Wednesday, March 21, 2012

ഇടശ്ശേരി സ്മാരക ബജറ്റ്


ആരാണ് ഇയാഗോ? ഷേക്‌സ്പിയറുടെ ഒഥല്ലോക്ക് ഭാര്യാവധത്തിന് ഉപദേശം നല്‍കിയ ഇയാഗോയെ എല്ലാവര്‍ക്കും അറിയാം. പക്ഷെ കേരള നിയമസഭയിലെ ഇയാഗോയെ പറ്റിയാണ് ഇടതുയുവ നേതാവ് പി. ശ്രീരാമകൃഷ്ണന്റെ ചോദ്യം. ഭരണനിരയിലെ ബുദ്ധിരാക്ഷസന്‍മാരുടെ നേരയെല്ലാം അംഗങ്ങളുടെ നോട്ടം പാഞ്ഞെങ്കിലും ആര്‍ക്കും ഒരുപിടിയും കിട്ടിയില്ല. അതാരാണെന്ന് ശ്രീരമാകൃഷ്ണന്‍ പറഞ്ഞുമില്ല. പകരം കേരള ഇയാഗോയുടെ സമകാലീന ചരിത്ര നിയോഗം വെളിപ്പെടുത്തി: 'പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ മന്ത്രി മാണിയെ ഉപദേശിച്ചത് ഇയാഗോയാണ്.' അതോടെ പ്രതിപക്ഷം ഒരു കോറസ് പോലെ ഉത്തരം പറഞ്ഞു: 'തോമസ് ഐസക്; ഐസക് മാത്രം.' ഉത്തരം കേട്ടയുടന്‍ ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപിച്ചു: 'ഏത് പാതാളത്തില്‍ ഒളിച്ചാലും ഇയാഗോയെ കേരളയുവത പുറത്തുകൊണ്ടുവരും.' തോമസ് ഐസക് വളഞ്ഞവഴിയില്‍ പ്രായം കൂട്ടിയപ്പോള്‍ ഈ ആവേശം കാണാനേ ഉണ്ടായിരുന്നില്ലെന്ന വി.ഡി സതീശന്റെ വിമര്‍ശത്തിന് വേറെ മറുപടിയുണ്ടായുമില്ല.

ഇരുവരുടെയും ഈ ഉശിരൊന്നും പക്ഷെ നിയമനിര്‍മാണത്തില്‍ കണ്ടില്ല. ഒന്നല്ല, രണ്ട് ബില്ലാണ് സഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. അതും വെറും നാല് മിനിറ്റിനകം. ശ്രീരാമകൃഷ്ണനും സതീശനും മാത്രമല്ല, കക്ഷി ഭേദമില്ലാതെ ഇരുഭാഗത്തുമിരുന്ന മുഴുവന്‍ അംഗങ്ങളും ആ  സമയത്ത് അതീവ ശാന്തരും സൗമ്യരുമായി കാണപ്പെട്ടു. മുഖ്യമന്ത്രി ബില്ലുകള്‍ അവതരിപ്പിച്ചു. ആദ്യത്തേതില്‍ ഒന്നര മിനിറ്റ് സംസാരം. രണ്ടാമത്തേതില്‍ അത്രയുമില്ല. എന്നിട്ടും ആര്‍ക്കുമില്ല പേരിനുപോലും ഒരു വിയോജിപ്പ്. നിയമനിര്‍മാണ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട അത്യപൂര്‍വ മാതൃക. ആ ബില്ലില്‍ ഒന്ന് എം.എല്‍.എമാരുടെ ശമ്പളവും ബത്തകളും വര്‍ധിപ്പിക്കുന്നതായിരുന്നു. രണ്ടാമത്തേത് അവരുടെ പെന്‍ഷന്‍ കൂട്ടുന്നതും. ബജറ്റ് ചര്‍ച്ചയില്‍ മുല്ലക്കര രത്‌നാകരന്‍ ഉദ്ദരിച്ച അക്കിത്തം കവിത ഇവിടെയാകും  കുടുതലിണങ്ങുക: 'കണ്ണില്ലാത്ത കുറ്റമല്ല/കാണേണ്ടതൊന്നും കണ്ടില്ല, കാതുകളില്ലാത്ത കുറ്റമല്ല/കേള്‍ക്കേണ്ടതൊന്നും കേട്ടില്ല.'

