Monday, July 8, 2013

ജാഫര്‍ ഭായിയുടെ ചായയും നെയ്യപ്പവും ഇനിമധുരമുള്ള ഓര്‍മ


മസ്‌കത്ത്: കൊടും ചൂടിലും കടുത്ത തണുപ്പിലും അലിയാത്ത മധുരമായിരുന്നു ജാഫര്‍ ഭായിയുടെ ജീവിതം. മസ്‌കത്തിലെ സങ്കീര്‍ണമായ നടവഴികളിലൂടെ കൈയില്‍ തുണിസഞ്ചി തൂക്കി പുഞ്ചിരി വിതറി കടന്നുപോയ ഒരു വൃദ്ധന്‍. ചായയും നാടന്‍ പലഹാരങ്ങളുമായി പ്രവാസികളുടെ പലതലമുറകളെ ഊട്ടിയ ഈ തമിഴ്‌നാട്ടുകാരന്‍ സൗമ്യതയുടെയും സ്‌നേഹത്തിന്റെയും ക~ിനാധ്വാനത്തിന്റെയും ഇന്ത്യന്‍ അടയാളമായിരുന്നു. നാല് പതിറ്റാണ്ട് തികയാറായ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇപ്പോള്‍ ജന്മനാട്ടിലേക്ക് മടങ്ങുകയാണിയാള്‍.
മത്രയിലെ ഒമാന്‍ ഹൌസ് മുതല്‍  ദാര്‌സൈറ്റ് റോഡിലൂടെ ഇരുകയ്യിലും തുണിസഞ്ചി തൂക്കി രാവിലെയും വൈകുന്നേരവും മുടങ്ങാതെയെത്തുന്ന ആശ്വാസമായിരുന്നു ജാഫര്‍ ഭായി. രാവിലെയാണെങ്കില്‍ സഞ്ചിയില്‍ ചായക്കൊപ്പം സാന്‍ഡ്‌വിച്ചും ബര്‍ഗറുമുണ്ടാകും. ആ നടപ്പ് രാവിലെ ഒമ്പത് മുതല്‍ 11 വരെയാണ്. വൈകീട്ട് 5 മണി മുതല്‍ 7 മണിവരെ സമയത്ത് കണ്ടുമുട്ടിയാല്‍ സഞ്ചിയില്‍ നിന്ന് നാടന്‍ ഉഴുന്ന് വടയും പരിപ്പുവടയും നെയ്യപ്പവും കിട്ടും. ഇവിടെയുണ്ടെങ്കില്‍ ഒരുദിവസം പോലും മുടങ്ങാതെ ആ കാല്‍നടവണ്ടി ഓഫീസുകളിലെത്തും. അയാളെ കാത്തുനില്‍ക്കാനും നുറുകണക്കിനാളുകളുണ്ട്. സ്ത്രീകളും കുട്ടികളും വി.ഐ.പികളും മുതല്‍ സാധാരണ തൊഴിലാളികള്‍ വരെ ആ വരിയിലുണ്ടാകും. ദാര്‍സൈറ്റിലെ ജെറ്റ് ഫുഡ്സ്റ്റഫ് കോള്‍ഡ് സ്‌റ്റോര്‍, അബ്ദുല്‍ ഫത്താഹ്,മൊഹമ്മദ് നൂര്‍ എന്നീ കമ്പനികളിലെ 150 ഓളം ജീവനക്കാര്‍ക്കാകട്ടെ അവരുടെ അന്നദതാവാണിത്. അതുകൊണ്ട് തന്നെയാണ് ഇവര്‍ ചേര്‍ന്ന് ജാഫര്‍ ഭായിക്ക് ഹൃദ്യമായ യാത്രയയപ്പ് നല്‍കിയതും. 18 കൊല്ലമായി തുടരുന്ന കാല്‍നടയാത്രക്കാണ് ഇവരിവിടെ ബൈ പറഞ്ഞത്.
1975ല്‍ ആണ് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ വലുവതൂര്‍ സ്വദേശി കെ.എ ജാഫര്‍ മസ്‌കത്തിലെത്തുന്നത്. സഹോദരീ ഭര്‍ത്താവു നല്കിയ വിസയിലായിരുന്നു ഈ വരവ്. മസ്‌കത്തില്‍ അറേബ്യന്‍ കോണ്ട്രാക്ടിംഗ് കമ്പനിയില്‍ ജോലി. തുടക്ക ശമ്പളം 30 റിയാല്‍. ഏറെ പ്രയാസകരമായിരുന്നുവെങ്കിലും ആറുവര്‍ഷം അവിടെ ജോലിയില്‍ തുടര്‍ന്നു. പിന്നീട് ബഹലയില്‍ ഹോട്ടല്‍ ജീവനക്കാരനായി. ശമ്പളം 90 റിയാല്‍. അതിനും വഴി തുറന്നത് സഹോദരി ഭര്‍ത്താവ് തന്നെ. ഇവിടെ ആറുവര്‍ഷം തികച്ചു. ഇതിനിടെ അളിയന്‍ വാഹനാപകടത്തില്‍ മരിച്ചതോടെ ആ ജോലി വിട്ടു. പിന്നെ റൂവിയിലെ അംബാസഡര്‍ ഹോട്ടലില്‍ ജോലി നോക്കി. അവിടെയും ആറുവര്‍ഷം.
ഇതിനിടെ ഒമാന്‍ ഹൌസിനടുത്ത് ചായക്കട തുടങ്ങി. ഒമാനിലെ അന്നത്തെ പ്രമുഖ ബാങ്കുകളായിരുന്ന  അറബ് ബാങ്ക്, ഇറാന്‍ ബാങ്ക്, അബുദാബി ബാങ്ക്, ത്രീ സ്റ്റാര്‍ എന്നിവയുടെ കേന്ദ്രമായിരുന്നു ഒമാന്‍ഹൗസ്. ഇത് കച്ചവടത്തിനും സഹായകരമായി. പക്ഷെ രണ്ട് കൊല്ലത്തിനകം ഈ സ്ഥാപനങ്ങളെല്ലാം ഇവിടം വിട്ടതോടെ ജാഫര്‍ ഭായിയുടെ കടയും പ്രതിസന്ധിയിലായി. ഇതോടെയാരംഭിച്ച പുതിയ ജോലിക്കായുള്ള അന്വേഷണത്തിനിടെയാണ് ചായക്കച്ചവടം എന്ന ആശയമുദിക്കുന്നത്. അന്നുതുടങ്ങിയതാണ് ഈ നടപ്പ്. അത് 18 കൊല്ലം തുടര്‍ന്നു. രാജ്യാതിര്‍ത്തികള്‍ കടന്നുവന്ന പല ദേശക്കാരുടെ രുചിഭേദങ്ങളെ ഈ ഇന്ത്യന്‍ കരങ്ങള്‍ തൃപ്തിപ്പെടുത്തി.
ഒമാനിന്റെ പരിവര്‍ത്തനങ്ങള്‍ അതിശന്‍ാപ്പം നടന്നുകണ്ട ഇന്ത്യക്കാരനായിരുന്നു ജാഫര്‍. ഇതിനിടെ പലതരം ആളുകളെ കണ്ടു. ചിലര്‍ ചീത്ത വിളിച്ചു. ചിലര്‍ സാഹയിച്ചു. ചിലര്‍ സഹകരിച്ചു. ചിലര്‍ പറ്റിച്ചു. എന്നാലും ആരോടും പരാതിയോ പരിഭവവമോ ഇയാള്‍ക്കില്ല. എല്ലാവരോടും പുഞ്ചിരിച്ച് ആ സൗമ്യത കാലത്തിന്റെ ചൂടും തണുപ്പും അതിജീവിച്ചു. ഈ ജീവിതം പക്ഷെ ജാഫറിനെ നിരാശനാക്കിയില്ല. സ്ഥലം വാങ്ങി, വീട് വെച്ചു. മൂന്ന് കുട്ടികളെ പ~ിപ്പിച്ചു. മൂത്തമകന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, രണ്ടാമന്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍. അടുത്തയാള്‍ പ്ലസ് ടു വിദ്യാര്‍ഥി. ഇനി ഒരാഗ്രഹമേയുള്ളു ബാക്കി: ഭാര്യയുമായി ഹജ്ജിനു പോകണം. അതുകഴിഞ്ഞാല്‍ കുടുംബത്തോടൊന്നിച്ചു കഴിയണം. എഴാം തിയതി രാത്രി പതിനൊന്നു മണിക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്കു യാത്രയാവും. ഏറെ നാളത്തെ സൗഹൃദത്തിന്റെ ഓര്‍മക്കായി അബ്ദുള്‍ ഫതഹ് കമ്പനിയിലെയും ജെറ്റ് കോള്‍ഡ് സ്‌റ്റോറിലെയും ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. വര്‍ഗീസ്, റിയാസ്, അഷ്‌റഫ് വാദി ഹത്താത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

(gulf madhyamam 1...07...13)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...