്‍മിച്ചു. ഏഴ് അടിയന്തിര പ്രമേയങ്ങള്‍ക്ക് നോട്ടീസ്. 13 ശ്രദ്ധക്ഷണിക്കലും 105 ഉപക്ഷേപവും. സഭയില്‍ വരാത്ത ഉപക്ഷേപങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. അമിതാവേശത്തിന് വി.ടി ബലറാം രണ്ടുവട്ടും സ്പീക്കറുടെ ശാസന കേട്ടപ്പോള്‍ മുന്‍ സ്പീക്കര്‍ എം.വിജയകുമാറിന് സഭയെ അവഹേളിച്ചതിന് അതിരൂക്ഷമായ വിമര്‍ശം ഏറ്റുവാങ്ങേണ്ടിവന്നു. വിജയകുമാര്‍ വീണ്ടും അവഹേളിച്ചതായി സഭ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയാണ് ഒടുവില്‍ പിരിഞ്ഞത്. വി.എസ് അച്യുതാനന്ദനെതിരായ വി.ഡി സതീശന്‍ കമ്മിറ്റി അന്വേഷണ റിപ്പോര്‍ട്ടായിരുന്നു ഈ സെഷനിലെ മുഖ്യ ഇനം. വേണ്ടത്ര വിവാദങ്ങളോടെ അത് സഭ വഴി പുറത്തെത്തി.

അവസാന ദിവസത്തെ നടപടികളും വെട്ട ിക്കുറച്ചതോടെ  അധിക ധനാഭ്യര്‍ഥന, വോട്ടോണ്‍ അക്കൗണ്ട്, ധനവിനിയോഗ ബില്‍, അതിന്‍െ വോട്ടോണ്‍ അക്കൗണ്ട്, ധനകാര്യ ബില്‍ എന്നിവ ഇന്നലെ ഒന്നര മണിക്കൂറിനകമാണ് തീര്‍പ്പാക്കിയത്. ഈ ഗൗരവമാര്‍ന്ന അത്യാവശങ്ങളിലൊന്നും പക്ഷെ ഭരണപക്ഷ അംഗങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അവര്‍ ഓടിനടന്ന് മന്ത്രിമാര്‍ക്ക് നിവേദനങ്ങള്‍ നല്‍കി. കൂട്ടംകൂടിനിന്നും  ഇരുന്നും നടന്നും കഥകള്‍ പറഞ്ഞു. അംഗങ്ങള്‍ പലവട്ടം പ്രസംഗിക്കാന്‍ പോലുമാകാതെ നിസ്സഹായരായി. എതിരുപറയാന്‍ പ്രതിപക്ഷമില്ലാത്തതിന്റെ സൗകര്യം അവര്‍ ആഘോഷിച്ചു. അണികളെ അച്ചടക്കം പ~ിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഭരണപക്ഷ നേതാക്കള്‍ക്ക് സ്പീക്കര്‍ ഉത്തരവ് നല്‍കിയിരുന്നതാണ്. അതുപോലും മറന്ന ഉത്രാടപ്പാച്ചിലായിരുന്നു സഭയാകെ.

മന്ത്രി കെ.എം മാണി മറുപടി പറയാന്‍ തുടങ്ങിയതോടെ ഈ നെട്ടോട്ടം പാരമ്യത്തിലെത്തി. ധനവിനിയോഗ ബില്‍ ആയതിനാല്‍ തുക പറയാന്‍ നിര്‍വാഹമില്ലെന്ന് മന്ത്രി പറഞ്ഞിട്ടും അംഗങ്ങള്‍ വിട്ടില്ല. ഉല്‍സവ പറമ്പിലെ റിഡക്ഷന്‍ കച്ചവടം പോലെ ഒരടുക്കും ചിട്ടയുമില്ലാതെ എല്ലാവരും പണവും പദ്ധതിയും ചോദിച്ചുകൊണ്ടേയിരുന്നു. ചിലര്‍ മന്ത്രിക്ക് കുറിപ്പുകൊടുത്ത ശേഷം സീറ്റിലേക്കോടിയെത്തി ചോദ്യം ചോദിച്ചു. ചിലര്‍ മാണിക്ക് വേണ്ടിയും ചോദിച്ചു. ചോദിച്ചതിനെല്ലാം ആവശ്യത്തിന് പണമുണ്ടെന്ന് മന്ത്രി ഉറപ്പു കൊടുത്തു. അതിന് പറ്റാത്തവര്‍ക്ക് 'ശക്തമായ പിന്താങ്ങ്' പ്രഖ്യാപിച്ചു. കേരളകോണ്‍ഗ്രസുകാരും കോണ്‍ഗ്രസുകാരും പണം വാരിപ്പോകുന്നത് കണ്ടപ്പോള്‍ പി.ബി അബ്ദുറസാഖ് ഉറുദു അക്കാദമി ചോദിച്ചു. കൊടുത്തില്ലെങ്കിലും വേണ്ടില്ല, പരിഗണിച്ചുവെന്നെങ്കിലും പറഞ്ഞേക്കണമെന്ന് അതിന് പി.കെ കുഞ്ഞാലിക്കുട്ടി ഉപായം നിര്‍ദേശിച്ചു. ഓണ്‍ ചെയ്തുവച്ച മൈക്കിലൂടെ ആ കുഞ്ഞാലിക്കുട്ടി ഉപായം സഭയാകെ കേട്ടു. ആകപ്പാടെ ഒരുല്‍സവാന്തരീക്ഷത്തില്‍ സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പ്രാഖ്യാപിച്ചു.
(24...03...12)

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND) തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ...