Tuesday, March 6, 2012

ഒളികാമറാ കാലത്തെ പാര്‍ട്ടി കോണ്‍ഗ്രസ്

ലോകത്ത് നിലവിലുള്ള വികസന സിദ്ധാന്തങ്ങളിലെല്ലാം ഞ്ജാനമുള്ളയാളാണ് ടി.എ അഹമ്മദ് കബീര്‍. അതറിയാവുന്നതിനാലാണ് നയപ്രഖ്യാപനത്തിന് നന്ദി പ്രമേയം അവതരിപ്പിക്കാനുള്ള ചുമതല ഭരണപക്ഷം ഈ ലീഗ് നേതാവിനെ ഏല്‍പിച്ചത്. സ്‌കാന്റിനേവിയന്‍ രാജ്യങ്ങള്‍ തൊട്ട് ടിയാനന്‍മെന്‍ സ്‌ക്വയര്‍ വരെ സാധ്യമായ മുഴുവന്‍ ചരിത്രവും ഉദ്ദരിച്ച ശേഷം കബീര്‍ ഉപസംഹരിച്ചു: 'ഈ നയപ്രഖ്യാപനം വികസനമുന്നേറ്റത്തിനുള്ള കേരള സര്‍ക്കാറിന്റെ ബൈപാസാണ്.' വികസനമെന്നാല്‍ പണം മുടക്കുന്നയാള്‍ക്ക് ടോള്‍ പിരിക്കാനുള്ള അവകാശം പതിച്ചുകൊടുക്കലാണെന്ന് കേരളം പ~ിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നയപ്രഖ്യാപനത്തിന് ഇതിലേറെ അര്‍ഥവത്തായ ഉദാഹണമില്ല. കബീര്‍ അറിയാതെ പറഞ്ഞതുപോയതാണെങ്കിലും പിന്നീടുവന്നവര്‍ അങ്ങനെപോലും നയപ്രഖ്യാപനത്തിലെ ഗൗരവ വിഷയങ്ങളിലേക്ക് എത്തിനോക്കിയില്ല; മാത്യു ടി തോമസ് ഒഴികെ. ഗവര്‍ണറുടെ പ്രസംഗത്തില്‍ ഒരു നയവും നിലപാടും ഇല്ലെന്ന് മാത്യു ടി യുക്തിസഹമായി സമര്‍ഥിച്ചു. മറ്റെല്ലാവര്‍ക്കും പ്രധാനം പിറവമായിരുന്നു. ഇരുപക്ഷവും പരസ്പരം ആവുന്നത്ര വെല്ലുവിളിച്ചു. വീരവാദം മുഴക്കി. ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം പിറവത്തേക്ക് ഒരുപിടി പ്രത്യേകം കരുതിയിരുന്നു. പ്രതിപക്ഷ വീര്യമാകട്ടെ, വളരെ അച്ചടക്കത്തോടെ സംഘടിപ്പിച്ച ഒരു ഇറങ്ങിപ്പോക്കിലൊതുങ്ങുകയും ചെയ്തു.

നയപ്രഖ്യാപനത്തില്‍ നിറയെ ചപ്പും ചവറും കുപ്പിച്ചില്ലുമാണ് ജി. സുധാകരന്‍ കണ്ടത്. അനുഭവപ്പെട്ടതാകട്ടെ അനുശോചന പ്രസംഗമായും. വാമൊഴി വഴക്കങ്ങളുടെ പിന്‍ബലത്തില്‍ ഭരണപക്ഷ അധിക്ഷേപം സമൃദ്ധമാക്കിയ സുധാകാരന്‍ പ്രതിപക്ഷത്തിന്റെ ഓപണിംഗ് ബാറ്റ്‌സ് മാനായതിനാല്‍ അധികം പറയുന്നില്ലെന്ന് പ്രഖ്യാപിച്ചതിനാല്‍ സഭ സമാധാനപരമായി മുന്നോട്ടുപോയി. എങ്കിലും ഈ ചവറ് പിറവത്തെ ജനകീയ ഫാക്ടറിയില്‍ സംസ്‌കരിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. ഇടതുസര്‍ക്കാറുകളുടെ കാലത്ത് സമാന്തരമായി പ്രവര്‍ത്തിക്കുന്ന സെല്‍ ഭരണത്തിന് വലതുപക്ഷ ബദലുണ്ടെന്ന് കണ്ടെത്തിയതാണ് സുധാകരന്റെ ഏറ്റവും വലിയ സംഭാവന: മണ്ടെലി ഭരണം. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ക്ക് ആലപ്പുഴയിലെ വിളിപ്പേരാണത്രെ 'മണ്ടെലി'. അവരാണിപ്പോള്‍ ഭരണം നടത്തുന്നത്. അവരുടെ സ്വാധീനത്തില്‍ കുടുങ്ങിയ ഉമ്മന്‍ചാണ്ടി യാഥാസ്തികനും വിനയമില്ലാത്തവനുമായി മാറിയതായും സുധാകരന്‍ വ്യക്തമാക്കി. നല്ല കമ്യുണിസ്റ്റുകാരനാണെങ്കിലും സുധാകരന് കുശുമ്പാണെന്നാണ് കണ്ടെത്തിയ പി.സി ജോര്‍ജിനും പിറവത്ത് ജയിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. ഭൂരിപക്ഷം പതിനായിരത്തില്‍ കൂടുതലായിരിക്കുമെന്നുറപ്പുമുണ്ട്. ഭൂരിപക്ഷം പറഞ്ഞത് ജോര്‍ജായതിനാല്‍ യു.ഡി.എഫുകാര്‍ ഒന്നുഞെട്ടിയതാണ്. എന്നാല്‍ അങ്ങനെ പേടിക്കാനില്ലെന്ന് വി. ശിവന്‍കുട്ടി സമാശ്വസിപ്പിച്ചു: 'ഏത് മുന്നണിയിലായാലും ആര്‍ക്കുവേണ്ടിയും എന്തും പറയുന്ന, പറയിപ്പിക്കാവുന്നയാളാണ് ജോര്‍ജ്.'

പിറവത്ത് ഇപ്പോള്‍ തന്നെ ജയിച്ചുകഴിഞ്ഞുവെന്നാണ് പി.സി വിഷ്ണുനാഥ് പറയുന്നത്. പഴയകാല സിനിമകളില്‍ കണ്ടിരുന്ന 'അപരന്‍' തന്ത്രം പ്രയോഗിച്ചതില്‍ സി.പി.എം പരാജയപ്പെട്ടതോടെ ഒന്നാം റൗണ്ട് പൂര്‍ത്തിയായത്രെ. ഇനി വോട്ടെണ്ണിയാല്‍ മതി. പിറവത്ത് തിരുപ്പറിവി നടക്കുമെന്ന് സി.പി മുഹമ്മദും ആ കുഞ്ഞിന് യു.ഡി.എഫിന്റെ മുഖമായിരിക്കുമെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണിയും തറപ്പിച്ച് പറഞ്ഞു. പിറവം തോറ്റാലും സര്‍ക്കാറിന് ഒന്നും സംഭവിക്കില്ലെങ്കില്‍ പിന്നെയെന്തിനാണ് ഭൂരിപക്ഷത്തിന്റെ വീരവാദം പറയുന്നത് എന്നായിരുന്നു ഇതിന് പി.കെ ഗുരുദാസന്റെ മറുപടി. എല്ലാം മുഖ്യമന്ത്രി തന്നെ ചെയ്യുന്ന രാജനീതിയാണ് ഇവിടെയെന്ന് വാദിച്ച കെ.കെ ലതിക, ആറ് ജില്ല ഭരിക്കുന്നത് ലീഗിലെ തീവ്രവാദികളാണെന്നാണ് സഭയെ അറിയിച്ചു.

പിറവത്തെപ്പോലെ ഭരണപക്ഷം മറ്റ് രണ്ട് വിഷയങ്ങള്‍ക്കുകൂടി തുല്ല്യ പ്രാധാന്യം നല്‍കി: കാപ്പിറ്റല്‍ പണിഷ്‌മെന്റും ക്രൂഷ്‌ചേവിന്റെ സ്റ്റാലിന്‍ വിരോധവും. രണ്ടിന്റെയും ഉന്നം വി.എസ് അച്യുതാനന്ദനായതിനാല്‍ പ്രതിപക്ഷ പ്രതിരോധം കാര്യമായുണ്ടായുമില്ല. ആ സൗജന്യം വേണ്ടത്ര ഉപയോഗിച്ചത് കെ.എന്‍.എ ഖാദറായിരുന്നു. പിണറായി വിജയന്‍ ക്രൂഷ്‌ചേവായത് നന്നായി എന്നാണ് ഖാദറിന്റെ നിരീക്ഷണം. മറിച്ച് സ്റ്റാലിനായിരുന്നെങ്കില്‍ വി.എസ് ഇപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ലത്രെ. സ്റ്റാലിന് ക്രൂഷ്‌ചേവ് 'കാപ്പിറ്റല്‍ പണിഷ്‌മെന്റ്' കൊടുത്തത് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിലായിരുന്നു. കോഴിക്കോട് നടക്കാന്‍ പോകുന്നതും ഇരുപതാം കോണ്‍ഗ്രസ് തന്നെ. അതിനാല്‍ കാപ്പിറ്റല്‍ പണിഷ്‌മെന്റ് ഇവിടെയും ഖാദര്‍ പ്രതീക്ഷിക്കുന്നുണ്ട്. ചൈനയെ വരെ അടക്കിപ്പറഞ്ഞിട്ടും പതിവിനെതിരായി സി. ദിവാകരന്‍ ഖാദറിന് മറുപടി പറയാതിരുന്നത് കൗതുകമായി. ക്രൂഷ്‌ചേവിന്റെ രഹസ്യ റിപ്പോര്‍ട്ടെന്ന പേരില്‍ സ്റ്റാലിനെതിരായ കുറ്റപത്രം പിന്നീട് പ്രസിദ്ധീരിക്കപ്പെട്ടിരുന്നു. ലെനിന്റെ ഭാര്യയെ സ്റ്റാലിന്‍ അധിക്ഷേപിച്ചത് വരെ അതിലുണ്ട്. പാര്‍ട്ടിക്കകത്തും പുറത്തും ഒളികാമറാ കാലമായതിനാല്‍ കോഴിക്കോട് കോണ്‍ഗ്രസ് റിപ്പോര്‍ട്ടും ആരെങ്കിലും പ്രസിദ്ധീകരിക്കുമെന്ന് ദിവാകരന്‍ പ്രതീക്ഷിക്കുന്നുണ്ടാകും.
(published on 6/03/12, madhyamam)

ഇരട്ടച്ചങ്കില്‍ ഓട്ട വീഴ്ത്തുന്ന സ്വാശ്രയം

സ്വാശ്രയ വിരുദ്ധ ഇടത് പോരാളികളുടെ മിശിഹയായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്തിയായിരുന്ന കാലത്താണ്. ഒരു അധ്യയന വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ...