Thursday, March 22, 2012

കലികാലാവതാരം


ഈ നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ നിന്ന് മരണത്തിലേക്കിറങ്ങിപ്പോയ അച്ഛന് പകരം മകന്‍ മടങ്ങിയെത്തിയ ആഹ്ലാദവുമായാണ് ഇന്നലെ സഭ തുടങ്ങിയത്. രാവിലെ തന്നെ അനൂപ് ജേക്കബ് സത്യപ്രതിഞ്ജയെടുത്ത് സീറ്റിലെത്തി. സ്പീക്കര്‍ മുതല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അംഗങ്ങളുമെല്ലാം ആ സ്വീകരണത്തില്‍ സന്തോഷം പങ്കിട്ടു. പോലിസ് മര്‍ദനത്തിന്റെ കദനകഥള്‍ അടിയന്തിര പ്രമേയമാക്കിയ വി.എസ് സുനില്‍കുമാറിന്റെ അവതരണ മികവിനുംമേലെ തിരച്ചുവരവിന്റെ സന്തോഷം സഭയില്‍ നിറഞ്ഞുനിന്നു. വാഗ്വാദവും ചര്‍ച്ചയും ബഹളവുമടക്കം മുഴുവന്‍ ചേരുവകളുമായി അരങ്ങേറിയ പെന്‍ഷന്‍ പ്രായ ചര്‍ച്ച ഇടതുകാലത്തെ പെന്‍ഷന്‍ പ്രായവര്‍ധനാ ഉത്തരവുകളില്‍ തട്ടിച്ചിതറി. അതിന്റെ നയപരമായ കോടിയേരി വ്യാഖ്യാനം പോലും ഫലവത്തായില്ല. അതിന് പിന്നാലെ, സഭയാകെ സന്തോഷം പരത്തി മിനിട്ടുകള്‍കൊണ്ട് എം.എല്‍.എമാരുടെ ശമ്പള^പെന്‍ഷന്‍ വര്‍ധന അംഗീകരിച്ചു.

അധികം വൈകും മുമ്പേ  സഭയുടെ സന്തോഷം പഴയയൊരു സാമാജികന്റെ വേര്‍പാടിന്റെ വേദനയിലേക്ക് വഴി മാറി. സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ സി.കെ ചന്ദ്രപ്പന്റെ മരണ വിവരം സ്പീക്കര്‍ ജി. കാര്‍ത്തികേയനാണ് സഭയെ അറിയിച്ചത്. രാവിലെ മുതല്‍ തന്നെ ഈ വിവരം സംശയമായി സഭക്കകത്തും പുറത്തും പരന്നിരുന്നു. ശൂന്യവേളക്കിടെ സി.പി.ഐ എം.എല്‍.എമാര്‍ കൂട്ടത്തോടെ സഭയില്‍ നിന്നിറങ്ങിയതോടെ സംശയം ബലപ്പെട്ടു. അപ്പോഴും സ്ഥിരീകരണമായില്ലെങ്കിലും സഭയില്‍ വിയോഗത്തിന്റെ വേദന അനുഭവപ്പെട്ടു. സ്പീക്കര്‍ അത് പ്രഖ്യാപിച്ചതോടെ സഭ നിമിഷാര്‍ധം മൗനമായി.

ഈ മരണം കണക്കിലെടുത്ത് ചര്‍ച്ചകളില്‍ അംഗങ്ങള്‍ സ്വയം സമയം നിയന്ത്രിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ഥിച്ചെങ്കിലും ശമ്പള ബില്ലിലെ ആത്മ നിയന്ത്രണം പിന്നീടൊട്ടും സഭയിലുണ്ടായില്ല. പിറവം തൊട്ട് പാര്‍ട്ടി സമ്മേളനം വരെ വിഷയങ്ങളില്‍ പതിവുപോലെ ചര്‍ച്ചകള്‍ ചുറ്റിത്തിരിഞ്ഞു. ഇവക്കിടയില്‍ പ്രൊഫ. സി രവീന്ദ്രനാഥിന്റെ സൈദ്ധാന്തകി വിശകലനം വേറിട്ടുനിന്നു. നവഉദാരീകരണ നയങ്ങള്‍ ഒളിച്ചിരിക്കുന്ന ബജറ്റിലെ ഊടുവഴികളിലേക്കെല്ലാം സാമ്പത്തിക ശാസ്ത്രഞ്ജന്റെ വൈദഗ്ദ്യത്തോടെ അദ്ദേഹം കയറിച്ചെന്നു. പ്രൊഫസറുടെ സ്റ്റഡീ ക്ലാസ് കഴിഞ്ഞപ്പോഴാണ് ചില ഇടതംഗങ്ങള്‍ക്കും ബജറ്റിനെ എതിര്‍ക്കേണ്ടതുണ്ടെന്ന് ബോധ്യമായത്. അതുവരെ അവര്‍ നടത്തിയ വിമര്‍ശങ്ങള്‍  കോവൂര്‍ കുഞ്ഞിമോന്‍ മാതൃകയിലാണ്: 'ബജറ്റ് വെറും ഉള്ളിയാണ്.  ആദ്യ തൊലി കളഞ്ഞപ്പോള്‍ വികസനത്തിന് ഒന്നുമില്ല. കൊല്ലത്തിന് വേണ്ടി രണ്ടാം തൊലി കളഞ്ഞപ്പോഴും ഫലം ശൂന്യം. കുന്നത്തൂര്‍ മണ്ഡലമാണ് മൂന്നാം തൊലിയില്‍ പ്രതീക്ഷിച്ചത്. നാലാം തൊലി പൊളിച്ചിട്ടും ഒരു പിണ്ണാക്കും കിട്ടിയില്ല. അതോടെ എന്റെ കണ്ണ് നിറഞ്ഞൊഴുകി.' ചര്‍ച്ചയില്‍ ഇടതംഗങ്ങള്‍ കുറവായിരുന്നതിനാല്‍ ഇത് കൂട്ടക്കരച്ചിലായി മാറിയില്ല.

കോണ്‍ഗ്രസുകാര്‍ക്ക് നയപരമായി അത്ര പോലും ആവലാതികളുണ്ടായില്ല. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അതംഗീകരിക്കണമെന്ന് കെ. മുരളീധരന്‍ കടുത്ത ഭാഷയില്‍ ഉപദേശിച്ചു. പിന്നെ പിറവത്ത് തോല്‍പിച്ച ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞു: 'വി.എസ് ഭരണം, പാര്‍ട്ടി നയം, സമ്മേളന വിവാദം അങ്ങനെയങ്ങനെ. ഇതൊക്കെ അറിയാവുന്നവര്‍ വോട്ട് ചെയ്തില്ല. അത്ര തന്നെ.' നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനെ വേണോ എന്ന് എ.കെ ബാലന്‍ ചോദിച്ചെങ്കിലും മുരളീധരന്‍ വീണില്ല. തൊഴിലാളികളെ മുഴുവന്‍ വെടിവച്ചിടുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഗോള നയമെന്ന് ടി.എന്‍ പ്രതാപന്‍ വാദിച്ചു. ചന്ദനത്തോപ്പ് മുതല്‍ പലവട്ടം കേരള കമ്യൂണിസ്റ്റുകള്‍ അത് ചെയ്തിട്ടുണ്ടെന്ന് പി.സി വിഷ്ണുനാഥും. പാലോട് രവിയും വി.എം ഉമ്മര്‍ മാസ്റ്ററും പി.ബി അബ്ദുറസാക്കും ഇടതുവിരോധത്തിലേക്ക് മതിയായ സംഭാവന നല്‍കി. മറുപടി പറഞ്ഞ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും മുഖ്യവിഷയം പിറവത്തെ മദ്യമൊഴുക്കായിരുന്നു. പറഞ്ഞിട്ടും പറഞ്ഞിട്ടും അരിശം തീരാതെ മുഖ്യമന്ത്രിയും കെ. ബാബുവും രോഷം കൊണ്ടു.

മൂന്ന് ദിവസത്തെ ചര്‍ച്ചക്ക് മറുപടി പറഞ്ഞ കെ.എം മാണി വാഗ്ദാനങ്ങള്‍ വാരി വിതറി അവസാന മണിക്കൂറില്‍ സഭയെ വീണ്ടും സന്തോഷങ്ങളിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഒടുവില്‍ ഒരു പ്രഖ്യാപനവും: 'എം.എല്‍.എമാര്‍ പറഞ്ഞത് കിട്ടിയില്ലെങ്കില്‍ ശ്രദ്ധയില്‍പെടുത്തൂ, ഉടന്‍ ഉത്തരവുകള്‍ തരാം.' ഇത്രക്ക് സഹിക്കാനുള്ള കരുത്ത് തോമസ് ഐസക്കിനില്ലായിരുന്നു. അതുവരെ മൗനം സൂക്ഷിച്ച ഐസക് പുതിയ വാദവുമായി എഴുന്നേറ്റു. അതിലെ അപകടം കെ.എം മാണിക്ക് മനസ്സിലായിക്കാണണം: 'ഐസക് കുരുട്ടുബുദ്ധികള്‍ പറയരുത്. എന്നെ കുഴിയില്‍ വീഴ്ത്താന്‍ ശ്രമിക്കരുത്.' ഭരണനിരയുടെ പ്രശംസാപെരുമഴയേറ്റുവാങ്ങിയ ഈ ബുദ്ധിവൈഭവത്തിന്റെ രഹസ്യം മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ വെളിപ്പെടുത്തി: 'ദശാവതാരം കലികാലത്തുണ്ടാകുന്നതാണ്. അതുകഴിഞ്ഞാല്‍ മഹാപ്രളയമാണ്. മാണിയെ പത്താം അവതാരമായി ഉപമിച്ചതിനാല്‍ വരാനിരിക്കുന്നത് പ്രളയകാലമായിരിക്കും.' പി.ജെ ജോസഫിനെയും പി.സി ജാര്‍ജിനെയും വിഴുങ്ങിയ മാണിയുടെ അവതാരോദ്ദേശം വെളിപ്പെടുത്താന്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുത്ത മുഹൂര്‍ത്തം അത്യധികം രാഷ്ട്രീയ പ്രധാനമാണ്. ടി.എം ജേക്കബിന്റെ മകന് സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടിവരില്ല.
(23...03...12)

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND) തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ...