Thursday, March 22, 2012

പിറവത്ത് തോറ്റത് ആരാണ്?

തെരഞ്ഞെടുപ്പില്‍ വിജയത്തേക്കാള്‍ പ്രധാനമാണ് വ്യാഖ്യാനം. ഉപതെരഞ്ഞെടുപ്പാണെങ്കില്‍ യഥാര്‍ത്ത വിജയം നിശ്ചയിക്കുന്നതുപോലും വ്യാഖ്യാനമാണ്. അതുകൊണ്ടുതന്നെ പിറവത്ത് രാവിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടും നിയമസഭയില്‍ വിജയി ആരെന്ന് തീരുമാനിക്കാനായില്ല. വൈകുന്നേരം അഞ്ചിന് സഭ പിരിയും വരെ ഇക്കാര്യത്തില്‍ തര്‍ക്കം നടന്നു. ഇത് ഇന്നും തുടരും. വോട്ട് കൂടുതല്‍ കിട്ടിയതിനാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ് വിജയിച്ചത് എന്ന് ഭരണപക്ഷ അംഗങ്ങള്‍ വാദിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കിട്ടിയതിനാല്‍ വിജയം ഇടതുപക്ഷത്തിനാണെന്ന് അവരും. രണ്ടുകൂട്ടരും ജയിച്ചതിനാല്‍ തോറ്റത് നാട്ടുകാരാകാനാണ് സാധ്യത.

കോടിയേരി ബാലകൃഷ്ണന്‍ അടിയന്തിര പ്രമേയം അവതരിപ്പിക്കുന്നതിനിടെ തന്നെ സഭയില്‍ യു.ഡി.എഫ് അംഗങ്ങള്‍ ആഹ്ലാദ പ്രകടനം ആരംഭിച്ചിരുന്നു. 'സ്ഥാനാര്‍ഥി' ഉമ്മന്‍ചാണ്ടിയെ സീറ്റില്‍ ചെന്ന് അവര്‍ അഭിനന്ദിച്ചു. തെരഞ്ഞെടുപ്പ് നയിച്ച കെ. ബാബു ഓരോ സീറ്റിനുമരികില്‍ ഓടിച്ചെന്ന് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. കൈകൊടുക്കല്‍, കെട്ടിപ്പിടിക്കല്‍, ഡസ്‌കിലടി, കൂട്ടച്ചിരി, ഗ്രൂപ്പ് ചര്‍ച്ച. മുദ്രാവാക്യം വിളിയല്ലാത്തതെല്ലാം അവിടെ നടന്നു. ആഹ്ലാദ പ്രകടനം സഭക്കകത്ത് ആരവമായപ്പോള്‍ എ.കെ ബാലന്‍ ക്ഷുഭിതനായി. ഇവിടെ മി~ായി വിതരണം ചെയ്യരുതെന്നും സഭാമര്യാദ പാലിക്കണമെന്നും ബാലന്‍ ആവശ്യപ്പെട്ടു. ആഹ്ലാദം പ്രകടിപ്പിക്കാന്‍ വേണമെങ്കില്‍ അരമണിക്കൂര്‍ സഭ നിറുത്തിവക്കാമെന്ന് കോടിയേരി ബാലകൃഷ്ണനും. പിന്‍നിരയിലെ യുവതാരങ്ങള്‍ ഇവര്‍ക്ക് പിന്തുണയായി ബഹളംവച്ചു. മര്യാദ പാലിച്ച് സന്തോഷം പ്രകടിപ്പിക്കണമെന്ന് ഒടുവില്‍ സ്പീക്കര്‍ റൂളിംഗും നല്‍കി. അത് കേട്ടതിനാലാകണം പി.സി ജോര്‍ജ് ലഡു വിതരണം കാന്റീനിലേക്ക് മാറ്റി. ഇടതാവേശം അപ്പോഴേക്കും കെട്ടടങ്ങിയിരുന്നു. ടി.വി രാജേഷിന്റെ പെന്‍ഷന്‍ പ്രായം വര്‍ധനാവിരുദ്ധ ശ്രദ്ധക്ഷണിക്കല്‍ പോലും വഴിപാടായി. ഇക്കാര്യത്തില്‍ റോഡില്‍ കാണിക്കുന്ന ആവേശത്തിന്റെ മൂന്നിലൊന്ന് സഭയിലുണ്ടായുമില്ല.

എ.കെ ബാലന്റെ രോഷവും പ്രതിപക്ഷ നിരയിലെ ശാന്തതയും കണ്ടപ്പോള്‍ പിറവത്ത് ഇടതുപക്ഷം തോറ്റിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷെ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.എം അംഗങ്ങളുടെ വ്യാഖ്യാനങ്ങള്‍ ആ ധാരണ തിരുത്തി. എം. ചന്ദ്രനാണ് തുടങ്ങിയത്: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിറവത്ത് എല്‍.ഡി.എഫിന് കിട്ടിയത് 67,000 വോട്ട്. ഇപ്പോള്‍ 70,000. അതിനാല്‍ എല്‍.ഡി.എഫിന് വിജയമാണ്. സാങ്കേതികമായ യു.ഡി.എഫ് വിജയമാകട്ടെ എല്ലാ ജാതി മത ശക്തികളും വിദേശ മദ്യവും ചേര്‍ന്നപ്പോള്‍ സംഭവിച്ചതാണ്.' ബാബു എം പാലിശ്ശേരിക്ക് കണക്ക് വേറെയുണ്ട്: 'കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പിറവത്ത് യു.ഡി.എഫ് ഭൂരിപക്ഷം 16,000 ആയിരുന്നു. ഇപ്പോള്‍ 12,000 ആയി. അഥവ തോറ്റു.' തെരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് അതല്ലല്ലോ എന്ന് കെ. ശിവദാസന്‍നായര്‍ എതിര്‍ത്തിട്ടും പാലിശ്ശേരി വിട്ടില്ല. കെ. അജിത് ഈ ന്യായങ്ങളെ ഒന്നുകൂടി കാല്‍പനികമാക്കി: 'മുവാറ്റുപുഴയാറിലെ വെള്ളത്തില്‍ നിറമുള്ളതും അല്ലാത്തതും ചേര്‍ത്താണ് വോട്ടുണ്ടാക്കിയത്. ഈ വിജയത്തിന്റെ ക്രഡിറ്റ് എക്‌സൈസ് വകുപ്പിനാണ്.' കെ. കുഞ്ഞിരാമന്‍ ഉദുമ സ്വന്തം നിലയില്‍ തെളിവ് നല്‍കി: 'പിറവത്ത് ഒരിടത്ത് റോഡരികില്‍ നില്‍ക്കുമ്പോള്‍ എനിക്ക് 1000 രൂപ തന്നു. അത് മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കും.' എല്ലായിടത്തും തോല്‍ക്കുന്നതിനിടെ പിറവത്ത് ജയിച്ചതിന് ഉമ്മന്‍ചാണ്ടിക്ക് സോണിയ നന്ദി പറയുന്നുണ്ടെന്ന് ജമീല പ്രകാശം വെളിപ്പെടുത്തി. ഒടുവില്‍ സംസാരിച്ച എം.എ ബേബി ഈ വ്യാഖ്യാനങ്ങളെല്ലാം ശരിവച്ചതോടെ പിറവത്തെ ഇടതുവിജയത്തിന് കേന്ദ്രകമ്മിറ്റി അംഗീകാരവുമായി.

മറുഭാഗത്ത് വ്യാഖ്യാന ശേഷിയുള്ള സൈദ്ധാന്തികരൊന്നുമില്ല. ഏറ്റവും മൂത്ത നേതാവ് രമേശ് ചെന്നിത്തലക്ക് പോലും വെല്ലുവിളിയിലാണ് താല്‍പര്യം: 'ഇനി നെയ്യാറ്റിന്‍കരയില്‍ കാണാം. പിറവം പ്രതിപക്ഷത്തിനുള്ള താക്കീതും സര്‍ക്കാറിനുള്ള അംഗീകാരവുമാണ്.' പിറവത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിയെ വി.എസ് പറഞ്ഞതിന്റെ ദേഷ്യം തീര്‍ത്തു ഷാഫി പറമ്പില്‍: ഈ ഭൂരിപക്ഷമാണ് മുടന്തുന്ന യാഗാശ്വമെങ്കില്‍ ഞങ്ങള്‍ക്ക് അതുമതി. നെയ്യാറ്റിന്‍കരയില്‍ ഇടതുകുതിരയുടെ രണ്ടുകാലും മുടന്തും. ഇനി കാവിലെ പാട്ടുമല്‍സരത്തിന് കാണാമെന്ന് പറയുകയാണ് നല്ലത്.' ബജറ്റ് പിറവത്തിന് മുമ്പായിരുന്നെങ്കില്‍ ഭൂരിപക്ഷം രണ്ടിരട്ടി കൂടിയേനെ എന്ന് അന്‍വര്‍ സാദത്ത് സ്വപ്‌നം കണ്ടു. ഇപ്പോള്‍ കിട്ടിയ ഭൂരിപക്ഷം തന്നെ മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 80 ഇരട്ടിയാണെന്ന് തോമസ് ഉണ്ണിയാനും. വഞ്ചി മുങ്ങുമ്പോള്‍ ആളെ പുറത്തിടുന്ന പാര്‍ട്ടി പരിപാടി പ്രകാരം ഇ.പി ജയരാജനെ ശിക്ഷിക്കരുതെന്ന് കെ.എന്‍.എ ഖാദര്‍ അഭ്യര്‍ഥിച്ചു. കെ. ശിവദാസന്‍ നായര്‍ക്കുമുണ്ടയിരുന്നു ഒരപേക്ഷ: 'നെയ്യാറ്റിന്‍കരയിലും ഇ.പി തന്നെ നയിക്കണം. അതിന്റെ ഗുണം കിട്ടും. പിറവത്ത് ഇത്ര ഭൂരിപക്ഷം തന്നത് ജയരാജനാണ്.'

ഈവക സൈദ്ധാന്തിക കാര്യങ്ങളിലൊന്നും താല്‍പര്യമില്ലാത്തതിനാല്‍ പി.കെ ബഷീര്‍ എല്ലാം നേരിട്ടങ്ങ് പറഞ്ഞു: ശെല്‍വരാജിനെ നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കണം. ലോകത്ത് എളുപ്പം വിലക്ക് വാങ്ങാവുന്ന സാധനം സി.പി.എം അംഗങ്ങളാണ്. ശിവന്‍കുട്ടിക്ക് എത്ര വേണമെന്ന് പറയൂ. ബാക്കി നമുക്ക് നോക്കാം. അപ്പുറത്തുള്ള ആരും ഇപ്പോള്‍ ഇങ്ങോട്ട് വരും. വി.എസ് തന്നെ ഇവിടേക്ക് വരുമോ എന്നാണ് എന്റെ പേടി.' ഈ പോക്കുവരവില്‍ ചെറിയൊരു പേടിയും ജാഗ്രതയും നല്ലതാണ്. കുഞ്ഞാലിക്കുട്ടി തന്നെ കോടിയരിക്കൊപ്പം പോയാലും വിവരം കിട്ടാതെ വരരുതല്ലോ?
(22...03....12)

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND) തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ...