Tuesday, July 9, 2013

റമദാന്‍ വിപണിയില്‍ തിരക്കിന്റെ രണ്ടാം ഘട്ടം


മസ്‌കത്ത്: ഒമാനിന്റെ ഭക്ഷ്യ ഭക്ഷ്യേതര വിപണി റമദാന്‍ തിരക്കിന്റെ രണ്ടാം ഘട്ടത്തിലേക്ക്. നോമ്പുകാലം അടുത്തെത്തിയതോടെ ഭക്ഷ്യ സാധനങ്ങളുടെ വില്‍പനയിലേക്ക് വിപണി മാറിക്കഴിഞ്ഞു. റമദാന്‍ ആരംഭം ജൂലൈ പത്തിനാണെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളില്‍ വിപണിയില്‍ അഭൂതപൂര്‍വമായ തിരക്കാണനുഭവപ്പെട്ടത്.

റമദാന്‍ വ്യാപരം മൂന്ന് ഘട്ടങ്ങളിലായാണ് വിപണിയില്‍ നടക്കുന്നത്. നോമ്പ് തുടങ്ങുന്നതിന്റെ പത്ത് ദിവസം മുമ്പ് തന്നെ ഇതാരംഭിക്കും. വീട്ടുസാധനങ്ങളും മറ്റുമാണ് ഈ ഘട്ടത്തില്‍ ഏറ്റവുമേറെ വിറ്റുപോകുന്നത്. എല്ലാവര്‍ഷവും ഇക്കാലയവളില്‍ മറ്റ് സമയങ്ങളുള്ളതിനേക്കാള്‍ ഏതാണ്ട് ഇരട്ടി വ്യാപാരമാണ് ഈ സാധനങ്ങള്‍ക്കുണ്ടാകുക. അത് ഇക്കൊല്ലവും നടന്നതായി ഒമാനിലെ പ്രമുഖ വ്യാപാരികള്‍ പറയുന്നു. നോമ്പ് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള ആഴ്ചയിലാണ് ഭക്ഷ്യ സാധനങ്ങളുടെ വില്‍പന നടക്കുക. മറ്റ് കാലയളവിലുള്ളതിന്റെ രണ്ടിരട്ടി വരെ കച്ചവടം ഈ സമയത്ത് നടക്കും. പഴം, പച്ചക്കറികള്‍, ഇറച്ചി, ഭക്ഷ്യ സാധനങ്ങള്‍ എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുക.

ഈ വ്യാപാരം മുന്നില്‍ കണ്ട് ഹൈപ്പര്‍മാര്‍ക്കറ്റുകളും മാളുകളും ചെറുകിട കടകളുമെല്ലാം കൂടുതല്‍ സ്‌റ്റോക്ക് എത്തിച്ചുകഴിഞ്ഞു. സാധാരണ മാസങ്ങളില്‍ വരുന്നതിന്റെ ഇരട്ടി സാധനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. രണ്ട് മാസം മുമ്പ് ഇതിന്റെ ഒരുക്കങ്ങളും സാധന ശേഖരണവും ആരംഭിച്ചിരുന്നതായി മാര്‍സ് ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ നവീജ് വിനോദ് പറഞ്ഞു. വിവിധ രാജ്യങ്ങളിലായുള്ള 89 സംഭരണ കേന്ദ്രങ്ങളില്‍ നിന്നും കൂടുതല്‍ സാധനങ്ങള്‍ എത്തിച്ചിട്ടുണ്ട്. തദ്ദേശീയ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിലും വന്‍തോതില്‍ വര്‍ധന വരുത്തിയതായും അദ്ദേഹം പറഞ്ഞു. എല്ലാ ചെറുകിട^വന്‍കിട സ്ഥാപനങ്ങളും ഏറെക്കുറെ ഇതേയളവില്‍ തന്നെ വില്‍പന പ്രതീക്ഷിക്കുന്നുണ്ട്.

വിപണിയില്‍ ആവശ്യം ഏറിയതോടെ വില നിര്‍ണയത്തിലും വലിയ മല്‍സരം നടക്കുന്നുണ്ട്. ഇളവുകളും വാഗ്ദാനങ്ങളുമായി പരമാവധി കച്ചവടം വര്‍ധിപ്പിക്കുന്നത് കടുത്ത മല്‍സരത്തിനാണ് വഴി തുറക്കുന്നത്. ഇത് വിലയുടെ കാര്യത്തില്‍ ഉപഭോക്താവിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലയിടത്തും ആദ്യഘട്ട കച്ചവടത്തിന്റെ ഇളവുകള്‍ കഴിഞ്ഞ ദിവസത്തോടെ പിന്‍വലിച്ചു. അടുത്തത് വൃതാരംഭത്തോടെയുണ്ടാകും.

ഭക്ഷണ സാധനങ്ങളുടെ വില്‍പനയില്‍ വന്‍ വര്‍ധനയാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. അതേസമയം ഇത്തവണ നോമ്പുകാലത്ത് അനുഭവപ്പെടാവുന്ന ചൂട് കണക്കിലെടുത്ത് ശീതശളപാനീയങ്ങളിലാണ് കൂടുതല്‍ കച്ചവടം പ്രതീക്ഷിക്കുന്നത്. വെള്ളവും മറ്റും മുന്‍ റമദാന്‍ കാലങ്ങളേക്കാള്‍ രണ്ടിരട്ടിയെങ്കിലും വില്‍പനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. മറ്റ് സാധനങ്ങള്‍ക്കൊപ്പം ശീതളപാനീയങ്ങള്‍ സൗജന്യം നല്‍കുന്ന പാക്കേജുകള്‍ വരെ ചിലര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മാംസ വിപണിയില്‍ ഇറച്ചിയും കോഴിയുമാണ് ഏറെ വിറ്റഴിക്കപ്പെടുക. മല്‍സ്യക്കച്ചവടത്തില്‍ നേരിയ കുറവ് വരും. എന്നാല്‍ മല്‍സ്യ വിപണിയിലെ ദൗര്‍ലഭ്യം നേരിടാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കരുതല്‍ എടുത്തിരുന്നു. റമദാന്‍ കാലത്ത് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പെടുത്തി മല്‍സ്യവിതരണം കൂടുതല്‍ വ്യാപകമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

(7.7.13)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...