Saturday, March 24, 2012

സ്വാശ്രയം: കുറഞ്ഞ ഫീസ് ഇല്ലാതാകുന്നു



തിരുവനന്തപുരം: കേരളത്തിലെ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ കുറഞ്ഞ ഫീസ് എന്ന സങ്കല്‍പം ഇല്ലാതാകുന്നു. കാത്തോലിക്ക സഭയുടെ കോളജുകളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി യു.ഡി.എഫ് സര്‍ക്കാര്‍ പുതിയ ഫീസ് ഘടനക്ക് സമ്മതിച്ചതാണ് സ്വാശ്രയ വിദ്യാഭ്യാസത്തില്‍ കേരളത്തിന്റെ സവിശേഷതയായി പറയാമായിരുന്ന 'പകുതി സീറ്റില്‍ കുറഞ്ഞ ഫീസ്' ഇല്ലാതാകുന്നത്. മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്‌സുകളില്‍ വന്‍ തോതില്‍ ഫീസ് വര്‍ധനക്കും ഇത് വഴിവക്കും.

ആകെ സീറ്റിന്റെ പകുതി എണ്ണത്തില്‍ പൊതുപ്രവേശ പരീക്ഷാ റാങ്ക് ലിസ്റ്റില്‍ നിന്ന് കുറഞ്ഞ ഫീസില്‍ കുട്ടികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാറിന് അവസരം ലഭിക്കുന്നതാണ് കേരളത്തില്‍ നിലവിലുള്ള രീതി. പകുതി സീറ്റില്‍ ഗവണ്‍മെന്റ് ഫീസ് എന്ന നിലയിലായിരുന്നു ഈ രീതിയുടെ തുടക്കം. ഇതനുസരിച്ച് രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന വാദമുയര്‍ത്തിയാണ് സ്വാശ്രയ കോളജുകള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ എ.കെ ആന്റണി മറികടന്നതും. ക്രമേണ സര്‍ക്കാര്‍ ഫീസ് എന്നത് മാനേജ്‌മെന്റ് ക്വാട്ടയിലെ ഉയര്‍ന്ന ഫീസിനേക്കാള്‍ താരതമ്യേന കുറഞ്ഞ ഫീസ് എന്ന നിലയിലേക്ക് മാറി. ഇപ്പോള്‍ ഇതുകൂടി ഇല്ലാതാകുകയാണ്. അതോടെ സ്വാശ്രയം എല്ലാ വിഭാഗത്തിനും വന്‍ ചിലുള്ള മേഖലയാകും. ഇതിന് തുടക്കമിടുന്നതാണ് കത്തോലിക്ക സഭയുടെ കീഴിലെ മെഡിക്കല്‍, എന്‍ജിനീയറിംഗ് കോളജുകളുമായുണ്ടാക്കിയ ധാരണ. എല്ലാ സീറ്റിലും ഉയര്‍ന്ന നിരക്കില്‍ ഒരേ ഫീസ് അനുവദിച്ചുകൊണ്ടാണ് സര്‍ക്കാര്‍ കരാറിലേക്ക് നീങ്ങുന്നത്.

ക്രോസ് സബ്‌സിഡിയായി കണക്കാക്കാവുന്ന പകുതി സീറ്റിലെ കുറഞ്ഞ ഫീസ് രീതി  കാത്തോലിക്ക സഭ അംഗീകരിക്കുന്നില്ല. ഇതേചൊല്ലിയാണ് കഴിഞ്ഞ ഇടതുസര്‍ക്കാറുമായി ഇവര്‍ തെറ്റിപ്പിരിഞ്ഞ് സ്വന്തം നിലയില്‍ പ്രവേശം നടത്തി വന്നത്. എന്നാല്‍ ഭൂരിഭാഗം മെഡിക്കല്‍, എന്‍ജിനീയറിംഗ് കോളജുകളും കുറഞ്ഞ ഫീസിന് സര്‍ക്കാറുമായി സഹകരിക്കാന്‍ സന്നദ്ധമാകുകയും കരാറിലെത്തുകയും ചെയ്തു. അഞ്ചുവര്‍ഷമായി ഇതാണ് തുടരുന്നത്. മെഡിക്കലിലും എന്‍ജിനീയറിംഗിലും കുറഞ്ഞ ഫീസില്‍ സീറ്റ് വിട്ടുകൊടുക്കാന്‍ ഈ കോളജുകള്‍ ഈ വര്‍ഷവും തയാറാണ്. ഈ രീതിയിലലെ ഫീസിന് എന്‍ജിനീയറിംഗ് കോളജുകളുമായി ധാരണയില്‍ എത്തിയ ശേഷമാണ് ക്രിസ്ത്യന്‍ കോളജുകള്‍ക്ക് ഏകീകൃത ഫീസ് സമ്മതിച്ചുകൊടുക്കുന്നത്.

സര്‍ക്കാറിന്റെ ഈ തീരുമാനത്തോടെ എന്‍ജിനീയറിംഗിലും മെഡിക്കലിലും കുറഞ്ഞ ഫീസ് വാങ്ങുന്ന കോളജുകള്‍ അവരുടെ നിലപാടില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം മുതല്‍ കത്തോലിക്ക സഭയുടെ മാതൃകയിലേക്ക് മാറുമെന്ന് എന്‍ജിനീയറിംഗ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി. ഈ വര്‍ഷത്തെ ഫീസ് നേരത്തേ ധാരണയായതിനാല്‍ അതില്‍ മാറ്റം വരുത്താനിടയില്ല. എന്നാല്‍ അതും പുനപരിശോധിക്കാന്‍ ചില കോളജുകള്‍ ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാറുമായി സഹകരിച്ചുവന്ന മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനിലും രണ്ടഭിപ്രായമുയര്‍ന്നിട്ടുണ്ട്. എം.ഇ.എസ് അടക്കം ഒരു വിഭാഗം കുറഞ്ഞ ഫീസ് രീതിയെ അനുകൂലിക്കുന്നുണ്ട്. മറുഭാഗം കത്തോലിക്ക സഭയുടെ മോഡലും. എന്നാല്‍ കുറഞ്ഞ ഫീസ് നിശ്ചയിച്ചാല്‍ തന്നെ മൊത്തം ഫീസായി ക്രിസ്ത്യന്‍ കോളജുകള്‍ക്ക് ലഭിക്കുന്ന അത്രയും തുക കിട്ടുന്ന തരത്തിലുള്ള ഘടനയാകും അംഗീകരിക്കുക എന്നാണ് അസോസിയേഷനുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.

ഫലത്തില്‍ എന്‍ജിനീറയിംഗിലും മെഡിക്കലിലും കുറഞ്ഞ ഫീസ് എന്ന തത്വം ഇതോടെ ഇല്ലാതാകും. ഏകീകൃത ഫീസിന് പകരമായി ഏതാനും സീറ്റില്‍ സ്‌കോളര്‍ഷിപ്പാണ് കാത്തോലിക്ക കോളജുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച ബദല്‍ രീതി. ഏത് രീതി നടപ്പായാലും ഇടത്തരം സാമ്പത്തിക ശേഷിയുള്ളവര്‍ക്കുപോലും സര്‍ക്കാര്‍ സീറ്റില്‍ താങ്ങാവുന്ന ഫീസ് നല്‍കി പ~ിക്കുക പ്രയാസകരമായിരിക്കും. ക്രിസ്ത്യന്‍ കോളജുകളെ സര്‍ക്കാറുമായി സഹകരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരമൊരു രീതിയിലേക്ക് കേരളം മാറുന്നത്. സര്‍ക്കാറുമായി സഹകരിക്കാത്തതിനാല്‍ പൊതുസമൂഹത്തില്‍ നേരിട്ടിരുന്ന വിമര്‍ശം മറികടക്കാന്‍ ഇതിലൂടെ കത്തോലിക്ക സഭാ കോളജുകള്‍ക്ക് സാധിക്കുകയും ചെയ്യും.
(24....03....12)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...