Tuesday, July 9, 2013

നാടുകാണാത്ത ദശാബ്ദത്തിനറുതി; സോമന് നാട്ടിലേക്ക് വഴിതുറക്കുന്നു

മസ്‌കത്ത്: പത്ത് വര്‍ഷം നാടുകാണാന്‍ കഴിയാതെ മസ്‌കത്തില്‍ കുടുങ്ങിയ മലയാളി, പ്രവാസ ജീവിതം സമ്മാനിച്ച കൊടുംദുരിതങ്ങളുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്നു. കൂടെ കൊണ്ടുപോകാന്‍ കണ്ണീരുവറ്റിയ ജീവിതവും തീരാരോഗങ്ങളും മാത്രം. വിയര്‍പ്പിന്റെ വില കവര്‍ന്നെടുത്ത സ്‌പോണ്‍സര്‍ക്ക് സമ്പാദ്യമത്രയും വിട്ടുകൊടുത്ത്, വെറും കൈയോടെയാണ് ഈ മടക്കം. മടങ്ങിച്ചെല്ലുന്നതാകട്ടെ അമ്മയും ചേട്ടനുമടക്കം ഉറ്റവര്‍ പലരുമില്ലാത്ത നാട്ടിലേക്കും. മാവേലിക്കരക്കടുത്ത് കോട്ടപ്പുറത്ത് മലയില്‍ സോമനാണ് വഞ്ചനയുടെയും പീഢനങ്ങളുടെയും രോഗങ്ങളുടെയും ദാരിദ്ര്യത്തിന്റെയും അസമാനമായ ദുരനുഭവങ്ങളില്‍ നിന്ന് മോചിതനാകുന്നത്. മാവേലിക്കരയില്‍ എവിടെയാണ് വീടെന്ന ചോദ്യത്തിന് ഓര്‍മയില്‍ പരതി സോമന്‍ നിശ്ശബ്ദനായി. കൈവിട്ടുപോകുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ പിന്നെ നിസ്സഹായതയുടെ നെടുവീര്‍പ്. നിശബ്ദമായ ഈ നിലവിളിയിലുണ്ടായിരുന്നു അനുഭവങ്ങളുടെ മുറിവും മൂര്‍ച്ചയും. ശമ്പളയിനത്തിലും അല്ലാതെയും കിട്ടാനുള്ള ലക്ഷങ്ങളും പ്രാഥമിക കോടതി അനുവദിച്ച നഷ്ടപരിഹാരവും എല്ലാം ഇയാള്‍ ഇവിടെ ഉപേക്ഷിക്കുകയാണ്. അത് കിട്ടുംവരെ കാത്തുനില്‍ക്കാന്‍ വയ്യ. പലവട്ടം മരണം മുന്നില്‍കണ്ട ജീവിതം, അതുകിട്ടുന്ന ദിവസം വരെ നീങ്ങിയെത്തുമെന്ന പ്രതീക്ഷയുമില്ല. അതോടെ എല്ലാ കേസും പിന്‍വലിച്ച് മങ്ങുകയാണ്. യാത്രക്കുള്ള നടപടികള്‍ പൂര്‍ത്തിയായി. നാളെ വിമാനം കയറാമെന്ന് എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിച്ച സന്തോഷത്തിലാണ് ഇയാളിപ്പോള്‍.

ഇരുപത് വര്‍ഷമായി മസ്‌കത്തില്‍ കഴിയുന്ന സോമന്‍, 2003 ജൂണില്‍ ആണ് ഇപ്പോഴത്തെ സ്‌പോണ്‍സറുടെ കീഴില്‍ റൂവി ഹോണ്ട റോഡില്‍ കോഫിഷോപ്പ് ഏറ്റെടുത്ത് നടത്താനെത്തുന്നത്. മൂത്ത മകള്‍ സ്വപ്‌നയുടെ വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസമായിരുന്നു ഈ വരവ്. സ്ഥാപനം ലഭിക്കന്‍ 2000 റിയാല്‍ നല്‍കി. മാസവാടക 120 റിയാല്‍. സ്‌പോണ്‍സര്‍ ഫീ 100 റിയാല്‍. കടയുടെ ലാഭമെല്ലാം സൗജന്യ ഭക്ഷണം വഴി സ്‌പോണ്‍സറുും സുഹൃത്തുക്കളും കൈാണ്ടുപോയി. ഒരു പങ്കാളിയെ കണ്ടെത്തിയിട്ടും രക്ഷപ്പെട്ടില്ല. ഒടുവില്‍ 7000 റിയാല്‍ നഷ്ടത്തിന് കട വിറ്റു. അതില്‍ നിന്ന് കിട്ടിയ 3250 റിയാല്‍ സ്‌പോണ്‍സര്‍ കൈക്കലാക്കി. പണം തിരിച്ചുചോദിച്ചപ്പോള്‍ സോമനെ മുറിയില്‍ പൂട്ടിയിട്ടു. ഒരുനേരത്തെ ഭക്ഷണം കൊടുത്ത്, 15 ദിസത്തെ വീട്ടുതടങ്കല്‍.

ഒടുവില്‍ പണത്തിന് പകരം സ്‌പോണ്‍സറുടെ കെട്ടിടത്തില്‍ 50 റിയാലിന് മുറി വാടകക്കെടുത്ത്, താല്‍ക്കാലിക ഒത്തുതീര്‍പ്പുണ്ടാക്കി. അതില്‍ മെയിന്റനന്‍സ് കമ്പനി നടത്തിയതോടെ വീണ്ടും ജീവിതം രക്ഷപ്പെടുമെന്നായി. മകളുടെ കല്ല്യാണത്തിന്റെ കടവും മസ്‌കത്തിലെ കച്ചവടത്തിന്റെ കടങ്ങളും ഒരു വിധം തീരുമെന്നായ ഘട്ടത്തില്‍ സ്‌പോണ്‍സര്‍ വീണ്ടും ഇടപെട്ടു. അയാളൊരു കെട്ടിടം മെയിന്റനന്‍സിന് പറഞ്ഞുവിട്ടു. കോണ്‍ക്രീറ്റ് കഴിഞ്ഞതുമുതല്‍ ശമ്പളം നല്‍കാതായി. പിന്നെയും ആറുമാസം അവിടെ ശമ്പളമില്ലാതെ ജോലി ചെയ്തു. പണം തന്നില്ലെങ്കിലും സ്‌പോണ്‍സറെ മാറ്റാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി സോമന്‍ അയാളെ സമീപിച്ചു. അധ്യകപനായ മറ്റൊരറബിയെ സ്‌പോണ്‍സര്‍ഷിപ്പിനായി കണ്ടെത്തുകയും ചെയ്തു. അയാളും ഏറെ ശ്രമിച്ചെങ്കിലും പഴയ സ്‌പോണ്‍സര്‍ വഴങ്ങിയില്ല. ഒടുവില്‍ കേസ് കൊടുത്തു. ലേബര്‍കോടതിയില്‍ വ്യാജ ശമ്പള ബില്ലുമായി സ്‌പോണ്‍സര്‍ വന്നു. ഇത് കണ്ടെത്തിയതോടെ കേസ് കോടതിയിലെത്തി. 2000 റിയാല്‍ കുടിശികയും ലേബര്‍ കാര്‍ഡ്, കോടതി എന്നിവയുടെ ചിലവും നല്‍കാന്‍ പ്രാഥമിക കോടതി വിധിവന്നു. നാല് വര്‍ഷം മുമ്പായിരുന്നു ഈ വിധി. എന്നാല്‍ വിധിക്കെതിരെ സ്‌പോണ്‍സര്‍ മേല്‍കോടതിയെ സമീപിച്ചു. ഇതിനിടെ സ്‌പോണ്‍സറെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ദിനപ്പത്രങ്ങളില്‍ പരസ്യം വന്നു. എന്നിട്ടും സേമാന് രക്ഷയുണ്ടായില്ല.

ഇതിനിടെ പലതരം രോഗങ്ങളാല്‍ സോമന്‍ പലവട്ടം മരണ മുഖത്തെത്തി. കടുത്ത നിരാശയാല്‍ ഒന്നിലേറെ തവണ സ്വയം മരണം വരിക്കാനൊരുങ്ങി. നാട്ടില്‍ അമ്മയും ചേട്ടനും അളിയനും മരണപ്പെട്ടു. രണ്ടാമത്തെ മകള്‍ സിനിയുടെ വിവാഹം കഴിഞ്ഞു. എല്ലാം നിസ്സഹായനായി കടലനിക്കരൈ നോക്കിനില്‍ക്കാനായിരുന്നു ഇയാളുടെ വിധി. പണിപൂര്‍ത്തിയാകാത്ത വീട്ടില്‍ പ~നം കഴിഞ്ഞുനില്‍ക്കുന്ന ഒരു മകള്‍കൂടിയുണ്ട്. രണ്ട് വര്‍ഷത്തോളമായി സോമന് ജോലിയില്ല. അധ്യാപകനായ അറബിയുടെ കെട്ടിടത്തില്‍ താമസിക്കുന്നു. വാടക അറബി ഇളവ് ചെയ്ത് കൊടുത്തു. കൂടെയുള്ള തിരുവനന്തപുരം സ്വദേശി മോഹന്‍ ജോസഫാണ് സോമന് വേണ്ടി എല്ലാം ചെയ്യുന്നത്. പരസഹായമില്ലാതെ പലതും ചെയ്യാന്‍ കഴിയാത്ത വിധം അവശനായ സോമന്റെ കേസുകള്‍ കൈകാര്യം ചെയ്യുന്നതും ഇയാള്‍ തന്നെ.

കേസ് പിന്‍വലിച്ചതായി എഴുതിക്കൊടുത്തും കോടതി അനുവദിച്ച നഷ്ട പരിഹാരം വേണ്ടന്നുവച്ചുമാണ് ഇപ്പോള്‍ മടങ്ങുന്നത്. രേഖയിലില്ലാത്ത 20,000 റിയാല്‍ കിട്ടാനുണ്ടെന്നാണ്‌സോമന്റെ കണക്ക്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയില്ല. രണ്ട് വര്‍ഷമായി ഇതിന് ശ്രമിക്കുന്നു. കഴിഞ്ഞയാഴ്ച എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ അവസാന ഘട്ടത്തില്‍ വീണ്ടും ചില നിയമപ്രശ്‌നങ്ങളില്‍ കുരുങ്ങി. എംബസിയുടെ ഔദ്യോഗിക അഭിഭാഷകനായ അഡ്വ. എം.കെ പ്രസാദാണ് ഇതില്‍ സഹായിച്ചതെന്ന് സോമന്‍ പറയുന്നു. തകര്‍ന്ന ജീവിതം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ മാത്രം ബാക്കിയാക്കിയാണ് ഇപ്പോള്‍ സോമന്‍ നാട്ടിലേക്ക് മടങ്ങുന്നത്.

(8..7..13)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...