മസ്‌കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ്, മരണമുഖത്തുനിന്ന് തിരിച്ചുവന്ന യുവാവിന് മുപ്പത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടപരിഹാരം. അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും വിമുക്തനാകാത്ത ഇയാള്‍ ശാരീരിക അവശതകള്‍ കാരണം ജോലിചെയ്യാന്‍ പറ്റാതിരിക്കുകയാണ്. ഇതിനിടെയാണ് കൊച്ചിയിലെ വാടക വീട്ടിലേക്ക് ഈ ആശ്വാസ വാര്‍ത്തയെത്തുന്നത്. കൊച്ചി ടാറ്റാപുരത്ത് കാനാട്ടില്‍ പറമ്പില്‍ മനാഫി(32)നാണ് ഒമാന്‍ കോടതിയില്‍ നിന്ന് അപ്രതീക്ഷിത തുക നഷ്ടപരിഹാരമായി ലഭിച്ചത്. കൊച്ചിയില്‍ ഹൈക്കോടതിക്ക് പിറകില്‍ വാടക വീട്ടിലാണ് ഇപ്പോള്‍ ഇയാളും കുടുംബവും താമസിക്കുന്നത്.
ഉപ്പയും ഉമ്മയുമടക്കം ഉറ്റവരാരുമില്ലാത്ത മനാഫിനെ ഭാര്യാസഹോദരന്‍ ഫിര്‍സാദാണ് ഒമാനിലേക്ക് കൊണ്ടുവന്നത്. ഗ്രാന്റ്മാളിലെ റഷ്യന്‍ കിച്ചണില്‍ ഡലിവറി ബോയ് ആയി ജോലി കിട്ടി. ശമ്പളം 100 റിയാല്‍. ഇവിടെ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ സെപ്തംബറിലായിരുന്നു അപകടം. അല്‍ഖൂറിലെ ട്രാഫിക് സിഗ്‌നലില്‍ നില്‍ക്കേ വാഹനം പിറകില്‍ നിന്ന് വന്നിടിക്കുകയായിരുന്നു. അതിഗുരുതാരവസ്ഥയിലായ ഇയാളുടെ അപകട വിവരം ഫിര്‍സാദും സുഹൃത്തുക്കളും അറിഞ്ഞത് പിറ്റേന്നാണ്. കരള്‍ മുറിഞ്ഞുപോകകുയും രക്തസമ്മര്‍ദം കുറയുകയും ചെയ്ത്, ഡോക്ടര്‍മാര്‍ കൈയ്യൊഴിഞ്ഞ നിലയിലലായിരുന്നു അപ്പോള്‍. പ്രവാസികള്‍ ദാനം ചെയ്ത 55 യൂണിറ്റ് രക്തമാണ് അന്ന് ഇയാളുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായത്. അപകടനില തരണം ചെയ്ത് ഏറെക്കുറെ രക്ഷപ്പെടുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ വൃക്ക പ്രവര്‍ത്തനം തകരാറിലായി. ഇതോടെ വീണ്ടും അപകടാവസ്ഥയിലേക്ക് മാറി.
വിദഗ്ദ ചികില്‍സക്ക് നാട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍മാര്‍ വരെ പറഞ്ഞിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രയാസങ്ങള്‍ അതിനനുവദിച്ചില്ല. ഒടുവില്‍ ഇവിടെ തന്നെ ചികില്‍സ തുടര്‍ന്നു. ഡിസംബര്‍ വരെ ഇവിടെ ആശുപത്രിയില്‍ കഴിഞ്ഞ മനാഫിനെ നില മെച്ചപ്പെട്ടപ്പോള്‍ നാട്ടിലേക്ക് മാറ്റി. നാട്ടില്‍ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ വീണ്ടും ചികില്‍സ. കഴഞ്ഞ മാര്‍ച്ച് പകുതി വരെ ആശുപത്രിയില്‍ കഴിഞ്ഞു. പിന്നീട് പുറത്തിറങ്ങി ജോലിക്ക് ശ്രമിച്ചു. നേരത്തേ ഒരു ജഡ്ജിയുടെ ഡ്രൈവറായിരുന്നു ഇയാള്‍. വീണ്ടും ഡ്രൈവറായി തന്നെ തുടങ്ങി. പക്ഷെ, അപകടത്തിന്റെ ശേഷിപ്പുകള്‍ അതിനനുവദിച്ചില്ല. കാലില്‍ നീരുവന്ന് വാഹനം ഓടിക്കാന്‍ കഴിയാതായി. വീണ്ടും ചികില്‍സയിലേക്ക് മടങ്ങി. മൂത്രത്തില്‍ ഇപ്പോഴും രക്തത്തിന്റെ അംശങ്ങള്‍ കണ്ടുവരുന്നുണ്ട്. വണ്ടി ഓടിക്കാന്‍കൂടി കഴിയാതായതോടെ വീട്ടില്‍ നിസ്സഹായനായി കഴിയുകയാണ് മനാഫ്. ഫിര്‍സാദ് നല്‍കുന്ന സഹായമാണ് ഭാര്യ സജീനയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തെ നിലനിര്‍ത്തുന്നത്. ഈ ദുരിത ജീവിതത്തിലേക്കാണ് ഇപ്പോള്‍ ഒമാനില്‍ നിന്ന് അപ്രതീക്ഷിത സഹായമെത്തുന്നത്.
(09..07..13)
No comments:
Post a Comment