ഒരു കവിത സഥാനം തെറ്റിപ്പോയെങ്കിലും ബജറ്റ് ചര്‍ച്ചയില്‍ ഏറ്റവും ഗൗരവപൂര്‍വം മുല്ലക്കര ഇടപെട്ടു. ബജറ്റിന്റെ തിലകക്കുറിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന 'ഗ്രീന്‍ ഹൗസി'ന്റെ യുക്തിശൂന്യതയെ കാര്യകാരണ സഹിതം മുന്‍ കൃഷി മന്ത്രി തള്ളിക്കളഞ്ഞു. തമിഴ്‌നാട്ടിലെ കാലാവസ്ഥക്കിണങ്ങുന്ന പദ്ധതി എട്ടുമാസം മഴ പെയ്യുന്ന കേരളത്തില്‍ നടപ്പാകില്ല. 3000 സ്ഥലത്തായി ആകെ കൃഷി ചെയ്യുക 120 ഹെക്ടറില്‍. മൊത്തം ചിലവ് 45 കോടി. ഇത്രയും പണമുണ്ടെങ്കില്‍ 10,000 ഹെക്ടറില്‍ പച്ചക്കറി കൃഷി ചെയ്യാം. യൂറോപ്പിലും ഇസ്രായേലിലും പരാജയപ്പെട്ട ഗ്രീന്‍ ഹൗസ് ചരിത്രവും പദ്ധതിക്കെതിരായ യു.എന്‍ റിപ്പോര്‍ട്ടും തെളിവായി മുല്ലക്കര ചേര്‍ത്തുവച്ചു. ബജറ്റിലെ സപ്ത തന്ത്രത്തില്‍ കര്‍ഷത്തൊഴിലാളിയെയും ദരിദ്രനെയും കാണാന്‍ കഴിയാത്ത ഇ.കെ വിജയന് അമ്പലപ്പറമ്പുകളിലെ 'പീപീപീ' വിളി മാത്രമാണ് കേള്‍ക്കാനായത്. കെ.എസ് സലീഖ കാണുന്നതാകട്ടെ പാലക്കാടന്‍ പാടത്ത് നെല്ലുമായി കാത്തിരിക്കുന്ന കര്‍ഷകരെയും. പാര്‍ട്ടി സെക്രട്ടറിയായതിനാലകണം എ.എ അസീസ് സൈദ്ധാന്തിക വിമര്‍ശമാണുന്നയിച്ചത്: 'പ്രതിപക്ഷ പീഢനവും ഭരണപക്ഷ പ്രീണനവും നടത്തുന്ന സെക്‌ടേറിയന്‍ ബജറ്റ്.'

മലബാറിലെ അംഗങ്ങള്‍ക്ക് ഇപ്പോഴും വിഷയം വടക്കന്‍ കേരളത്തിലെ എറ്റുമുട്ടലുകളുടെ ബജറ്റും എസ്റ്റിമേറ്റുമാണ്. സി.മമ്മൂട്ടിയും പി. ഉബൈദുല്ലയും സി.പി.എം അതിക്രമ-കൊലപാതക കണക്കുകള്‍ അവതരിപ്പിച്ചപ്പോള്‍ എ. പ്രദീപ്കുമാറും സി.കെ നാണുവും ഇ.കെ വിജയനും ലീഗ് ചരിത്രം വിവരിച്ചു. കേട്ടിരുന്നവര്‍ക്ക് ബോധ്യമായത് ഒറ്റക്കാര്യം: രണ്ടുകൂട്ടരും ഒന്നിനൊന്നു മെച്ചം. ഇതൊന്നും പക്ഷെ എ.പി അബ്ദുല്ലക്കുട്ടിയെ ബാധിച്ചിട്ടില്ല. അബ്ദുല്ലക്കുട്ടി തുടങ്ങിയത് ക്യൂബയില്‍ നിന്നാണ്: 'അവിടെ വിരമിക്കല്‍ പ്രായം 70 ആണ്. ബംഗാളില്‍ 60. ത്രിപുര കഴിഞ്ഞ വര്‍ഷം 60 ആക്കി. അവിടെയൊന്നും ഡി.വൈ.എഫ്.ഐ ഇല്ലേ?' ഈ കുട്ടി പിച്ചും പേയും പറയുകയാണെന്ന് എസ്. രാജേന്ദ്രന്‍ തമിഴില്‍ പറഞ്ഞു. ബജറ്റില്‍ എം.കെ മുനീറിന് കുറച്ച് കൂടുതല്‍ പണം കൊടുക്കണമെന്ന് പി.ടി.എ റഹീം മാണിയോടാവശ്യപ്പെട്ടു: 'സ്ത്രീകള്‍ക്ക് തന്‍േറടമുണ്ടാക്കാനുള്ള പരിപാടി ഗംഭീരമാണ്. അതിനിടെ മലപ്പുറത്ത് ലീഗിന്റെ വനിതാ പഞ്ചായത്ത് പ്രസിഡന്റ് പുരുഷ പീഢനം കാരണം രാജിവച്ചു. ആറുമണി കഴിഞ്ഞാല്‍ പുറത്തിറങ്ങരുതെന്ന് പാര്‍ട്ടി പറഞ്ഞപ്പോഴാണ് രാജി. അതിനാല്‍ തന്‍േറടത്തിന് കൂടുതല്‍ പണം വേണ്ടിവരും.' ലീഗിലെ പുരുഷ നേതാക്കള്‍ക്കുകൂടി അതില്‍ പ്രവേശം കൊടുക്കാന്‍ റഹീം തന്നെ ആവശ്യപ്പെടേണ്ടതാണ്. അല്ലെങ്കില്‍ കെ.ടി ജലീല്‍. മറ്റാര്‍ക്കും അത്രക്ക് ധൈര്യം പോര.

ബജറ്റില്‍ ഇടശ്ശേരി കവിത ചേര്‍ത്തത് പാലോട് രവിയെ വരെ കവിതാപ്രേമിയാക്കി മാറ്റിയിട്ടുണ്ട്. അപ്പോള്‍ അബ്ദുസ്സമദ് സമദാനിയുടെ കാര്യം പറയാനില്ല. കുമാരനാശാനില്‍ നിന്നായിരുന്നു സമദാനിയുടെ തുടക്കം. പതിവുപോലെ ഇടക്കിടെ ഉറുദു പാടി. ഇഖ്ബാല്‍ കവിതയില്ലെങ്കില്‍ സമദാനിയാവുകയുമില്ല. മുഴുനീളെ കവിതപോലൊഴുകിയ പ്രസംഗത്തിലെ ആകെ ആവശ്യം ഇടശ്ശേരിക്ക് സ്മാരകം വേണമെന്ന് മാത്രം. ചെയറില്‍ അന്നേരം സി.പി മുഹമ്മദ് ആയതിനാല്‍ സഭയുടെ പൂര്‍ണ പിന്തുണയും കിട്ടി. ഒഴിഞ്ഞുമാറാന്‍ മാണിക്കും വയ്യ. എന്തുവിലകൊടുത്തും സ്മാരകം പണിയുന്നതാണ് മാണിക്ക് നല്ലത്. കാരണം എം.എന്‍ വിജയന് സ്മാരകം വേണമെന്ന് പി.സി ജോര്‍ജ് വരെ ആവശ്യപ്പെട്ട കാലമാണ്. വേറെ വഴിയില്ലെങ്കില്‍ ഈ ബജറ്റ് 'കുറ്റിപ്പുറം പാല'ത്തിന് ചുവിട്ടിലേക്കെറിഞ്ഞിട്ട് ഇടശ്ശേരി സ്മാരകമായി വേറെ ബജറ്റ് തന്നെ അവതരിപ്പിക്കാവുന്നതാണ്. 'കുഴിവെട്ടി മൂടുക വേദനകള്‍' എന്നുപാടിയ കവിയല്ലേ?
(20...03...12)

ഇരട്ടച്ചങ്കില്‍ ഓട്ട വീഴ്ത്തുന്ന സ്വാശ്രയം

സ്വാശ്രയ വിരുദ്ധ ഇടത് പോരാളികളുടെ മിശിഹയായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്തിയായിരുന്ന കാലത്താണ്. ഒരു അധ്യയന വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ...